മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പോലീസുകാരനെതിരെ പരാതി.
കഴക്കൂട്ടം: ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയതായി പോലീസുകാരനെതിരെ പരാതി.കഴക്കൂട്ടം അസി. കമ്മീഷ്ണറുടെയും പോത്തന്‍കോട് ഇന്‍സ്പെക്ടറുടെയും പേരില്‍ കടയില്‍ നിന്നും മാങ്ങ വാങ്ങി പണം നല്‍കാതെ മുങ്ങിയ പോലീസ് ഉദ്യാഗസ്ഥനെതിരെയാണ് അന്വേഷണം നടക്കുന്നത്ത്. പോത്തന്‍കോട് കരൂര്‍ ക്ഷേത്രത്തിന് സമീപം ജി. മുരളീധരന്റെ ഉടമസ്ഥതയിലുള്ള എം.എസ്. സ്റ്റാഴ്സ് എന്ന കടയില്‍ നിന്നാണ് ഒരു മാസം മുന്‍പ് 5 കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്.
രണ്ട് കവറുകളിലായി അഞ്ചു കിലോ മാങ്ങയാണ് പോലീസുകാരന്‍ വാങ്ങിയത്. കഴക്കൂട്ടം അസി. കമ്മീഷണര്‍ക്കും പോത്തന്‍കോട് സി.ഐക്കുമാണ് മാങ്ങ വാങ്ങിയത് എന്ന് പോലീസുകാരന്‍ കടക്കാരനെ ധരിപ്പിച്ചു. എന്നാല്‍ പിന്നീട് പോലീസ് ഉദ്യാഗസ്ഥരെ കണ്ട് കടക്കാരന്‍ കാര്യം തിരക്കിയപ്പോഴാണ് താന്‍ കബളിക്കപ്പെട്ടു എന്ന് മനസ്സിലായത്. തുടര്‍ന്ന് പോത്തന്‍കോട് ഇന്‍സ്പെക്ടര്‍ ഡി. മിഥുന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
പരാതിയുടെ അടിസ്ഥാനത്തില്‍ മാങ്ങ വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചു. മാങ്ങ വാങ്ങിയ പോലീസുകാരനെ തിരിച്ചറിഞ്ഞതായാണ് സൂചന. സംസ്ഥാനത്ത് മാങ്ങ മോഷണത്തിന്റെ പേരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത് ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പാണ് ഈ സംഭവം നടന്നത്. സംഭവത്തില്‍ രഹസ്യ അന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
നേരത്തെ, കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പപൊലീസുകാരനെ പിരിച്ചുവിട്ടിരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ പി വി ഷിഹാബിനെയാണ് പിരിച്ചുവിട്ടത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. മാങ്ങ മോഷണത്തിന് പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി.
കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയായിരുന്നു സംഭവം. കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്.