മഴ ഇന്നും ശക്തം: രണ്ട് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്

 

തിരുവനന്തപുരം:  മഴ ശക്തമായി ഇന്നും തുടരും. കിഴക്കൻ മേഖലയിലും മഴ ശക്തിപ്പെടും. കഴിഞ്ഞ ദിവസങ്ങളിൽ തീരദേശത്ത് ശക്തിപ്പെട്ട മഴ ഇടനാട്ടിലും മലയോരത്തും ശക്തിപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഖനന പ്രവർത്തനങ്ങളും മറ്റും നടക്കുന്ന കിഴക്കൻ മലയോര
മേഖലയിൽ, ഉരുൾ പൊട്ടൽ സാധ്യത പ്രദേശങ്ങളിൽ ഇന്ന് രാത്രി ജാഗ്രത വേണ്ടിവരും. രാത്രിയാത്ര ഈ മേഖലയിൽ പാടില്ല. വിനോദ സഞ്ചാരത്തിന് കിഴക്കൻ മേഖലകളിലേക്ക് പോകരുത്. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടത്തെ പുഴകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നൽകിയിട്ടുണ്ട്. അന്തരീക്ഷത്തിന്റെ എല്ലാ ഉയരങ്ങളിലും കാറ്റ് ശക്തമാണ്.
എല്ലാ ജില്ലകളിലും സ്കൂളിന് അവധി നൽക്കാൻ വേണ്ട അന്തരീക്ഷ സ്ഥിതിയാണ് നിലവിലുള്ളത്. അലർട്ടുകൾ മാത്രമല്ല ഇതിന് പരിഗണിക്കേണ്ടത്. വെള്ളിയാഴ്ചയോടെ മഴയുടെ ശക്തി കുറയും. ശനിയാഴ്ചക്ക് ശേഷം വെയിൽ തെളിയും.
അത് വരെ കാലാവസ്ഥ മുന്നറിയിപ്പുകൾ ജാഗ്രതയോടെ പാലിക്കുക. മഴ മുന്നറിയിപ്പ് കാണുമ്പോൾ നല്ല വെയിൽ പ്രതീക്ഷിച്ച് കുടയെടുക്കാതെ പുറത്തിറങ്ങിയാൽ മഴ കൊള്ളാതെ തരമുണ്ടാകില്ല. കടൽക്ഷോഭം തുടരുന്നതിനാൽ ബീച്ചുകളിൽ വിനോദ
പ്രവർത്തനങ്ങളും സുരക്ഷിതമല്ല.