‘മോദിയുടെ കുടുംബപ്പേര്’ അപകീർത്തിക്കേസിൽ 2 വർഷം തടവിന് ശിക്ഷിക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ജാമ്യം

Rahul Gandhi, who was sentenced to 2 years in prison for defaming 'Modi's surname', gets bail

നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി. ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്? എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരും’. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ നടത്തിയ ഈ പരാമര്‍ശമാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുലിന് വിനയായത്. പറഞ്ഞുകുടുങ്ങിയ വാക്കിന്റെ പേരില്‍ മൂന്ന് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് രാഹുലിന് രണ്ടുവര്‍ഷത്തെ തടവുശിക്ഷ കോടതി വിധിച്ചത്.

ബിജെപി സര്‍ക്കാരിനെ ഭരണത്തില്‍നിന്ന് താഴെയിറക്കാന്‍ മോദിക്കെതിരേ നിരന്തര ആരോപണങ്ങള്‍ ഉയര്‍ത്തി രാജ്യത്തുടനീളം കോണ്‍ഗ്രസ് പ്രചാരണം നടത്തവെ 2019 ഏപ്രില്‍ 13നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. കര്‍ണാടകയിലെ കോലാറില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയിലും മോദിയെ കടന്നാക്രമിച്ചുള്ള പ്രസംഗത്തിനിടെയായിരുന്നു പരാമര്‍ശം. നികുതി വെട്ടിപ്പ് കേസില്‍ പ്രതിയായ ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെയെല്ലാം പേരിനൊപ്പം മോദി എന്ന പേര് വന്നത് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയും കള്ളനാണെന്ന് വിമര്‍ശിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.

എന്നാല്‍ രാഹുലിന്റെ പരാമര്‍ശം മോദി സമുദായത്തില്‍ നിന്നുള്ളവരെ അപമാനിക്കുന്നതാണ് എന്ന് കാണിച്ച് ബിജെപി നേതാവും സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയുമായ പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതോടെ സ്ഥിതിമാറി. രാഹുലിന്റെ പരാമര്‍ശം തനിക്ക് വ്യക്തിപരമായി മാനഹാനിയുണ്ടായെന്നും മോദി സമുദായത്തിലുള്ള എല്ലാവരേയും അപമാനിക്കുന്നതിന് തുല്യമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പൂര്‍ണേഷ് മോദി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് രാഹുലിനെ ഉള്‍പ്പെടെ വിളിച്ചുവരുത്തി കോടതി കേസില്‍ വാദം കേട്ടു. മൂന്ന് തവണ രാഹുല്‍ കോടതിയില്‍ നേരിട്ട് ഹാജരായി.

കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണ നടപടികള്‍ ഗുജറാത്ത് ഹൈക്കോടതി നേരത്തെ താത്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. ഹൈക്കോടതി സ്‌റ്റേ നീക്കിയതിനെത്തുടര്‍ന്ന് 2023 ഫെബ്രുവരിയിലാണ് വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. തുടര്‍ന്ന് വിശദമായ വാദം കേൾക്കുകയും ചെയ്തു.

തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ് പ്രസംഗത്തെ ന്യായീകരിച്ചായിരുന്നു രാഹുലിന്റെ മൊഴി. സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പൂര്‍ണേഷ് മോദിയെ ലക്ഷ്യവച്ചല്ല പ്രസംഗിച്ചതെന്നും പ്രധാനമന്ത്രിയെ ഉദ്ദേശിച്ചായിരുന്നു തന്റെ പരാമര്‍ശമെന്നും രാഹുല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ രാഹുലിന്റെ ഈ വാദമൊന്നും കോടതിയില്‍ വിലപ്പോയില്ല.

കേസില്‍ അന്തിമ വാദം കേട്ടശേഷം ഐപിസി 504 പ്രകാരം രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് എച്ച്എച്ച് വര്‍മ്മയാണ് വിധി പ്രസ്താവിച്ചത്. രാഹുലിന്റെ സാന്നിധ്യത്തിലായിരുന്നു വിധി പ്രസ്താവന. 10000 രൂപ കെട്ടിവെച്ച്‌ കേസില്‍ ഇന്നുതന്നെ ജാമ്യം ലഭിച്ചെങ്കിലും രാഹുലിന് കാര്യങ്ങള്‍ അത്ര ശുഭകരമല്ല. മേല്‍ക്കോടതി വിധി അനുസരിച്ചായിരിക്കും രാഹുലിന്റെ ലോക്‌സഭാംഗത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാവുക.

കേസില്‍ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സാവകാശമാണ് രാഹുലിന് കോടതി അനുവദിച്ചത്‌. സൂറത്ത് കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടില്ലെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുലിന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍നിന്നുള്ള എംപി സ്ഥാനം നഷ്ടമാകും. ഇതോടെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധി രാഹുലിനും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമാകും.

കേസില്‍ കോടതി വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തില്‍ രാഹുലിനെ അനുകൂലിച്ച് സൂറത്തിലെങ്ങും കോണ്‍ഗ്രസുകാര്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നു. രാഹുല്‍ കോടതിയിലെത്തുന്നതിന് തൊട്ടുമുമ്പ് കോടതിക്ക് പുറത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ജനാധിപത്യത്തെ സംരക്ഷിക്കാന്‍ നമുക്ക് സൂറത്തിലേക്ക് പോകാം’ എന്നായിരുന്നു പോസ്റ്ററുകൾ.