ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് എ കെ ബാലൻ ; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

തിരുവനന്തപുരം: എ ഐ റോഡ് ക്യാമറ വിവാദത്തിൽ അന്വേഷണം പുരോഗമിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും നേരത്തെയും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്, അന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ലെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. മുഖ്യമന്ത്രി പ്രതികരിച്ചാലും ഇല്ലെങ്കിലും പ്രശ്നമാണ്. ഇപ്പോൾ ഓരോ ദിവസവും ഓരോ കമ്പനികളെക്കൊണ്ട് പറയിപ്പിക്കുകയാണ്. അതിനെല്ലാം ഓരോ ദിവസവും മറുപടി പറയണമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇനി അതിനുള്ള പ്രത്യേക സംവിധാനം ഒരുക്കേണ്ടി വരും. മറുപടി പറഞ്ഞില്ലെങ്കിൽ അതിന് മനസില്ലെന്നാണ് അർത്ഥം. എന്തൊക്കെ ആരോപണങ്ങൾ കൊണ്ടുവന്നു, അതിൽ ഏതെങ്കിലുമൊന്ന് മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എതിരായി തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ?ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നിയമകാര്യവകുപ്പിന്റെയും പാർലമെന്ററികാര്യ വകുപ്പിന്റെയും മന്ത്രിയായിരുന്നു. അന്ന് 11 മണിക്കൂർ നീണ്ടുനിന്ന അവിശ്വാസ പ്രമേയമായിരുന്നു സർക്കാരിനെതിരായി ചർച്ച ചെയ്തിരുന്നത്. അതിൽ മൂന്നേമുക്കാൽ മണിക്കൂർ മുഖ്യമന്ത്രി മറുപടി പറഞ്ഞു. അന്ന് ഉന്നയിച്ച കാര്യങ്ങൾ തന്നെയല്ലേ പ്രതിപക്ഷം ഇന്നും പറയുന്നത്. പലതരത്തിലുള്ള വിവാദങ്ങൾ നേരത്തേ ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. ആവശ്യമുള്ളതിന് മാത്രമേ അദ്ദേഹം മറുപടി പറഞ്ഞിട്ടുള്ളു. ആരോപണങ്ങളെല്ലാം തെറ്റായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിട്ടുമുണ്ട്. വിജിലൻസിന്റെ അന്വേഷണം പുരോഗമിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോൾ പ്രതികരിക്കാത്തതെന്ന് എ കെ ബാലൻ പറഞ്ഞു.

അതേസമയം ക്യാമറ വാങ്ങലുമായി ബന്ധപെട്ടു വിവാദത്തിലായ കമ്പനി പ്രസാഡിയോയുടെ വളർച്ച അത്ഭുതകരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . 164 കോടിയുടെ തട്ടിപ്പാണ് തെളിഞ്ഞതെന്നും കരാർ റദ്ദാക്കണമെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസാഡിയോ മുഖ്യ ഓഹരി ഉടമ സുരേന്ദ്ര കുമാർ സി പി എം സഹയാത്രികനാണെന്നും ചെന്നിത്തല ആരോപിച്ചു. എ ഐ കാമറ അഴിമതിയുടെ കാര്യത്തിൽ ഒരു വിജിലൻസ് അന്വേഷണവും ഇപ്പോൾ നടക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. വ്യവസായ സെക്രട്ടറിയുടെ അന്വേഷണം ആർക്ക് വേണമെന്നും ചെന്നിത്തല ചോദിച്ചു.

എ കെ ബാലൻ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു. പുറത്തുവിട്ട രേഖകളൊന്നും ബാലൻ കണ്ടിട്ടില്ലേ? 680 കോടിക്ക് പദ്ധതി പറ്റുമെന്ന് ലൈറ്റ് മാസ്റ്റർ എം ഡി വെളിപ്പെടുത്തിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. റോഡ് കാമറ വിവാദത്തിൽ അന്വേഷണം പുരോഗമിക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നായിരുന്നു ബാലൻ പറഞ്ഞത്. മുൻപ് വിവാദങ്ങളുണ്ടായെങ്കിലും അന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2018ലാണ് പ്രസാഡിയോ കമ്പനി പ്രവർത്തനം തുടങ്ങിയത്. അന്ന് ഒന്നരലക്ഷം രൂപ മാത്രമായിരുന്നു വരുമാനം. തൊട്ടടുത്ത വർഷം വരുമാനം ഏഴ് കോടി 24 ലക്ഷം രൂപയായി ഉയർന്നു. മൂന്നാമത്തെ വർഷം ഇത് ഒൻപത് കോടി 82 ലക്ഷമാണ്. കമ്പനികാര്യ മന്ത്രാലയത്തിന് പ്രസാഡിയോ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്.