ശ്രീശങ്കറിനും,അപര്‍ണാ ബാലനും; ജി വി രാജ അവാര്‍ഡ്
തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ ജി.വി. രാജ അവാര്‍ഡിന് വനിത വിഭാഗത്തില്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലനും പുരുഷ വിഭാഗത്തില്‍ അന്താരാഷ്ട്ര അത്ലറ്റ് എം.ശ്രീശങ്കറും അര്‍ഹരായി. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒളിമ്പ്യൻ സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പ്രമുഖ ഫുട്ബാള്‍ പരിശീലകന് ടി.കെ. ചാത്തുണ്ണി അര്‍ഹനായി. രണ്ടു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച കായിക പരിശീലകനുള്ള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പുരസ്കാരം നീന്തല്‍ പരിശീലകന് പി.എസ്. വിനോദിനാണ്. ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച കായിക നേട്ടം കൈവരിച്ച കോളജിനുള്ള പുരസ്കാരം പാലാ അല്‍ഫോണ്‍സ കോളജിനാണ്. 50,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 2016, 2018 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത നേട്ടങ്ങളാണ് അപര്‍ണ ബാലനെ ജി.വി. രാജ അവാര്‍ഡിന് അര്‍ഹയാക്കിയത്. 2018ല്‍ ജകാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ്, 2021ലെ ടോക്യോ ഒളിമ്ബിക്സ്, 2022ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ശ്രീശങ്കര്‍ 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ വെള്ളി മെഡല്‍ നേടി.
1979 മുതല്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ കോച്ചുമായിരുന്നു. 2019 മുതല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പുകളില്‍ ദേശീയ-സംസ്ഥാന വാട്ടര്‍പോളോ ടീമുകളുടെ പരിശീലകനായിരുന്നു പി.എസ്. വിനോദ്. അത്ലറ്റിക്സ്, ബാസ്കറ്റ് ബാള്‍, വോളിബാള്‍, ഹാന്‍ഡ്ബാള്‍, ക്രോസ് കണ്ട്രി, നീന്തല്‍, ഖോഖോ, വെയ്റ്റ്ലിഫ്റ്റിങ്, നെറ്റ്ബാള്‍, തൈക്വാന്‍ഡോ എന്നീ ഇനങ്ങളില്‍ ഇന്റര്‍കൊളീജിയറ്റ് തലത്തില്‍ നേടിയ നേട്ടങ്ങളാണ് അല്‍ഫോണ്‍സ കോളജിനെ പുരസ്കാരത്തിന് അര്‍ഹമാക്കിയത്.