കെ എസ് ആർ ടി സി കൊച്ച് കുട്ടിയോട് കാണിച്ച ക്രൂരത.

KSRTC's cruelty to the little boy.

പാറ്റൂർ: കെ എസ് ആർ ടി സി എന്ന വെള്ളാന കൊച്ച് കുട്ടിയോട് കാണിച്ച ക്രൂരത കേട്ടാൽ ആരും ഞെട്ടിപോകും. ചാക്ക ബൈപാസിലുള്ള എം ജി എം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഹരിശങ്കർ ( 13 വയസ് ) എന്ന കുട്ടിയെ പൊരിവെയിലത്ത് വഴിയിൽ ഇറക്കി വിട്ട് കെ എസ് ആർ ടി സി യിലെ വനിതാ കണ്ടക്ടർ ” മാതൃക” കാട്ടി.

തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ് എം ജി എം സ്കൂളിനു മുന്നിൽ നിന്നും കിഴക്കേക്കോട്ടയിലേയ്ക്കുള്ള കെ എസ് ആർ ടി സി ബസിൽ കയറി. വേൾഡ് മാർക്കറ്റിന് മുന്നിൽ എത്തിയപ്പോഴാണ് വനിതാ കണ്ടക്ടർ ടിക്കറ്റ് ചോദിച്ച് വന്നത്. കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന 20 രൂപ നോട്ട് കൊടുത്തപ്പോൾ നോട്ട് കീറിയതാണ് എന്ന കാരണം പറഞ്ഞ് അപ്പോൾ തന്നെ ബെല്ലടിച്ച് ബസ് നിറുത്തിച്ച് കുട്ടിയെ വഴിയിൽ ഇറക്കി. അപ്പോൾ സമയം ഉച്ച 12.30. പൊരിവെയിലത്ത് ഇറങ്ങിയ കുട്ടി ദാഹിച്ചും വിശന്നും ആകെ തളർന്നപ്പോൾ അത് വഴി വന്ന ടൂ വീലർ യാത്രക്കാരൻ വണ്ടിയിൽ കയറ്റി പാറ്റൂരിലെ വീട്ടിൽ കൊണ്ട് വന്ന് രക്ഷിതാക്കളെ ഏൽപ്പിച്ചു.

തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ലക്ഷ്മി ഹോട്ടൽ ഉടമ അനിൽകുമാർ – രേഷ്മ ദമ്പതികളുടെ കുട്ടിയോട് ആണ് ഈ ക്രൂരത കാണിച്ചത്. ഇവർ പാറ്റൂർ വി.വി റോഡിലാണ് താമസിക്കുന്നത്.