ജി.എസ്.ടി യിലെ ഇ-ഇൻവോയ്‌സിങ് വീണ്ടും മാറ്റം വരുന്നു

ഓഗസ്റ്റ് ഒന്നുമുതൽ അഞ്ച് കോടി രൂപയോ അതിലധികമോ വാർഷിക വിറ്റുവരവുള്ള എല്ലാ വ്യാപാരികൾക്കും ബിസിനസ്-ടു-ബിസിനസ് ഇടപാടുകൾ നടത്തുമ്പോൾ ഇ-ഇൻവോയ്‌സിങ് കേന്ദ്ര ധനമന്ത്രാലയം ജി.എസ്.ടി യിൽ വീണ്ടുമൊരു മാറ്റം വരുത്തിക്കൊണ്ട് ഉത്തരവിറക്കി. വ്യാപാരികളും വ്യക്തിഗത ഉപഭോക്താക്കളും (ബിസിനസ്-ടു-കസ്റ്റമർ) തമ്മിലുള്ള വ്യാപാരത്തിന് ഇപ്പോഴും ഇ-ഇൻവോയ്‌സിങ് ബാധകമല്ല.

നികുതിരഹിതമായവയുടെ കച്ചവടങ്ങൾക്കും ഇ-ഇൻവോയ്‌സിങ് ആവശ്യമില്ല. നിലവിൽ 10 കോടി രൂപയാണ് ഇ-ഇൻവോയ്‌സിങ് വിറ്റുവരവ് പരിധി. 2020 ഒക്ടോബർ ഒന്നിന് ഇ-ഇൻവോയ്‌സിങ് നടപ്പാക്കുമ്പോൾ വിറ്റുവരവ് പരിധി 500 കോടി രൂപയായിരുന്നു. മൂന്നു വർഷത്തിനുള്ളിൽ അഞ്ചാമത്തെ തവണയാണ് വിറ്റുവരവ് പരിധിയിൽ മാറ്റം വരുത്തുന്നത്.‌ നികുതിവെട്ടിപ്പ് തടയുകയെന്ന ഉദ്ദേശ്യത്തോടെ ഏകീകൃത ചരക്ക് സേവന നികുതിക്കു കീഴിൽ നടപ്പാക്കിയ സംവിധാനമാണ് ഇലക്‌ട്രോണിക് ഇൻവോയ്‌സിങ്.