തെങ്ങ് കൃഷിയിൽ അറിയേണ്ടത്

തെങ്ങ് അഥവാ കേരവൃക്ഷം , കൊക്കോസ് ജനുസിൽ ഇന്നു നിലവിലുള്ള ഏക അംഗമാണ് തെങ്ങ്. പനവർഗ്ഗത്തിൽപ്പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്.  തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു. 18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം വളരുന്ന തെങ്ങുകളും അപൂർവ്വമല്ല. ലോകമെങ്ങുമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നീർവാർച്ചയുള്ള മണ്ണിൽ തെങ്ങു വളരുന്നു. കേരളത്തിന്റെ സംസ്ഥാനവൃക്ഷമാണ് തെങ്ങ്. കേരളീയർ അവർക്ക് എന്തും നൽകുന്ന വൃക്ഷം എന്ന അർത്ഥത്തിൽ തെങ്ങിനെ കല്പവൃക്ഷം എന്നും വിളിക്കുന്നു.കേരളത്തിലെ ഏറ്റവുംമികച്ച തെങ്ങ് ഇനമായി കുറ്റ്യാടി തെങ്ങിനെ കണക്കാക്കുന്നു. ഉപ്പുജലത്തിന്റെ സാമീപ്യവും ഉപ്പുകാറ്റുമുള്ള പ്രദേശങ്ങൾ(തീരപ്രദേശങ്ങൾ) തെങ്ങിന് വളരാൻ പറ്റിയ അന്തരീക്ഷമൊരുക്കുന്നു. തെങ്ങ് ഒരു ഉഷ്ണമേഖലാ സസ്യമാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾക്ക് അനുസരിച്ച് വളരാനുള്ള കഴിവുണ്ടെങ്കിലും അതിശൈത്യവും കനത്ത വരൾച്ചയും താങ്ങാൻ ചിലപ്പോൾ തെങ്ങിന് സാദ്ധ്യമാവാറില്ല. ഇളകിയ മണൽ ചേർന്ന പശിമരാശി മണ്ണാണ് വളരാൻ ഏറ്റവും അനുയോജ്യം (മണ്ണിന്റെ pH 5.0 മുതൽ 8.0 വരെ .തീരപ്രദേശങ്ങളിലെ മണൽ മണ്ണിലും തെങ്ങ് വളരും. അടിയിൽ പാറയോടു കൂടിയ ആഴമില്ലാത്ത മണ്ണോ വെള്ളക്കെട്ടുള്ള താണ പ്രദേശങ്ങളോ, കളിമൺ പ്രദേശങ്ങളോ വിജയകരമായ തെങ്ങുകൃഷിക്ക് അനുയോജ്യമല്ല. കടുത്ത മഴയും (പ്രതിവർഷം 1300-2300 മി.മീ അനുയോജ്യം ആർദ്രതയും ഉള്ള പ്രദേശങ്ങളിൽ തെങ്ങ് അനായാസമായി വളരുന്നു.തൂണുപോലെ ഒറ്റത്തടിയായി വളരുന്നു. ഇളം ചാരനിറമുള്ള തടിയിൽ ഉടനീളം ഇലയുടെ പാടുകൾ വളയങ്ങളായി കാണപ്പെടുന്നു. തടിയുടെ മുകളഗ്രഭാഗത്തുമാത്രം പിച്ഛകപത്രങ്ങൾ/ഇലകൾ(ഓലകൾ) ഉണ്ടാകും. ഓലകൾ നാനാദിശയിലേക്കും നീണ്ടിരിക്കും. ഓലകൾ തടിയിൽ ചേരുന്ന ഭാഗങ്ങൾക്കിടയിലൂടെയാണ് പൂക്കുലകളും വിത്തുകളും ഉണ്ടാകുന്നത്. ഓലമടലുകൾക്ക് അഞ്ചു മീറ്റർ വരെ നീളമുണ്ടാകാറുണ്ട്. ഓലമടലുകളിൽ നിന്ന് ഇരുവശങ്ങളിലേക്കും ക്രമമായി ഓലക്കാലുകൾ ഉണ്ടാകും ഒരുമീറ്റർ വരെ നീളവും 5 സെന്റീമീറ്റർ വരെ നീളവും ഓലക്കാലുകