റോഡ് കയ്യേറി നിര്‍മ്മാണം; പരാതിയുമായി നാട്ടുകാര്‍

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി റോഡ് കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചിറയിന്‍കീഴ് കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ വരുന്ന കീഴാറ്റിങ്ങല്‍ മുള്ളിയന്‍കാവ്, ശാസ്താംനട തുടങ്ങിയ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ചാണ് അനധികൃത കെട്ടിടങ്ങള്‍ ഉയരുന്നത്.
നിലവിലെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ അധികൃതര്‍ കാണാതെ പോകരുതെന്ന് നാട്ടുകാര്‍ പറയുന്നു.

ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവന്നാലും അതൊക്കെ ശക്തമായ സ്വാധീന വലയത്തില്‍ അകപ്പെട്ട് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അതേസമയം സാധാരണക്കാരന്‍ ഇത്തരത്തില്‍ റോഡ് കയ്യേറി കെട്ടിടം നിര്‍മ്മിക്കുകയാണെങ്കില്‍ സ്റ്റോപ്പ് മെമ്മോ ഉള്‍പ്പെടെയുള്ള ഇണ്ടാസുകള്‍ പുറകേയെത്തും. ഇത്തരം നിയമലംഘനത്തിന് കടുത്ത പിഴ തന്നെ ഈടാക്കി ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്തേണ്ടാതാണ്.