അന്താരാഷ്ട്ര ആയുധ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ..

India ranks first in international arms imports.

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ആയുധ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനം ഇക്കുറിയും ഇന്ത്യ നിലനിര്‍ത്തി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയും ഇറക്കുമതി പട്ടികയില്‍ മുന്നിലാണ് രാജ്യം. റഷ്യയില്‍നിന്നാണ് രാജ്യം ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത്. സ്‌റ്റോക്ക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്(സിപ്രി) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2013-17 കാലയളവില്‍ ഇന്ത്യ വിദേശത്തുനിന്ന് വാങ്ങിയ ആയുധശേഖരത്തെ അപേക്ഷിച്ച്‌ കഴിഞ്ഞ നാലു വര്‍ഷത്തെ ഇടപാടില്‍ 11 ശതമാനം ഇടിവുണ്ട്. കഴിഞ്ഞ തവണയും റഷ്യ തന്നെയായിരുന്നു ഇന്ത്യയുടെ പ്രധാന ആയുധ വിതരണക്കാര്‍. 64 ശതമാനം ആയുധമായുരുന്നു വാങ്ങിയിരുന്നത്. ഇത്തവണ 45 ശതമാനമായി കുറഞ്ഞു. ഫ്രാന്‍സാണ് ഇന്ത്യ കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യം.

യു.എസാണ് മൂന്നാം സ്ഥാനത്ത്. 11 ശതമാനമാണ് യു.എസില്‍നിന്നും കൈപ്പറ്റുന്നത്. 1993 മുതല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. പാകിസ്താനുമായും ചൈനയുമായുമുള്ള സംഘര്‍ഷാവസ്ഥ ചൂണ്ടിക്കാട്ടിയാണ് രാജ്യം ഇത്രയും തോതില്‍ ആയുധം ഇറക്കുമതി ചെയ്യുന്നതെന്ന് ‘സിപ്രി” റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയുടെ ആയുധ കയറ്റുമതിയുടെ മൂന്നില്‍ രണ്ടും എത്തുന്നത് ഇന്ത്യയിലേക്കാണ്. 31 ശതമാനം. ചൈനയും ഈജിപ്തുമാണ് രണ്ട് മൂന്ന് സ്ഥാനങ്ങളിലുള്ളത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഫ്രാന്‍സില്‍നിന്ന് 62 യുദ്ധവിമാനങ്ങളും നാല് യുദ്ധക്കപ്പലുകളും ഇന്ത്യ വാങ്ങിയിട്ടുണ്ട്. യു.എസിനു പുറമെ ഇസ്രായേല്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നും ഇന്ത്യ വലിയ തോതില്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.