വയനാട് : ശക്തമായ മഴയിൽ വയനാട് മാനന്തവാടിയിൽ നിർമാണത്തിലിരുന്ന റോഡ് തകർന്നു
. തവിഞ്ഞാൽ പഞ്ചായത്തിലെ വിമല നഗർ – വാളാട് റോഡാണ് തകർന്നത്. കബനി പുഴയോരത്തെ റോഡരുകിലെ നടപ്പാതയടക്കം പുഴയിലേക്ക് തകർന്നു വീഴുകയായിരുന്നു
പൊതുമരാമത്ത് വകുപ്പിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 105 കോടി രൂപ ചെലവിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡാണ് ഉദ്ഘാടനത്തിന് മുമ്പ് തകർന്നു വീണത്. കുളത്താടയില്‍ നിന്ന് വാളാടേക്ക് പുഴയരികിലൂടെ പോകുന്ന 27 കിലോമീറ്റര്‍ റോഡില്‍ പുലിക്കാട്ട് കടവ് പാലത്തിന് സമീപത്തെ ഇന്റര്‍ലോക്ക് ചെയ്ത ഭാഗം പൂർണമായും പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നു..
കെഎസ്ടിപിയുടെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്. പ്രളയത്തില്‍ റോഡ് മുങ്ങിപ്പോകുന്നത് കൂടി കണക്കിലെടുത്ത് മണ്ണിട്ട് ഉയര്‍ത്തിയായിരുന്നു നിർമാണം. അതേസമയം, നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും പൂര്‍ണ തോതില്‍ സെറ്റാകുന്നതിന് മുന്‍പ് പുഴയില്‍ വെള്ളം ഉയര്‍ന്ന്, അടിയിലെ മണ്ണ് നിരങ്ങിയതാണ് റോഡ് ഇടിയാന്‍ കാരണമെന്നാണ് കരാർ കമ്പനിയുടെ വാദം . എന്നാല്‍ കോടികൾ ചിലവഴിച്ച് നിര്‍മ്മിച്ച റോഡ് ഉദ്ഘാടനത്തിന് മുന്നേ തകര്‍ന്നത് പ്രവൃത്തിയിലെ പിഴവ് മൂലമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിൽ അഴിമതിനടന്നിട്ടുണ്ടോ എന്നുള്ള സംശയമുള്ളതായും നാട്ടുകാർ ആരോപിക്കുന്നു.