കർണാടകയിൽ ആരാകും മുഖ്യമന്ത്രി? ഡൽഹിയിൽ തിരക്കിട്ട ചര്‍ച്ച

ബംഗ്‌ലൂര്‍ : സത്യപ്രതിജ്ഞയ്ക്ക് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ എഐസിസി യില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. കര്‍ണാടക തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയിട്ടും നിയമസഭ കക്ഷി നേതാവിനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം ഉഴലുകയാണ്. നിലവില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദവുമായി രംഗത്തുള്ളത്. തെരഞ്ഞടുപ്പിന് ശേഷം നടക്കുന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്കൊടുവില്‍ വിഷയം ഹൈക്കമാഡിനു മുന്നില്‍ നിരീക്ഷകര്‍ വയ്ക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ അവസാന ഊഴമെന്ന തരത്തില്‍ പ്രഖ്യാപനം നടത്തിയതോടെ ഹൈകമാന്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ സമ്മര്‍ദ്ദത്തിലാകുകയായിരുന്നു.

ദക്ഷിണ ഇന്ത്യയിലേക്ക് ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് കര്‍ണാടകയില്‍ ഉണ്ടായത്‌. ഇതിനുപിന്നില്‍ പിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ തന്നെയായിരുന്നു. ഇത് നന്നായി അറിയാവുന്ന ഹൈകമാന്‍ഡിനും ഡികെ എസ്‌നെ പിണക്കാനാകില്ല. ഏതായാലും വ്യാഴാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ആര് മുഖ്യനാകുമെന്ന് കാത്തിരുന്ന് തന്നെ കാണാം. നിലവിലെ സാഹചര്യത്തില്‍ സിദ്ധരാമയ്യക്കു മുന്‍തൂക്കം ലഭിക്കുന്നുണ്ട്, എന്നാല്‍ ഡികെ ശിവകുമാര്‍ പക്ഷം ഇതിനെതിരെ രംഗത്ത് വന്നതോടെ പന്ത് ആരുടെ കോര്‍ട്ടില്‍ വീഴുമെന്ന് രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്