സമൂഹത്തിനു പരുക്കേല്‍പ്പിക്കുന്ന യുട്യൂബര്‍മാരുടെ പ്രവര്‍ത്തനമാണ്‌ അവസാനിപ്പിക്കേണ്ടത്.തൊപ്പിയുടെ അറസ്‌റ്റ്‌

വിവാദ യുട്യൂബറുടെ അറസ്‌റ്റിനു മാധ്യമങ്ങള്‍ വലിയ പ്രാധാന്യമാണു നല്‍കിയിരിക്കുന്നത്‌. പല വ്‌ളോഗര്‍മാരും യുട്യൂബര്‍മാരും പുതിയകാല ‘ഹീറോ’കള്‍ ആണെന്നിരിക്കേ നിയമ നടപടിയില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയാണ്‌.യാതൊരു നിയന്ത്രണവുമില്ലാതെ പല യുട്യൂബര്‍മാരും പങ്കുവയ്‌ക്കുന്ന ഉള്ളടക്കത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷത്തിനും യോജിപ്പില്ല. ഇതൊരു ശ്രദ്ധേയ കാര്യം തന്നെ. പലപ്പോഴും യുട്യൂബ്‌ ചാനലുകളും ഇന്റര്‍നെറ്റിലെ ഏതെങ്കിലും പ്രത്യേക ഉള്ളടക്കങ്ങളും തടയാനുള്ള ഉത്തരവുകള്‍ ഐ ടി നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കാറുണ്ട്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ , സര്‍ക്കാരിന്‌ ഇഷ്‌ടമില്ലാത്തവ തടയാന്‍ നീക്കം നടക്കുന്നതായി ആരോപണങ്ങളും ഉയരാറുണ്ട്‌. അധികാരികള്‍ക്ക്‌അതൃപ്‌തിയുള്ളവരെയല്ല, സമൂഹത്തിനു ‘പരുക്കേല്‍പ്പിക്കുന്ന’ യുട്യൂബര്‍മാരുടെ പ്രവര്‍ത്തനമാണ്‌ അവസാനിപ്പിക്കേണ്ടതെന്ന വാദത്തിനു ബലം നല്‍കുന്ന സംഭവങ്ങളാണ്‌ ഇപ്പോള്‍ ഉണ്ടായത്‌.

നേരത്തേ, യ്യുട്യൂബര്‍മാരായ ‘ഇ ബുള്‍ ജെറ്റ്‌’ സഹോദരന്മാര്‍ കണ്ണൂരില്‍ അറസ്‌റ്റ് ചെയ്യപ്പെട്ടപ്പോഴും ഏറെ വാര്‍ത്താപ്രാധാന്യം ലഭിച്ചിരുന്നു. രൂപമാറ്റം വരുത്തിയും നികുതി അടയ്‌ക്കാതെയും ഓടിച്ച ഇവരുടെ വാഹനം മോട്ടോര്‍ വാഹനവകുപ്പ്‌ പിടിച്ചെടുത്തതിനെത്തുടര്‍ന്ന്‌ ഇവരുടെ ആരാധകരടക്കം സൃഷ്‌ടിച്ച പുകിലുകള്‍ ചില്ലറയല്ല. കണ്ണൂര്‍ ആര്‍.ടി. ഓഫീസിലെത്തിയ സഹോദരങ്ങള്‍ തട്ടികയറുകയും ജോലി തടസപ്പെടുത്തുകയും ചെയ്‌തതായി ഉദ്യോഗസ്‌ഥരുടെ പരാതിയുണ്ടായി. തുടര്‍ന്നുള്ള അറസ്‌റ്റും ഇവര്‍ നടത്തിയ വെല്ലുവിളിയുമെല്ലാം കേരളം കണ്ടതാണ്‌. നാടു കത്തിക്കുമെന്ന തരത്തിലുള്ള ഭീഷണിസ്വരങ്ങള്‍ കേരളം ഇതുവരെ കേള്‍ക്കുകയോ കാണുകയോ ചെയ്‌തിട്ടുള്ള ഒന്നായിരുന്നില്ല. ആയിരക്കണക്കിനു ഫോളോവേഴ്‌സുണ്ടെന്ന ആത്മവിശ്വാസമാണ്‌ യുട്യൂബര്‍മാരെക്കൊണ്ട്‌ ഇത്തരത്തില്‍ അക്രമങ്ങള്‍ ചെയ്യിപ്പിച്ചതെന്ന വിലയിരുത്തലുണ്ടായി. എന്നാല്‍ യുട്യൂബര്‍ ‘തൊപ്പി’ എന്ന നിഹാദിന്റെ അറസ്‌റ്റ്‌ മറ്റൊരു സാഹചര്യത്തിലാണ്‌ ഉണ്ടായത്‌.പൊതുസ്‌ഥലത്തു തെറിപ്പാട്ടു പാടുകയും മണിക്കൂറുകള്‍ ദേശീയപാതയില്‍ ഗതാഗത തടസം സൃഷ്‌ടിക്കുകയും ചെയ്‌ത കേസിലാണ്‌ അറസ്‌റ്റ്. കഴിഞ്ഞയാഴ്‌ച്ച വളാഞ്ചേരി – കോഴിക്കോട്‌ റോഡില്‍ വസ്‌ത്രവ്യാപാരശാലയുടെ ഉദ്‌ഘാടനത്തിന്‌ എത്തിയപ്പോഴായിരുന്നു തൊപ്പിയുടെ തെറിപ്പാട്ട്‌. തൊപ്പിയുടെ ആരാധകരായി തടിച്ചുകൂടിയവരിലേറയും സ്‌കൂള്‍ കൂട്ടികളായിരുന്നു. വളാഞ്ചേരി സംഭവത്തോടെ തൊപ്പിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. ഒട്ടേറെ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവര്‍മാര്‍ കണ്ണൂര്‍ സ്വദേശിയായ തൊപ്പിക്കെതിരേ രംഗത്തുവന്നു. പൊതുജനങ്ങള്‍ക്കിടയില്‍ അശ്ലീല പദപ്രയോഗം നടത്തിയതിന്‌ ഐ.പി.സി- 294ബി, ഗതാഗത സംതംഭനം സൃഷ്‌ടിച്ചതിന്‌ ഐ.പി.സി- 283 എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്തത്‌. വളാഞ്ചേരി പോലീസ്‌ എടുത്ത കേസില്‍ തൊപ്പിക്കു ജാമ്യം ലഭിച്ചെങ്കിലും സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ പരാതികള്‍ നിലവിലുള്ളതിനാല്‍ നിയമക്കുരുക്കു മുറുകുമെന്നുറപ്പ്‌.വസ്‌ത്രശാലയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഉണ്ടായ സംഭവങ്ങളുടെ പേരിലെ അറസ്‌റ്റും പോലീസിന്റെ സമീപനവും പലരുടേയും നെറ്റിചുളിക്കുന്നതായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചെത്തിയാണ്‌ പോലീസ്‌ തൊപ്പിയെ കസ്‌റ്റഡിയില്‍ എടുത്തത്‌. ഗതാഗതതടസം ഉണ്ടാകാത്ത രീതിയില്‍ പരിപാടി നടത്താന്‍ കഴിയാത്തതു സംഘാടകരുടെ പിടിപ്പുകേടാണ്‌. തൊപ്പി പറഞ്ഞതിലും അശ്ലീലകരമായ വാക്കുകള്‍ സിനിമയിലും സമൂഹിക മാധ്യമങ്ങളിലും ഇന്നൊരു പുതുമയല്ല. എന്നിട്ടും തൊപ്പിയോടു മാത്രം ഇങ്ങനെയൊരു വിവേചനമെന്ന ചോദ്യമാണ്‌ ഈ യുവാവിനെ പിന്തുണയ്‌ക്കുന്നവര്‍ ഉയര്‍ത്തുന്നത്‌.

