മുഖ്യമന്ത്രിയ്ക്കൊപ്പം ഗൃഹപ്രവേശ ചടങ്ങിൽ കാലെടുത്തു വച്ച് സലീലനും കുടുംബവും
കാലിന് അർബുദ രോഗ ബാധയെ തുടർന്ന് ആകെ ആശ്രയമായിരുന്ന ചായക്കട നിർത്തേണ്ടി വന്ന സലീലന് വീട് ഒരു സ്വപ്നമായിരുന്നു. ഇപ്പോൾ മുഖ്യമന്ത്രിയ്ക്കൊപ്പം പുതിയ വീട്ടിലേക്ക് കാൽ എടുത്തു വെച്ചതിന്റെ സന്തോഷത്തിലാണ് സലീലനും കുടുംബവും. മേക്കൊൺ കല്ലുവിള കിഴക്കതിൽ സലീലന്റെ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പാല് കാച്ചിയാണ് താക്കോൽദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്.
അർബുദവും സാമ്പത്തിക പരാധീനതകളും പിടിച്ചുലച്ച സലീലനും കുടുംബത്തിനും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. ഭാര്യ രത്നകുമാരിയുടെ തയ്യൽ ജോലിയിൽ നിന്നാണ് ഇവരുടെ കുടുംബം മുന്നോട്ട് പോയിരുന്നത്. പാരാമെഡിക്കൽ വിദ്യാർഥിയായ മകൻ വിഷ്ണുവിന്റെയും ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയായ മകൾ ശ്രദ്ധയുടെയും പഠന ചിലവ് കൂടിയായതോടെ വീടെന്ന സ്വപ്നത്തെ മറന്ന് തുടങ്ങിയതാണ്.
എന്നാൽ ലൈഫ് പദ്ധതിയിൽ കൊറ്റങ്കര പഞ്ചായത്തിന്റെ അർഹതാ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഈ കുടുംബം പ്രതീക്ഷകൾ ഏറി. ഇതിനിടയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സയിൽ സലീലന്റെ രോഗവും പൂർണ്ണമായും ഭേദപ്പെട്ടു. ഒടുവിൽ മനോഹരമായ വീട്ടിലേക്ക്, നാടിന്റെ മുഖ്യമന്ത്രിയ്ക്ക് ഒപ്പം കയറാൻ കഴിഞ്ഞ ഭാഗ്യവും തേടിയെത്തി. ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് പോലെ, ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നത്തിന്റെ യാഥാർഥ്യത്തിന് താഴെ, അഭിമാനത്തോടെ ഇന്ന് 20314 കുടുംബങ്ങൾക്കൊപ്പം ഇവരും ഉറങ്ങും.