പാചകവാതക വിലയില്‍ കൈ പൊള്ളിയതോടെ അടുക്കള സജീവമാക്കാന്‍ പഴമയിലേക്കുള്ള തിരിച്ചു പോക്കിലാണ് ജനം.

With the price of cooking gas rising, people are returning to their old homes to activate their kitchens.

പാചക വാതകത്തിന് വില വർദ്ധിച്ചപ്പോഴാണ് പഴമയിലേക്ക് ഒന്ന് തിരിച്ച് പോകാമെന്ന് ജനം തീരുമാനിക്കുന്നത്.. കേന്ദ്രസർക്കാറിന്റെ അടിക്ക‌ടിയുള്ള വിലവർദ്ധനയിലാണ് ജനങ്ങൾ ഈ തീരുമാനത്തിലെത്തിയത്… ആലപ്പുഴ നഗരത്തില്‍ ഭൂരിഭാഗം അടുക്കളകളിലും പുകയില്ലാത്ത അടുപ്പുള്ളതിനാല്‍ കരിയും പുകയും പേടിക്കേണ്ടതില്ല. ആകെയുള്ള ബുദ്ധിമുട്ട് യുവ തലമുറയ്ക്ക് വിറകടുപ്പ് കത്തിച്ച്‌ ശീലമില്ലാത്തതും, പാചകത്തിന് ഗ്യാസടുപ്പിനേക്കാള്‍ സമയം വേണമെന്നതുമാണ്. നഗരത്തില്‍ പാളി വിറകും, പലക വിറകും കിലോയ്ക്ക് അഞ്ച് രൂപയ്ക്ക് മുതല്‍ ലഭ്യമാണ്. പാചകവാതക വില വര്‍ദ്ധിക്കുന്തോറും വിറകിന് ആവശ്യക്കാരുടെ എണ്ണം കൂടുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു.

സാധാരണക്കാര്‍ മുതല്‍ ഉദ്യോഗസ്ഥര്‍ വരെ വാഹനങ്ങളിലെത്തി കിലോക്കണക്കിന് വിറകും വാങ്ങിയാണിപ്പോള്‍ പോകുന്നത്. പുകയില്ലാത്ത അടുപ്പിന്റെയും മണ്‍ അടുപ്പുകളുടെയും തീ എരിക്കാനുള്ള അറക്കപ്പൊടിയുടെ വില്‍പ്പനയും വര്‍ദ്ധിച്ചിട്ടുണ്ട്. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ വിറകിനു ക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അടുക്കളയുടെ മൂലയ്ക്ക് ഒതുങ്ങിക്കിടന്ന വിറകടുപ്പുകള്‍ വീണ്ടും എരിഞ്ഞു തുടങ്ങി. പാചകവാതക വില 1110 രൂപയും വാണിജ്യാവശ്യത്തിന് 2124 രൂപയുമാണ്. നഗരസഭ പരിധിയില്‍ പാചകവാതക വിതരണം പൂര്‍ണമായും സൗജന്യമാണ്. പഞ്ചായത്ത് പരിധിയില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലാണ് സൗജന്യവിതരണം. അഞ്ചു മുതല്‍ 10 കിലോമീറ്റര്‍ വരെയുള്ള ദൂര പരിധിയില്‍ 33 രൂപ, 10 മുതല്‍ 15 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിക്ക് 43 രൂപ, 15 മുതല്‍ 20 കിലോമീറ്റര്‍വരെ 50 രൂപ, 20 കിലോമീറ്ററിനു മുകളില്‍ പരമാവധി 58 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.