ഇപ്പോള്‍ തൊപ്പിക്കെതിരേ സ്വീകരിച്ചിരിക്കുന്ന നടപടികളോടു യോജിക്കാത്തവരില്‍ അദ്ദേഹത്തിന്റെ യ്യുട്യൂബ്‌ വീഡിയോകള്‍ ഇഷ്‌ടപ്പെടാത്തവരുമുണ്ട്‌. പലതിന്റേയും ഉള്ളടക്കം സഭ്യത വിട്ടുള്ളതാണെന്നും സ്‌ത്രീ വിരുദ്ധമാണെന്നുമാണ്‌ പരക്കെയുള്ള ആക്ഷേപം. വലിയൊരു വിഭാഗത്തിനു തൊപ്പിയോടുള്ള എതിര്‍പ്പു നിലനില്‍ക്കേയാണു കിട്ടിയ അവസരത്തിലുള്ള പോലീസിന്റെ അറസ്‌റ്റ്. തൊപ്പിയുടെ അറസ്‌റ്റിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ഉള്ളടക്കം സൃഷ്‌ടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ്‌ രംഗത്തുവന്നു. ഇപ്പോഴത്തെ സംഭവങ്ങളേക്കാള്‍ തൊപ്പിയുടെ യൂട്യൂബ്‌ വീഡിയോകളിലെ ഉള്ളടക്കേത്താടുള്ള എതിര്‍പ്പാണ്‌ തിരക്കുപിടിച്ചുള്ള അറസ്‌റ്റിലേക്കു പോലീസിനെ നയിച്ചതെന്നു വ്യക്‌തം. ഇത്രയധികം വിമര്‍ശിക്കപ്പെടുന്ന തൊപ്പിയുടെ ആരാധകരിലേറെയും സ്‌കൂള്‍ കുട്ടികളാണെന്നത്‌ അതീവ ഗൗരവമുള്ള കാര്യമാണ്‌.

കാഴ്‌ചക്കാരും വരിക്കാരും വര്‍ധിക്കുന്നതിന്‌ അനുസരിച്ച്‌ യുട്യൂബര്‍മാരുടെ വരുമാനത്തിലും വര്‍ധനയുണ്ടാകും. അതുകൊണ്ടുതന്നെ കച്ചവടത്തിനു സഹായിക്കുന്ന ഉള്ളടക്കവും അവതരണ രീതിയും നടത്തണമെന്നല്ലാതെ അത്‌ ആളുകളില്‍ സൃഷ്‌ടിക്കാവുന്ന സ്വാധീനത്തെക്കുറിച്ചു പലരും ചിന്തിക്കാറേയില്ല. നല്ലതും ചീത്തയും ഇല്ലെന്നും പ്രശ്‌നം കാഴ്‌ച്ചപ്പാടിന്റെ മാത്രമാണെന്നു വാദിക്കുന്നവരും വര്‍ധിക്കുമ്ബോഴാണ്‌ തൊപ്പിയുടെ അറസ്‌റ്റ്‌. സാമൂഹിക മാധ്യമങ്ങളുടെ ഇരുണ്ട വശങ്ങെളക്കുറിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ക്കും ഗുണകരമായ തിരുത്തലുകള്‍ക്കും ഇത്തരം നിയമനടപടികള്‍ സഹായിച്ചാല്‍ അത്രയും നല്ലത്‌.