ഓണ്‍ലൈന്‍ റമ്മി, 75 ലക്ഷം രൂപയുടെ ബാധ്യത; അക്രമം നടത്തിയത് കടം വീട്ടാനെന്ന് മൊഴി

 

തൃശ്ശൂര്‍: അത്താണിയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പെട്രോളൊഴിച്ച് അക്രമം നടത്തിയത് കടം തീര്‍ക്കാനുള്ള പണത്തിനായെന്ന് സര്‍ക്കാര്‍ ജീവനക്കാരന്റെ മൊഴി. വില്ലേജ് അസിസ്റ്റന്റായ പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടില്‍ ലിജോ(37)യാണ് കഴിഞ്ഞദിവസം അത്താണി ഫെഡറല്‍ ബാങ്ക് ശാഖയില്‍ പെട്രോളൊഴിച്ച് ഭീഷണി മുഴക്കിയത്. ബാങ്ക് ജീവനക്കാരെ ആക്രമിച്ച് പണം തട്ടിയെടുക്കാനാണ് താന്‍ ലക്ഷ്യമിട്ടതെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

ആകെ 75 ലക്ഷത്തോളം രൂപയുടെ ബാധ്യതയാണ് തനിക്കുള്ളതെന്നും ഇതില്‍ 50 ലക്ഷത്തോളം രൂപ ഓണ്‍ലൈന്‍ റമ്മി കാരണമുണ്ടായതാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പതിവായി ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്ന ലിജോയ്ക്ക് ഇതിലൂടെ 50 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ട്. പലരില്‍നിന്നും ലക്ഷങ്ങള്‍ കടം വാങ്ങിയാണ് ലിജോ റമ്മി കളിച്ചിരുന്നത്. ഇത്തരത്തില്‍ ഒട്ടേറെപേര്‍ക്ക് ഇയാള്‍ ലക്ഷങ്ങള്‍ നല്‍കാനുണ്ടെന്നാണ് വിവരം. മാത്രമല്ല, 23 ലക്ഷം രൂപയുടെ വീട് വായ്പയുണ്ടെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.ശനിയാഴ്ച വൈകിട്ടോടെയാണ് കന്നാസില്‍ പെട്രോളുമായെത്തിയ ലിജോ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. കന്നാസിലെ പെട്രോള്‍ കാണിച്ച് ബാങ്ക് കൊള്ളയടിക്കാന്‍ വന്നതാണെന്നും 50 ലക്ഷം രൂപ വേണമെന്നും ലോക്കറിന്റെ ചാവി തരണമെന്നുമാണ് ഇയാള്‍ പറഞ്ഞത്. പിന്നാലെ സ്വയം ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണിയും മുഴക്കി. ഇതിനിടെ ബാങ്കിലെ അസിസ്റ്റന്റ് മാനേജരുടെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ചു. ബാങ്കിലെ ഉദ്യോഗസ്ഥരിലൊരാള്‍ പോലീസിനെ ഫോണ്‍ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ കന്നാസ് കസേരയിലിട്ട് ബാങ്കില്‍നിന്ന് ഇറങ്ങി ഓടി. ബാങ്ക് ജീവനക്കാര്‍ ബഹളംവെച്ചതോടെ നാട്ടുകാര്‍ പിന്തുടര്‍ന്നോടി ഇയാളെ പിടികൂടുകയായിരുന്നു.അറസ്റ്റിലായ ലിജോ വില്ലേജ് ഓഫീസില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥനാണെന്നായിരുന്നു തലപ്പിള്ളി തഹസില്‍ദാരുടെ പ്രതികരണം.