ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചെത്തി; 24കാരി ഭർതൃവീട്ടിൽ മരിച്ച നില‌യിൽ

കണ്ണൂർ: കണ്ണൂർ പിണറായിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്. നാലാംമൈലിലെ അയ്യപ്പ മഠത്തിന് സമീപത്തെ ഭർതൃവീട്ടിന്റെ രണ്ടാം നിലയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയിൽ ഒരു പിറന്നാൾ പരിപാടിയിൽ പങ്കെടുത്ത് ഭർതൃവീട്ടിൽ തിരിച്ചെത്തിയശേഷമാണ് സംഭവമുണ്ടായത്. ഉടനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർതൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ കതിരൂർ പോലീസിൽ പരാതി നൽകി. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. 2023 ഏപ്രിൽ രണ്ടിനാണ് ഫിറ്റ്നസ് ട്രെയിനറായ സച്ചിനുമായുള്ള മേഖയുടെ വിവാഹം നടന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലി ചെയ്തുവരികയാണ് മേഘ. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്.