ഡോ: വന്ദന കൊലക്കേസ് പ്രതിക്കായി അഡ്വ: ആളൂർ; വന്‍ പ്രതിഷേധം

കൊട്ടാരക്കര : ഡോക്ടര്‍ വന്ദന കൊലക്കേസിലെ പ്രതി സന്ദീപിനു വേണ്ടി അഡ്വക്കേറ്റ് ആളൂര്‍ കോടതിയില്‍ ഹാജരായി. വക്കാലത്ത് ഒപ്പിട്ട് സന്ദീപിനെ കോടതിയില്‍ ഹാജരാക്കിയ വേളയില്‍ പൊതുജനങ്ങളുടെയിടയില്‍ വന്‍ പ്രതിഷേധം ഉണ്ടായി. കോടതിക്ക് പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തര്‍ മുദ്രാവാക്യങ്ങളുമായി പ്രതിഷേധിച്ചു. സന്ദീപിനെ അഞ്ചു ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ  വിട്ടു. കോടതിയുടെ നിർദ്ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിൾ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക്  അയ്ക്കുകയും ചെയ്തു.  കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും തിരിച്ചറിയൽ പരേഡ് നടത്തണമെന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. എന്നാൽ പ്രതിക്ക് ആരോഗ്യ പ്രശ്ശനങ്ങൾ ഉണ്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും പ്രതിഭാഗം  വാദിച്ചു. പക്ഷേ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് ജയിൽ ഡോക്ടറുടെ കണ്ടെത്തൽ.

ആശുപത്രിയിലുള്ളവരുടെ പെരുമാറ്റം ഇഷ്ട്ടപ്പെടാത്തതിനാലാണ് താൻ അങ്ങനെ ചെയ്തതെന്നും പുരുഷ ഡോക്ടറെയാണ് കൈയേറ്റം ചെയ്യാൻ തീരുമാനിച്ചതെന്നും കഴിഞ്ഞ ദിവസം സന്ദീപ് ജയിൽ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതിനിടെ സംഭവ ദിവസം  ഡ്യൂട്ടിയിൽ വീഴ്ച വരുത്തുകയും കുത്തേറ്റു വീണ വന്ദനക്ക് പ്രാഥമിക ചികിത്സ നൽകാതിരിക്കുകയും ചെയ്ത ഡോക്ടർ പൗർണമിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ കൊടും ക്രൂരത ചെയ്തവനെ നിയമത്തിന്റെ പേരിൽ സംരക്ഷിക്കാൻ വരുന്നവർക്കെതിരെ എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കാൻ പോകുന്നതെന്ന ചോദ്യമാണ് പൊതുസമൂഹം ഉയർത്തുന്നത്.

അതേസമയം ഡോ. വന്ദനാദാസ് കൊലപാതകത്തില്‍ പൊലീസിനും ഡോക്ടര്‍മാര്‍ക്കും ഗുരുതര വീഴ്ചയുണ്ടായതായി വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. അക്രമം നടക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് പുറത്തേക്കോടിയെന്നും വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിനാലാണ് ആക്രമണം നടത്താനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ സാജന്‍ മാത്യു ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സന്ദീപിന്റെ വൈദ്യപരിശോധനക്കായി രണ്ട് ഹൗസ് സര്‍ജന്‍മാരെ കൂടാതെ രണ്ട് ഡോക്ടര്‍മാര്‍കൂടി ഉണ്ടായിരുന്നു. ചികിത്സ സമയത്ത് ഈ രണ്ട് ഡോക്ടര്‍മാരും സ്ഥലത്തുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് ജാഗ്രത കുറവുണ്ടായെന്നും അക്രമം ഉണ്ടായപ്പോള്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആശുപത്രിയുടെ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.