എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികം; പ്രതിഷേധവുമായി യുഡിഎഫ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് സെക്രട്ടറിയേറ്റ് വളയല്‍ സമരവുമായി യുഡിഎഫ്. രാവിലെ ഏഴ് മണിയോടെ പ്രതിഷേധ സമരം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ആദ്യം പ്രധാന ഗേറ്റുകള്‍ ഉപരോധിക്കുന്നത്. പത്ത് മണിയോടെ സെക്രട്ടറിയേറ്റ് പൂര്‍ണമായും വളഞ്ഞു. നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്‍റെ ദൂര്‍ത്ത് തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും. അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ വാര്‍ഷിക ദിനത്തിൽ രാപ്പകൽ സമരവുമായിട്ടാണ് ബിജെപി രംഗത്തിറങ്ങുന്നത്. തിരുവനന്തപുരം പാളയം രക്കസാക്ഷി മണ്ഡപത്തിൽ സമരം ആരംഭിക്കും അഴിമതിയും ഭരണത്തകര്‍ച്ചയും ആരോപിച്ചാണ് പ്രതിഷേധം. പ്രതിഷേധങ്ങളുടെയും സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ന് നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.