വ്യാജ സർട്ടിഫിക്കറ്റ് പരിശോധിക്കാൻ മറ്റൊരു വ്യാജൻ ; കോഴിയെ നോക്കാൻ കുറുക്കനെ ഏല്പിച്ചപോലെ…
തിരുവനന്തപുരം : നമ്മുടെ സംസ്ഥാനത്ത് വിദ്യാർത്ഥി നേതാക്കളുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദം കൊഴുക്കുകയാണ്. നേതാക്കളുടെ വ്യാജ സർട്ടിഫിക്കറ്റ് വാർത്തകൾ കേവലം ട്രോളുകൾ മാത്രമായി ഒതുക്കി നിർത്താൻ പറ്റുന്നതല്ല..ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നേതാക്കൾ മാത്രം വ്യാജ സർട്ടിഫിക്കേറ്റ് നേടുന്നു. PSC വഴി കോപ്പിയടിച്ച് റാങ്ക് വാങ്ങുന്നു. വ്യാജ Phd കൾ നേടുന്നു. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കേറ്റ് നേടി ഗവണ്മെന്റ് ജോലികൾ താത്കാലികമായി നേടുന്നു. റാങ്ക് പട്ടിക ആട്ടിമറിച്ച് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ മാരായി ജോലിയിൽ പ്രവേശിക്കുന്നു. യോഗ്യതയില്ലാത്തവർ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ഇരിക്കുന്നു. എവിടെ നോക്കിയാലും വ്യാജന്മാരും യോഗ്യത ഇല്ലാത്തവരും മാത്രം. നമ്മുടെ ഉന്നത വിദ്യാഭ്യാസം ഇത്രയും അധപതിച്ചൊരു സമയം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു പ്രൊഫസർ ആയിട്ടുകൂടി ഇങ്ങനെ ഒരു ചിത്രം ചിന്തിക്കാൻ കൂടി കഴിയില്ല. ഇനിയെത്ര വിദ്യാഭ്യാസ കള്ളന്മാർ ഏതൊക്കെ കോളജുകളിൽ ഉണ്ടാകും എന്ന് കണ്ട് തന്നെ അറിയണം. നമ്മുടെ ഉന്നത വിദ്യാഭ്യാസം വെറും ആഭാസമായി മാറുകയാണോ എന്ന് തോന്നും വിധമാണ് നിലവിൽ നടക്കുന്ന സംഭവ വികാസങ്ങൾ. പഠിക്കുന്നവരും പഠിക്കാത്തവരും തമ്മിൽ ഉള്ള അന്തരം ഇല്ലാതാക്കുകയാണോ ഇനിയത്തെ ലക്ഷ്യം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ രീതിയിലാണ് വ്യാജന്മാരുടെ കാര്യങ്ങളുടെ പോക്ക് എങ്കിൽ നിഷ്പക്ഷമായി എല്ലാ കോളേജിലും എല്ലാ തൊഴിലിടങ്ങളും സർട്ടിഫിക്കറ്റ് പരിശോധന നടത്തിയാൽ കേരളം ഞെട്ടും …..തീർച്ചയാണ്. എസ്.എഫ് .ഐ നേതാവായ നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയാണെന്നാണ് സ്ഥിരീകരണം.
ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. നിഖിലിനെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. ഈ പറയുമ്പോൾ ഒരു കാര്യം ചോദിച്ചോട്ടെ
വ്യാജ സർട്ടിഫിക്കറ്റ് വാങ്ങി അഡ്മിഷൻ കൊടുത്തതിനു കോളേജിന് പങ്കൊന്നുമില്ലേ..? .കോളേജിന് വെറുതെ അങ്ങ് ഈ വിഷയത്തിൽ കൈകഴുകാൻ സാധിക്കുമോ ?. നിഖിലിന്”സ്ട്രോങ്ങ് റെക്കമേന്റേഷൻ” നിലാണ് അഡ്മിഷൻ കൊടുത്തത് എന്ന് വാർത്തകളിൽ പറയുന്നു. അങ്ങനെയെങ്കിൽ എല്ലാവരും അറിഞ്ഞുകൊണ്ടുള്ള കളിയാണ് എന്നാണ് മനസിലാക്കേണ്ടത്. എസ്.എഫ്.ഐ നേതാവ് വിദ്യയെ വ്യാജ സർട്ടിഫിക്കെറ്റിന്റെ പേരിൽ പിടിക്കപ്പെട്ടിട്ട് ദിവസങ്ങൾ മാത്രം പിന്നിടവെയാണ് കായംകുളം എം.എസ്.എം കോളേജിലെ രണ്ടാം വർഷ എം.കോം വിദ്യാർഥി നിഖിൽ തോമസ് എം.കോം പ്രവേശനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതായി പുറത്ത് വരുന്നത്. പ്രവേശനം ലഭിക്കാനായി 2019-21 കാലത്തെ കലിംഗ യൂണിവേഴ്സിറ്റിയുടെ ബി.കോം സർട്ടിഫിക്കറ്റ് നിഖിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ കായംകുളത്തും കലിംഗ യൂണിവേഴ്സിറ്റിയിലും ഒരേ കാലത്ത് നിഖിൽ തോമസ് എങ്ങനെ പഠിച്ചു എന്നതാണ് ദുരൂഹത. എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറി അടക്കം ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടിയില്ലാതെ നിൽക്കുകയാണ്. ഒന്നാം സെമസ്റ്ററിൽ നൂറിൽ നൂറ് വാങ്ങിയ എസ്. എഫ്. ഐ സംസ്ഥാന സെക്രട്ടറി ആർഷോ രണ്ടാം സെമസ്റ്ററിൽ ‘സംപൂജ്യ’നായ മഹാരാജാസിലെ പരീക്ഷ വിചിത്രതയും അന്വേഷണം നടത്തേണ്ടതുണ്ട്. . കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണ് ഇത്തരം പ്രവണതകൾ. ഈ നേതാക്കളൊക്കെ നാളെ അധികാര സ്ഥാനത്ത് വന്നാൽ എന്താകും സ്ഥിതി. ഭാവിയിൽ നമ്മെ ഭരിക്കാൻ വരുന്ന ഇവർ ഒക്കെ എങ്ങനെ അഴിമതി കാണിക്കാതിരിക്കും. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ കേരളത്തിലെ മുഴുവൻ സർവ്വകലാശാലയിലേയും അഡ്മിഷൻ സംബന്ധിച്ച് മുഴുവൻ രേഖകളും സർട്ടിഫിക്കറ്റുകളും പരിശോധിക്കപ്പെടേണ്ടത് ഉണ്ട്. സാധീനം ഉപയോഗിച്ച് പലരും എന്തെല്ലാം നേടിയിട്ട് ഉണ്ട് എന്ന്പരിശോധിക്കപ്പെടേണ്ടത് ആണ്. ഇത്തരം ക്രിമിനലുകൾ ഏത് പാർട്ടിയിൽ ഉള്ളവരായാലും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നത് പാർട്ടി നേതൃത്വം അവസാനിപ്പിക്കുകയാണ് വേണ്ടത്. വ്യാജ സർട്ടിഫിക്കറ്റ് നേടിയ ആളുടെ വ്യാജ സർട്ടിഫിക്കറ്റിനെ പറ്റി അനേഷിപ്പിക്കാൻ ആരോപണ വിധേയനായ ആളെ ഏൽപ്പിക്കുന്നതിൽ ഈ വിഷത്തിൽ പാർട്ടി നേതൃത്വത്തിന് എന്ത് ആത്മാർത്ഥതയാണ് ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശരിക്കും പറഞ്ഞാൽ കോഴിയെ നോക്കാൻ കുറുക്കനെത്തന്നെ ഏല്പിക്കുന്നതിന് തുല്യം. നിഖിൽ വ്യാജമായി ഉണ്ടാക്കിയെന്ന് പറയുന്ന സർട്ടിഫിക്കറ്റിന് കേരള യുണിവേഴ്സിറ്റി തുല്യത സർട്ടിഫിക്കറ്റ് കിട്ടിയെന്നാണ് പറയപ്പെടുന്നത്. തുല്യതാ സർട്ടിഫിക്കറ്റ് കിട്ടി എന്നു പറഞ്ഞാൽ ഈ രണ്ടു സർവ്വകലാശാല കളിലെയും ബിരുദങ്ങൾ തുല്യം എന്നേ അർത്ഥമുള്ളൂ. സർട്ടിഫിക്കറ്റ് വ്യാജൻ ആണോ എന്ന പരിശോധന അല്ല. എന്തൊരു നാട്. പലരും കാശ് അടച്ച് ഡിഗ്രി സപ്ലിമെൻ്ററി പരിക്ഷ എഴുതി പാസാകാതെ വർഷങ്ങളായി ഇരിക്കുമ്പോഴാണ് ചുളുവിൽ പലരും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നേടി നേട്ടങ്ങൾ കൊയ്യുന്നതെന്ന് മനസ്സിലാക്കണം. ഈ രീതിയിൽ ആണെങ്കിൽ കഴിഞ്ഞ എഴുവർഷത്തെ നിയമനങ്ങളിലും പി എസ് സി യുടെ അടക്കം നടന്നിട്ടുള്ള പരീക്ഷളുടെയും റിസൾട്ട് പരിശോധിച്ചാൽ എത്രയെണ്ണം വ്യാജവും തിരുത്തിയതും കാണും. അതായത് എന്തു ചെയ്യാനും മടിയില്ലയെന്നു മാത്രമല്ല അതിനൊക്കെ വേണ്ട സഹായം കിട്ടാൻ വകുപ്പുകളുമുണ്ട് എന്നാണ് സാധാരണക്കാർ മനസിലാക്കേണ്ടത്. വിദ്യയുടെ കേസിൽത്തന്നെ യൂണിവേഴ്സിറ്റിയുടെ ലെറ്റർഹെഡും സീലും ഒക്കെ ഒറിജിനൽ ആയിരുന്നുയെന്നു പറയുമ്പോൾ അതെങ്ങനെ ഈ തട്ടിപ്പുകാരിയുടെ കയ്യിൽ കിട്ടി എന്ന് മനസിലാകുന്നില്ല. മുൻപ് ഇന്ത്യയിലെ തന്നെ അഴിമതി കുറഞ്ഞ സംസ്ഥാനമായിരുന്നു കേരളമെങ്കിൽ ഇപ്പോൾ അഴിമതിയിൽ കേരളം ഒന്നാം സ്ഥാനത്തേയ്ക്ക് നീങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇപ്പോൾ നേതാക്കൾക്കും പ്രമൂഖ പാർട്ടികൾക്കുമൊക്കെ അഴിമതി ചെയ്യുന്നതിലല്ല. വിവരം പുറത്താവുന്നതിലാണ് വ്യസനം എന്നായിരിക്കുന്നു. പണ്ട് ഇവിടെ അധ്യാപകർക്ക് മഹനീയ സ്ഥാനമാണ് സമൂഹം കല്പിച്ചിരുന്നത്. മാതാപിതാ ഗുരു ദൈവം എന്നാണ് നമ്മുടെ സങ്കൽപ്പം. ഇപ്പോൾ ആ അവസ്ഥയ്ക്ക് പോലും മാറ്റം വന്നപോലെയാണ് കാര്യങ്ങൾ. വ്യാജബിരുദ സർട്ടിഫിക്കറ്റ് കേസിൽ അധ്യാപകർ ഉൾപ്പെടെ ചോദ്യം ചെയ്യപ്പേടേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു…… നല്ല പ്രബുദ്ധ കേരളം. നമ്മുടെ നാടിന്റെ ഒരവസ്ഥയെചുമ്മാതല്ല കേരളത്തിൽ നിന്ന് കുട്ടികൾ വിദേശത്തേക്ക് ചെക്കേറുന്നത്.