ആരോഗ്യ പരിപാലന രംഗത്ത് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് അഭിമാനിക്കുമ്പോഴും നമ്മുടെ സർക്കാർ ആശുപത്രികളിലെ പ്രത്യേകിച്ച് മെഡിക്കൽ കോളജുകളിലെ അവസ്ഥ അത്ര മെച്ചമാണോ.?

Even though Kerala prides itself on being number one in the country in the field of health care, is the condition of our government hospitals especially medical colleges that much better?

ആരോഗ്യ പരിപാലന രംഗത്ത് കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് അഭിമാനിക്കുമ്പോഴും നമ്മുടെ സർക്കാർ ആശുപത്രികളിലെ പ്രത്യേകിച്ച് മെഡിക്കൽ കോളജുകളിലെ അവസ്ഥ അത്ര മെച്ചമാണോ.? ചികിത്സ സൗകര്യങ്ങളിലെയോ സംവിധാനങ്ങളിലെയോ കാര്യങ്ങളിൽ പുരോഗതി ഉണ്ടായിട്ടുണ്ടാകാം. എന്നാൽ അവിടെ എത്തുന്ന രോഗികളോടും ഒപ്പമുള്ളവരോടുമുള്ള ജീവനക്കാരുടെ പെരുമാറ്റം ആത്മാർത്ഥതയില്ലാത്തതാണ് എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് അടുത്തിടെയായി പുറത്തു വരുന്നത്. അതിൽ ഏറ്റവും ഒടുവിലത്തേതാണ് പ്രസവ ശുശ്രൂഷയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ടി വന്ന കൊല്ലം സ്വദേശിനിയായ യുവതിയുടേത്.

ആലപ്പുഴയിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് അവർക്ക് വേദന അനുഭവപ്പെട്ടത്. തിരികെ കൊല്ലത്ത് പതിവായി കാണിച്ചു കൊണ്ടിരിക്കുന്ന ഡോക്ടറുടെ അടുത്തേക്കോ ആശുപത്രിയിലേക്കോ എത്താനാവില്ല എന്നതുകൊണ്ട് ആദ്യം സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്കാണ് അവർ പോയത്. അവിടെ നടത്തിയ പരിശോധനയിലാണ് പ്രസവത്തിനുള്ള സാധ്യത തെളിയുന്നത്. അവിടെ നവജാത ശിശുവിനെ മതിയായ രീതിയിൽ പരിചരിക്കാനാവത്തതിനാൽ പ്രസവം അതിന് സൗകര്യമുള്ള ആശുപത്രിയിലാക്കണം എന്ന ലക്ഷ്യത്തോടെ അവർ ഈ യുവതിയെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. എന്നാൽ അവിടെ നേരിട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ വ്യക്തമാക്കി യുവതി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ആ മെഡിക്കൽ കോളജിലെ പരിമിതികൾ അക്കമിട്ടു നിരത്തുന്നതാണ് ആ വീഡിയോ.

ഓപ്പറേഷൻ തിയറ്ററിന്റെയും ശുചി മുറികളുടെയും ശോചനീയ അവസ്ഥയും രാത്രിയിൽ ഇവിടെ എത്തുന്ന രോഗികളോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റവുമെല്ലാം യുവതി വീഡിയോയിൽ വിവരിക്കുന്നുണ്ട്. ആതുര ശുശ്രൂഷാ രംഗത്ത് വികസന കുതിപ്പാണെന്ന് നമ്മുടെ സർക്കാർ മേഖലയിൽ അടുത്തിടെ ഉണ്ടായ അടിസ്ഥാന സൗകര്യ വികസനം ചൂണ്ടിക്കാട്ടിയാണ് നമ്മൾ വാദിക്കുന്നത്. എന്നാൽ മോടി കൂട്ടിയ കെട്ടിടങ്ങളിലും സൗകര്യങ്ങളിലും വിരാജിക്കുന്ന ജീവനക്കാരിൽ പലരും ഇപ്പോഴും ഇതിനൊത്തു മാറാത്ത അപരിഷ്കൃതമായ സ്വഭാവത്തോട് കൂടിയവരാണെന്ന ആരോപണത്തിന് അടിവരയിടുന്ന സംഭവമാണിത്.

ആശ്യപത്രികളിൽ ജീവനക്കാർക്ക് നേരെ അതിക്രമമുണ്ടായാൽ പ്രതികരിക്കാൻ സംഘടനകളും കുറ്റക്കാരെ ശിക്ഷിക്കാൻ പഴുതടച്ച കർശന നിയമവുമുണ്ട്. എന്നാൽ അവിടെ എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങൾക്ക് എതിരെ എന്തു നടപടിയാണ് ഉണ്ടാവുക. ഈയടുത്ത കാലത്താണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ഭാര്യയുടെ പ്രസവത്തിനായി എത്തിയ ആദിവാസി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ആക്രമിക്കുകയും പിന്നീട് അയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്. ഇതേ മെഡിക്കൽ കോളജിൽ തന്നെയാണ് പ്രസവത്തിനെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ കത്രിക മറന്നു വച്ച് തുന്നിക്കെട്ടിയത്. അധികൃതരുടെ അനാസ്ഥ തെളിയിക്കുന്ന ഇത്തരം സംഭവങ്ങളിൽ യാഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടും എന്ന് വ്യക്തമാകുന്നത് വരെയും ഈ കെടുകാര്യസ്ഥതകൾ ഇങ്ങനെ തന്നെ തുടരാനിടയുണ്ട്.

തുടരെത്തുടരെയുള്ള ഇത്തരം സംഭവങ്ങളിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നതാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന സംഭവം. ഹെൽത്ത് ടോണിക്കിന് പകരം അലർജിക്കും ചുമക്കും ഉള്ള മരുന്നു മാറി നൽകിയതായിരുന്നു പരാതി. ഇതിനോടനുബന്ധിച്ച് അലർജിയുടെ മരുന്ന് നൽകിയതിനാൽ അപസ്മാരം എന്ന രോഗവും അമലിന് വന്നുചേർന്നു. തലനാരി ഇടയ്ക്കാണ് അമൽ രക്ഷപ്പെട്ടത്. ഡോക്ടറിനെ കാണാൻ ചെന്ന രോഗിക്ക് തുണ്ട് കടലാസിൽ ആയിരുന്നു മരുന്ന് എഴുതി നൽകപ്പെട്ടത്. ഒപ്പിനു കുപ്പി എന്ന നയമാണ് ഇന്നത്തെ ആരോഗ്യ മേഖലകൾ നടന്നുകൊണ്ടിരിക്കുന്നത്. അതായത് അമലിന്റെ ബന്ധുക്കൾ പ്രത്യേക പരിഗണനയ്ക്ക് വേണ്ടി 3500 രൂപയാണ് കൈക്കൂലിയായി എത്തിച്ചത്. ദൈവത്തെപ്പോലെ കാണേണ്ട ഡോക്ടർമാരെ ഇന്ന് യമനായി മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നതാണ് വാസ്തവം. ഗവൺമെന്റ് medical കോളേജുകളിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ മറ്റ് ചിലർക്ക് വേണ്ടി ആണെന്ന് പറഞ്ഞാൽ സംശയിക്കുമോ. ഓരോ മെഡിക്കൽ കോളേജുകളും ഇപ്പോൾ പ്രവർത്തിക്കുന്നത് മറ്റു ചില പ്രൈവറ്റ് ആശുപത്രികൾ പുഷ്ടിക്കാൻ വേണ്ടിയാണ്. മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികളോട് ഇവിടത്തെക്കാളും നല്ല ചികിത്സ തൊട്ടപ്പുറത്തുള്ള പ്രൈവറ്റ് ഹോസ്പിറ്റലുകളിലാണ് എന്ന് പറയുന്ന പ്രവണത. പ്ലസ് ടു കഴിയുന്ന കുട്ടികളെ മാതാപിതാക്കൾ ഉന്തിയും തള്ളിയും എൻട്രൻസിന് അയക്കുന്നു. അവർ അത് പാസായില്ലെങ്കിൽ കോടികൾ നൽകി സീറ്റ് മേടിക്കുന്നു. അപ്പോൾ തീർച്ചയായും പഠിച്ചിറങ്ങുന്ന ഈ കുട്ടി ഡോക്ടറുടെ മനസ്സിൽ മുടക്കിയ മുതൽ തിരിച്ചും പിടിക്കണം എന്നതു മാത്രമാണ്. ഇതിനൊരു അന്ത്യം എന്നാണ്. മനുഷ്യന്റെ ജീവൻ വച്ച് പന്താടുന്ന ഈ വ്യാപാരം എന്ന് അവസാനിക്കും.