കര്‍ണാടകയില്‍ നാളെ മുതല്‍ പുതിയ സര്‍ക്കാര്‍; വ്യവസ്ഥകള്‍ പാതിമനസോടെ അംഗീകരിച്ച് ഡി.കെ

ബംഗ്ളുരു:  രാഷ്ട്രീയ പ്രതിസന്ധിയുടെ അനിശ്ചിതത്ത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ പുതിയ മന്ത്രിസഭ നാളെ അധികാരമേല്‍ക്കും. അഞ്ചുനാള്‍ നീണ്ട കൂടിയാലോചനകള്‍ക്കും, വിലപേശലുകള്‍ക്കും ശേഷം മുഖ്യമന്ത്രിയായി സിദ്ധരാമയ്യ കര്‍ണാടകത്തിന്റെ സാരഥ്യം ഏറ്റെടുക്കും. ഹൈക്കമാന്‍ഡ് ഫോര്‍മുല ഡി.കെ. ശിവകുമാര്‍ പാതിമനസ്സോടെ സ്വീകരിച്ചതോടെയാണ് മന്ത്രിസഭ രൂപീകരണത്തിന് സാഹചര്യമൊരുങ്ങിയത്. പരസ്യമായി പ്രഖ്യാപിച്ചില്ലെങ്കിലും രണ്ടര വര്‍ഷം വീതമുള്ള ടേം വ്യവസ്ഥയിലാണ് പുതിയ തീരുമാനമാനത്തിലേക്ക് എത്തിയതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ ആദ്യ രണ്ടരവര്‍ഷക്കാലം സിദ്ധരാമയ്യയും തുടര്‍ന്നുള്ള രണ്ടരവര്‍ഷക്കാലം ഡി.കെ ശിവകുമാറും മന്ത്രിസഭയെ നയിക്കും. നാളെ ഉച്ചക്ക് പന്ത്രണ്ട് മുപ്പതിന് ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക.

പുതിയ ഫോര്‍മുല പ്രകാരം അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ശിവകുമാര്‍ പി.സി.സി അദ്ധ്യക്ഷനായി തുടരും. ആഭ്യന്തരം ഉള്‍പ്പെടെ പ്രധാന വകുപ്പുകളും നല്‍കുമെന്നാണറിയുന്നത്. ശിവകുമാര്‍ നിര്‍ദ്ദേശിക്കുന്ന ആറുപേരെയും പ്രധാന വകുപ്പുകളോടെ മന്ത്രിമാരാക്കും. 135 കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ സംവരണ മണ്ഡലങ്ങളില്‍ ജയിച്ച 51 പേരും മുന്‍ ജനതാ പരിവാറുകാരായിരുന്ന 30 പേരുമാണ് സിദ്ധരാമയ്യയുടെ ശക്തി. എന്നാല്‍ സമ്പന്നരായ വൊക്കലിഗരിലെ 46 എം.എല്‍.എ.മാര്‍ ശിവകുമാറിനൊപ്പമാണ്. ന്യൂനപക്ഷ എം.എല്‍.എമാരുടെ കൂറും ശിവകുമാറിനോടാണ്. പാര്‍ട്ടിയോടാണ് തന്റെ കൂറെന്നും സംസ്ഥാന താത്പര്യത്തിനായി ത്യാഗം ചെയ്യുകയാണെന്നും കഴിഞ്ഞ ദിവസം ശിവകുമാര്‍ പ്രതികരിച്ചിരുന്നു. നാളെ ഏതാനും മന്ത്രിമാരുടെ സത്യപ്രതിജ്ഞയും നടക്കുമെന്നാണ് അറിയുന്നത്. മുതിര്‍ന്ന നേതാക്കളായ എം.ബി. പാട്ടീല്‍, ജി. പരമേശ്വര, സതീഷ് ജര്‍ക്കിഹോളി, മലയാളികളായ കെ.ജെ. ജോര്‍ജ്ജ്, എന്‍.എ. ഹാരിസ്, യു.ടി. ഖാദര്‍ എന്നിവര്‍ മന്ത്രിമാരായേക്കും.