കൊല്ലം: ഡോ. വന്ദനദാസിന്റെ കൊലപാതക വാര്‍ത്തയറിഞ്ഞ ഞെട്ടലിലാണ് രാജ്യമാകെ. ഇത് നേരില്‍ കാണേണ്ടി വന്ന വന്ദനയുടെ സഹപ്രവര്ത്തകന് ഡോ. ഷിബിന്‍ ഇപ്പോഴും ആ ആഘാതത്തില്‍ നിന്ന് മോചിതനായിട്ടില്ല. അക്രമം നടക്കുമ്പോള്‍ ഹൗസ് സര്ജന്മാരായ ഷിബിനും വന്ദനയുമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാരായ ഇവരുടെ അടുത്തേക്കാണ് പോലീസ് പ്രതി സന്ദീപിനെയും കൊണ്ട് വന്നത്. പിന്നാലെയാണ് ക്രൂര കൃത്യം അരങ്ങേറുന്നത്. ഗുരുതരമായി പരിക്കേറ്റ വന്ദനയെ കൈയ്യിലെടുത്ത് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് ഓടുമ്പോഴും തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നെന്നാണ് ഡോ. ഷിബിന്‍ പറയുന്നത്. ആഴത്തിലേറ്റ മുറിവുകളാണ് വന്ദനയുടെ മരണത്തിന് ഇടയാക്കിയത്.
പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ സന്ദീപിന്റെ മുറിവുകള്‍ വൃത്തിയാക്കാന്‍ നഴ്സിങ് സ്റ്റാഫിന് നിര്‍ദേശം നല്കിയ ശേഷമാണ് ഡോ. ഷിബിനും ഡോ. വന്ദനയും മുറിക്ക് പുറത്തേക്ക് ഇറങ്ങിയത്. ഇതിന് പിന്നാലെയാണ് സന്ദീപ് അക്രമാസക്താനയതും ഹോം ഗാര്‍ഡിനെ അക്രമിച്ചതും. ഹോം ഗാര്‍ഡ് അലക്സ്കുട്ടിയെ കുത്തിപ്പരിക്കേല്പ്പിക്കുന്നതിനിടെ മറ്റു ജീവനക്കാരെല്ലാം മുറിക്കകത്ത് കയറിയിരുന്നു. ഇതോടെയാണ് ഇയാള്‍ വന്ദനയ്ക്ക് നേരെ തിരിഞ്ഞത്.