ഒരു വൈകുന്നേര കാഴ്ച്ച

An evening view

ഇന്നലെ ഞാൻ കനകക്കുന്ന് കൊട്ടാരത്തിൽ ഇരുന്നപ്പോൾ നിരവധി കാഴ്ചകൾ എന്റെ ശ്രദ്ധ ആകർഷിച്ചു. നിരവധി കുഞ്ഞു കുട്ടികൾ അവിടെ കളിക്കുന്നുണ്ടായിരുന്നു. അതിൽ വളരെ കുസൃതി ഏറിയ രണ്ട് കുഞ്ഞുങ്ങൾ എന്റെ കണ്ണിലുടക്കി. പച്ചപ്പരവതാനി വിരിച്ച ഗാർഡൻ ഏരിയയിൽ ഓസ് വെച്ച് വെള്ളം വീഴുന്നുണ്ടായിരുന്നു. പ്രകൃതി ഭംഗി നിറഞ്ഞുനിന്ന ആ വൈകിയ നേരത്തിൽ അതിന്റെ പ്രൗഢി വർദ്ധിപ്പിക്കാൻ കൊക്കുകളുടെ സാന്നിധ്യവും അവിടെ ഉണ്ടായിരുന്നു.

എന്റെ കണ്ണുകൾ ആ കൊക്കുകളിൽ പതിച്ചത് പോലെ ആ കുരുന്നുകൾക്കും അവയോട് ആകർഷണം തോന്നി. എന്നാൽ എന്നെ അമ്പരപ്പിച്ചത് അതൊന്നുമായിരുന്നില്ല. ആ രണ്ടു കുഞ്ഞുങ്ങളും കൗതുകത്തോടെ അതിനെ ചൂണ്ടിക്കാണിച്ച് വിളിച്ച പേര് കൊക്ക് എന്നായിരുന്നില്ല മറിച്ച് ക്രെയിൻ എന്നായിരുന്നു. ആദ്യത്തെ കുട്ടി ഈ പേര് വിളിച്ചപ്പോൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ സ്വാധീനത്തെ ഞാൻ ഓർത്തു. എന്നാൽ രണ്ടാമത്തെ കുഞ്ഞും അത് ആവർത്തിച്ചതോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അടിയൊഴുക്ക് എനിക്ക് മനസ്സിലായി. പിച്ചവെച്ച് നടക്കുന്ന കുഞ്ഞിനോട് വാക്കുകൾ പറഞ്ഞു കൊടുക്കുമ്പോൾ പോലും, അത് ഇംഗ്ലീഷ് ഭാഷയിൽ തന്നെ വേണമെന്നു മാതാപിതാക്കൾക്ക് നിർബന്ധമായി തുടങ്ങി.

അച്ഛാ അമ്മേ എന്ന് വിളിക്കുന്നതിന് പകരം ആധുനിക സംസ്കാരത്തിന്റെ കൈപ്പ് ഇറങ്ങിയ ഡാഡി മമ്മി എന്ന വാക്കാണ് ഇന്ന് കുഞ്ഞുങ്ങൾ ഉപയോഗിക്കുന്നത്. മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യന് പെറ്റമ്മ തൻ ഭാഷ തൻ. എന്നതു മറന്നു മറ്റുള്ള ഭാഷകൾ എല്ലാം ഞങ്ങൾക്ക് പെറ്റമ്മയാണെന്നും മലയാളം എന്ന മാതൃഭാഷ മാത്രം ഞങ്ങളുടെ പോറ്റമ്മ ആണ് എന്ന മട്ടിലാണ് ഇന്നത്തെ മലയാളിയുടെ പോക്ക്. ആ കുഞ്ഞുങ്ങൾ ക്രെയിൻ എന്ന് വിളിച്ച് ആഹ്ലാദിച്ച നിമിഷങ്ങളിൽ ഒരിക്കൽപോലും ഞാൻ കേട്ടില്ല അതിന്റെ മലയാളം വാക്ക് കൂടി അവന് പറഞ്ഞു കൊടുക്കുന്നത്.

അതിന്റെ നിറമെന്താണെന്ന് ചോദിക്കുന്നതിനു പകരം കളർ എന്ന വാക്കാണ് ഉപയോഗിച്ചത്. വെള്ള എന്നതിന് ഉപരി വൈറ്റ് എന്ന വാക്ക് ഉപയോഗിച്ചപ്പോൾ ഉള്ള ആനന്ദവും ഞാൻ ശ്രദ്ധിച്ചു. ഇംഗ്ലീഷ് പഠനം മോശമാണ് എന്ന നിലപാട് അല്ല എനിക്ക്. എന്നാൽ മലയാളം എന്ന അമ്മ ഭാഷയുടെ ആഴവും മഹത്വവും നാം മർത്യൻ മനസ്സിലാക്കാതെ പോകരുത്. കുഞ്ഞുങ്ങളിൽ പോലും അത്തരം ഒരു വെറുപ്പ് നാം കുത്തിവയ്ക്കാൻ ശ്രമിക്കുന്നത് തെറ്റാണ്. നാം പുനർ ചിന്തിക്കേണ്ടിയിരിക്കുന്നു മലയാളം എന്ന ഭാഷയെ ഇത്രത്തോളം അവഗണിക്കണമോ. പാടില്ല. സ്വന്തം മാതാവിനെ മറന്നു പോകുന്നതിനു തുല്യമാണത്. മറക്കരുത് മലയാളത്തെ. സ്നേഹിക്കണം മാറോട് ചേർക്കണം.