സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ.

Kidneys are multi-functional internal organs with complex structure.

സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ. യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മനുഷ്യന്റെ മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകൾ ലഭിച്ച എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന ആന്തരികാവയവം ആണ്‌ വൃക്ക. ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. ഇനി കിഡ്നിക്ക് പറയാനുള്ളത് കേൾക്കാം…

കിഡ്നി എന്ന പേരിൽ നിങ്ങളുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി പയർ വിത്തിന്റെ ആകൃതിയിലാണ് ഞാൻ പരിലസിക്കുന്നത്. കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സ് ബോർഡുകളിൽ എന്റെ പേര് എഴുതി വച്ചിരിക്കുന്നതു കാണാം. വൃക്കരോഗിക്ക് ധനസഹായം ചെയ്യുക എന്നൊക്കെ…

15 വർഷം മുമ്പ് എന്നെ ആരും അറിയുക പോലും ഇല്ലായിരുന്നു. ഇന്ന് ഞാൻ കുപ്രസിദ്ധനാണ്. അന്ന് എന്നെപ്പറ്റി പാoപുസ്തകങ്ങളിൽ പറഞ്ഞിരുന്നു. പക്ഷെ ആരും എന്നെ ശ്രദ്ധിച്ചിരുന്നില്ല. എന്നെപ്പറ്റി പഠിക്കാൻ ഡോക്ടറന്മാർ തയ്യാറല്ലായിരുന്നു. ഞാനൊരു പ്രശ്നക്കാരല്ലാത്തത് കൊണ്ട് എന്നെ പ്പറ്റി പഠിക്കുവാനോ അറിയുവാനോ അവർ തയാറായിരുന്നില്ല. എന്നാൽ ഇന്ന് ഞാൻ പിടികിട്ടാപ്പുള്ളിയാണ്… എന്നിലെ
രോ​ഗാവസ്ഥയെ പിടികൂടാൻ ഡോക്ടർമ്മാർ നെട്ടോട്ടം ഓടേണ്ടിവരും… പണ്ടൊക്കെ എന്നിലെ ഒരുവന് എന്തെങ്കിലും പ്രശ്നമുണ്ടായാൽ മറ്റൊരുവൻ അഡ്ജെസ്റ്റ് ചെയ്യുമായിരുന്നു..

നിങ്ങളുടെ ശരീരത്തിലെ മാലിന്യ സംസ്ക്കരണ പ്ലാന്റ് ആണ് ഞാൻ. എല്ലാ മാലിന്യങ്ങളെയും അരിച്ചു മാറ്റുക എന്ന പ്രധാന ജോലിയാണ് ഞാൻ ചെയ്യുന്നത്.. ദശലക്ഷക്കണക്കിനു അരിപ്പകൾ എന്നിലുണ്ട്. രക്തം മുഴുവൻ അരിച്ച് ശുദ്ധിയാക്കുന്നത് ഞാനാണ്. കൃശശരീരിയായ ഞാൻ ചെയ്യുന്ന ജോലി നിങ്ങളുടെ ആശുപത്രിയിലെ വലിയ ഒരു ഉപകരണത്തെ നിങ്ങൾ ഏൽപ്പിച്ചു കൊടുക്കാറില്ലേ – ഡയാലിസിസ് സമയത്ത്. നോക്കൂ ഡയാലിസിസിനും കിഡ്നിമാറ്റി വയ്ക്കാൻ കാശു പിരിക്കാനും പോകും മുമ്പ് എന്നെ ദ്രോഹിക്കുന്ന നടപടികൾ നിർത്തിവയ്ക്കുക. നിങ്ങൾ സുന്ദരനാകാൻ/ സുന്ദരിയാകാൻ ഉപയോഗിക്കുന്ന ഹെയർഡൈ പോലും എന്നെ കറുപ്പിച്ചു കളയാറുണ്ട്. സൗന്ദര്യ വർദ്ധക വസ്തുക്കൾ പലതും എന്നെ അപകടത്തിലാക്കുന്നു. കോളകളും മറ്റും നിങ്ങൾ കുടിക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന കഷ്ടപ്പാടിനെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?…..

ചില മരുന്നുകൾ കഴിച്ചു കഴിഞ്ഞ് നിങ്ങൾ മൂത്രം ഒഴിക്കുമ്പോൾ അതിന്റെ നിറവും ഗന്ധവും രൂക്ഷമായിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? ചെറിയൊരു തലവേദന വരുമ്പോഴേക്കും നിങ്ങൾ വിഴുങ്ങുന്ന വേദനാസംഹാരികൾ പോലും എന്നെ തകർക്കുന്നവയാണ്. നിങ്ങൾ അൽപ്പം വേദന സഹിച്ചാൽ ശരീരം അതു പരിഹരിച്ചു കൊള്ളാം. കഴിക്കുന്ന മറ്റു ഭക്ഷണങ്ങളിലെ വിഷം ഞാൻ അരിച്ചു മാറ്റാം. എന്നെ സഹായിക്കാൻ നിങ്ങളുടെ കരളും ഉണ്ട്.

നിങ്ങളുടെ വീട്ടിലെ അഴുക്കു കഴുകിക്കളയാൻ ധാരാളം വെള്ളം വേണ്ടേ? നിങ്ങളുടെ ശരീരമാകുന്ന ഈ വീട് കഴുകി വൃത്തിയാക്കാൻ ആവശ്യമായ വെള്ളമെങ്കിലും ഒന്ന് ഒഴിച്ചു തന്നുകൂടേ? അതില്ലാത്തതുമൂലം എന്നിൽ കാൽസ്യം വന്നുകൂടി കല്ലു പോലെ ഉറച്ചു പോയാൽ ഞാൻ എന്തു ചെയ്യും.
ദയവായി നിങ്ങൾ മര്യാദയ്ക്ക് വെള്ളം കുടിക്കണേ! എന്നിലുള്ള നെഫ്രോണുകൾ എന്ന അരിപ്പകളും, ഗ്ലോമറുലസുകൾ എന്ന കുഴികളും ഒക്കെക്കൂടി നിങ്ങളുടെ ശുദ്ധരക്തവും അശുദ്ധ രക്തവും അരിച്ചു മാറ്റാൻ പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ്. സ്റ്റിറോയ്ഡ്സ് അടങ്ങിയ മരുന്നുകൾ, വേദനാസംഹാരികൾ, പായ്ക്ക്ഡ് ഫുഡ്, ബേക്കറി പലഹാരങ്ങൾ എല്ലാം തന്നെ എന്നെ തകർക്കുന്നവയാണ്. നിങ്ങളുടെ ആ​ഗ്രഹങ്ങൾക്ക് വിലങ്ങിടാൻ ഞാൻ ആളല്ല.. എന്നാൽ ആരോ​ഗ്യം എന്നത് നാം ശ്രദ്ധിക്കേണ്ടതാണ്… നിങ്ങൾ നല്ല ഭക്ഷണം കഴിച്ചാൽ ഞാൻ പണിമുടക്കില്ല എന്ന് ഞാൻ ഉറപ്പു തരുന്നു.. ഓർക്കുക ഞാൻ നിങ്ങളുടെ ശത്രുവല്ല മിത്രമാണ്.