ജൂൺ 5 മുതൽ പിടിവീഴും; എ.ഐ ക്യാമറകള്‍ പ്രവർത്തനസജ്ജം

തിരുവനന്തപുരം: പ്രതിഷേധങ്ങളും അഴിമതി ആരോപണവും നിലനില്‍ക്കെ എ.ഐ ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാക്കി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനം. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കാനാണ് തീരുമാനമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. അതേസമയം 12 വയസിന് താഴെ പ്രായമുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ക്ക് യാത്ര ചെയ്യുന്നതില്‍ താല്‍ക്കാലിക ഇളവുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര തീരുമാനം വരുന്നതുവരെയാണ് കുട്ടികളുടെ കാര്യത്തില്‍ ഇളവുണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കായി കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും ഇതിന് ഉചിതമായ മറുപടി കിട്ടിയശേഷമായിരിക്കും അന്തിമ തീരുമാനമെന്നും ഉന്നതതല യോഗത്തിനുശേഷം മന്തി അറിയിച്ചു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നും പൊതുവികാരം കണക്കിലെടുത്തുമാണ് സര്‍ക്കാരിന്റെ മനം മാറ്റം.

ഈ മാസം 20 മുതല്‍ പിഴയീടാക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നെങ്കിലും തീരുമാനം വീണ്ടും നീട്ടുകയായിരുന്നു. കേരളത്തിലൊട്ടാകെ വിവിധ ജില്ലകളിലായി 726 എ.ഐ ക്യാമറകളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിട്ടുളളത്. പദ്ധതിയില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപണം ഉന്നയിച്ചതോടെ പിഴ ഈടാക്കുന്നത് സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ തുടരുമ്പോഴും മേയ് അഞ്ച് മുതല്‍ നിയമലംഘകര്‍ക്ക് ബോധവത്ക്കരണ നോട്ടീസ് അയച്ച് തുടങ്ങിയിരുന്നു. ട്രയല്‍ റണ്‍ നടത്തിയപ്പോള്‍ത്തന്നെ പ്രതിദിനം 95,000-ത്തോളം നിയമലംഘനങ്ങള്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തിയിരുന്നു. ജൂണ്‍ 5 മുതല്‍ ഗതാഗത നിയമലംഘനം ക്യാമറയില്‍ പരിഞ്ഞാല്‍ ഉടനടി വാഹന ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ പോസ്റ്റിലൂടെ നിയമലംഘകരുടെ മേല്‍വിലാസത്തിലേക്ക് ഇ-ചെല്ലാനുമെത്തും. ചെല്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനുളളില്‍ പിഴ അടക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചാല്‍ നോട്ടീസയച്ച് മറ്റ് നിയമ നടപടികളിലേക്ക് കടക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനങ്ങളില്‍ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യുന്നത്, അനധികൃത പാര്‍ക്കിംഗ്, അമിതവേഗം, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം, നാല്ചക്ര വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്ര, റോഡിലെ വെള്ള-മഞ്ഞ വരകള്‍ പാലിക്കാതെയുള്ള യാത്ര തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ എ.ഐ ക്യാമറയിലൂടെ കണ്ടെത്താന്‍ കഴിയുമെങ്കിലും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നവരെ പിടികൂടാനും പോലീസിന് നേരിട്ട് തന്നെ പരിശോധന നടത്തേണ്ടിവരും. അപകടസാധ്യത കൂടുതലുള്ള ഇത്തരം നിയമലംഘനങ്ങള്‍ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ എ.ഐ ക്യാമറ കൊണ്ട് എന്ത് പ്രയോജനമെന്നാണ് ജനം ചോദിക്കുന്നത്. റോഡിലെ നിയമലംഘനങ്ങളെല്ലാം കണ്ടെത്താന്‍ കൃത്യമായ സാങ്കേതിക സംവിധാനങ്ങളൊരുക്കാതെ ജനത്തിന്റെ പണം പിടിച്ചുപറിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന ആക്ഷേപം ശക്തമാകുകയാണ്.