കഷ്ടപ്പെട്ടുണ്ടാക്കിയ പണം വിശ്വസിച്ച്‌ ബാങ്കിലിട്ടിരിക്കുന്നവര്‍ ശ്രദ്ധിക്കൂ; അ‌ല്ലെങ്കില്‍ അ‌ടുത്ത ഇര നിങ്ങളാകാം.

Beware those who put their hard-earned money in the bank; Or you could be the next victim.

രാജ്യത്ത് ഡിജിറ്റല്‍ ബാങ്കിങ് ശക്തമായി വരുന്നതോടൊപ്പം തന്നെ ഓണ്‍ലൈന്‍ തട്ടിപ്പുകളും ശക്തമാകുന്നത് അ‌ക്കൗണ്ട് ഉടമകള്‍ക്ക് വെല്ലുവിളിയാകുകയാണ്. എച്ച്‌ഡിഎഫ്സി, എസ്ബിഐ അ‌ക്കൗണ്ട് ഉടമകളെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വിവിധ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അ‌ക്കൗണ്ട് ഉടമകളെ കെണിയില്‍ വീഴ്ത്തുന്ന വ്യാജ സന്ദേശങ്ങളുടെ പരമ്പരയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

നിരവധിപേര്‍ ഇതിനോടകം ഈ കെണിയില്‍ കുടുങ്ങി ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായിരിക്കുന്നത്. ബാങ്കില്‍നിന്ന് അ‌യയ്ക്കുന്ന ഔദ്യോഗിക സന്ദേശം എന്ന് ആളുകളെ വിശ്വസിപ്പിക്കുന്ന വിധത്തിലാണ് തട്ടിപ്പുകാര്‍ വ്യാജ സന്ദേശം അ‌യയ്ക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇത്തരം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ചയായി തട്ടിപ്പുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണു കണ്ട് വരുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി തട്ടിപ്പില്‍ അ‌കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും എച്ച്‌ഡിഎഫ്‌സി, എസ്‌ബി‌ഐ തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ഉപഭോക്താക്കളാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചതോടെ ഉപയോക്താക്കളെ ബോധവല്‍ക്കരിക്കാന്‍ പത്രങ്ങളിലടക്കം തട്ടിപ്പിനെതിരേ മുന്നറിയിപ്പ് നല്‍കി ബാങ്കുകള്‍ രംഗത്തെത്തിയിരുന്നു. എങ്കിലും ഇത് അ‌റിയാതെ ഇരയാകുന്നവര്‍ ഇപ്പോഴുമുണ്ട്.

ഉപയോക്താക്കള്‍ തങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങള്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്നും അ‌ല്ലെങ്കില്‍ അ‌ക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്നുമുള്ള മുന്നറിയിപ്പ് എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ സന്ദേശങ്ങള്‍ അ‌യയ്ക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ കാണുന്ന അ‌ക്കൗണ്ട് ഉടമകള്‍ പെട്ടെന്ന് പരിഭ്രാന്തരാകുന്നു. തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നതും അ‌തുതന്നെയാണ്.

പെട്ടെന്നുണ്ടാകുന്ന പരിഭ്രാന്തിയില്‍ പലരും ഇത്തരം വ്യാജ സന്ദേശങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുന്നു. മാത്രമല്ല സന്ദേശം യഥാര്‍ഥത്തില്‍ ബാങ്കില്‍നിന്ന് ഉള്ളതാണ് എന്ന് വിശ്വസിച്ച്‌ സന്ദേശത്തോടൊപ്പം നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുന്നു. അതോടെ ഉപയോക്താവിന്റെ നിര്‍ണായകമായ ബാങ്കിങ് വിവരങ്ങള്‍ ചോര്‍ന്ന് ഹാക്കറുടെ പക്കലേക്ക് എത്തുകയും പണം നഷ്ടമാകുകയും ചെയ്യുന്നു..

ഇങ്ങനെയായിരിക്കും സന്ദേശം
“പ്രിയ ഉപഭോക്താവേ, നിങ്ങളുടെ എച്ച്‌ഡിഎഫ്‌സി അക്കൗണ്ട് ഇന്ന് ഹോള്‍ഡ് ചെയ്യും, ദയവായി നിങ്ങൾ ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യുക” എന്ന തരത്തിലാണ് ചിലര്‍ക്ക് സന്ദേശങ്ങള്‍ എത്തിയത്. “എച്ച്‌ഡിഎഫ്‌സി ഉപഭോക്താവേ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് ഇന്ന് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും, ദയവായി നിങ്ങളുടെ പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാന്‍ താഴെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക”.

എന്ന തരത്തിലുള്ള സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരം സന്ദേശങ്ങള്‍ നിങ്ങള്‍ക്കും ഇതിനോടകം എത്തിയിരിക്കാം. ഇനി എത്തുകയും ചെയ്തേക്കാം. അ‌ത്തരം സന്ദേശങ്ങളോടൊപ്പമുള്ള ലിങ്കില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം തട്ടിപ്പ് നടക്കുന്ന വിവരം ചുറ്റുമുള്ള ആളുകളിലേക്ക് എത്തിക്കുകയും ചെയ്യണം. അ‌റിയാതെ കുരുക്കില്‍ ചാടുന്നതില്‍നിന്ന് രക്ഷപ്പെടാന്‍ അ‌ത് വളരെ സഹായിക്കും.

യോനോ അ‌ക്കൗണ്ടിന്റെ പേരിലാണ് എസ്ബിഐ ഉപയോക്താക്കള്‍ക്ക് വ്യാജ സന്ദേശം എത്തുന്നത്. “പ്രിയ ഉപഭോക്താവേ, നിങ്ങളുടെ എസ്‌ബിഐ യോനോ അക്കൗണ്ട് ഇന്ന് അവസാനിച്ചു, ഇപ്പോള്‍ ബന്ധപ്പെടുക, ഇനിപ്പറയുന്ന ലിങ്കില്‍ നിങ്ങളുടെ പാന്‍ നമ്ബര്‍ അപ്‌ഡേറ്റ് ചെയ്യുക” എന്ന തരത്തിലും വ്യാജ സന്ദേശം എത്തുന്നുണ്ട്.

ഇവിടെ അ‌ക്കൗണ്ട് ഉടമയുടെ പേര് ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടാണ് പലപ്പോഴും തട്ടിപ്പുകാരുടെ വ്യാജ സന്ദേശങ്ങള്‍ എത്തുക. ഒറ്റനോട്ടത്തില്‍, ഈ സന്ദേശങ്ങള്‍ നേരിട്ട് ബാങ്കില്‍ നിന്നും അ‌യച്ചിരിക്കുന്നത് ആണെന്ന് തോന്നും. എന്നാല്‍ വിശദമായി പരിശോധിച്ചാല്‍ ഇത് വ്യാജ സന്ദേശമാണ് എന്ന് വ്യക്തമാകുകയും ചെയ്യും.

വ്യാജ സന്ദേശങ്ങളും ലിങ്കുകളും ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനെതിരേ എച്ച്‌ഡിഎഫ്‌സി ബാങ്കും എസ്ബിഐയും ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും സ്വകാര്യ വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്നും ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. പാന്‍ കാര്‍ഡ് / കെവൈസി അപ്‌ഡേറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും ബാങ്കിംഗ് വിവരങ്ങള്‍ ആവശ്യപ്പെടുന്ന അജ്ഞാത നമ്ബറുകളോട് പ്രതികരിക്കരുതെന്നും ബാങ്കുകള്‍ അ‌ഭ്യര്‍ഥിക്കുന്നു.

എച്ച്‌ഡിഎഫ്‌സി ബാങ്ക് എപ്പോഴും അവരുടെ ഔദ്യോഗിക ഐഡിയില്‍ നിന്ന് ആണ് സന്ദേശങ്ങള്‍ അയയ്ക്കുക. hdfcbk / hdfcbn ഉം ഈ സന്ദേശങ്ങളിലെ ലിങ്കുകളും എല്ലായ്പ്പോഴും http://hdfcbk.io എന്നതിന് കീഴിലായിരിക്കും. പാന്‍ നമ്ബര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയോ സ്വകാര്യ/ബാങ്കിംഗ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്ന ഇമെയിലുകള്‍/എസ്‌എംഎസ് എന്നിവയോട് പ്രതികരിക്കരുത് എന്ന് എസ്ബിഐയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എസ്ബിഐ ഒരിക്കലും മെസേജുകള്‍ വഴി വ്യക്തിഗത വിവരങ്ങള്‍ ചോദിക്കില്ല എന്നും ബാങ്ക് അ‌ധികൃതര്‍ വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുമ്ബോഴും അ‌വയെപ്പറ്റി അ‌റിയാതെപോകുന്ന വലിയൊരു വിഭാഗം ആളുകള്‍ നമുക്കിടയിലുണ്ട്. അ‌വരാണ് കൂടുതലായും ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്. അ‌തിനാല്‍ ചുറ്റുമുള്ളവരെ ഇത്തരം തട്ടിപ്പുരീതികള്‍ പറഞ്ഞ് മനസിലാക്കുക. അ‌ത് അ‌ബദ്ധങ്ങളില്‍ചെന്ന് ചാടുന്നതില്‍നിന്ന് അ‌വരെ തടയാന്‍ സഹായിക്കും.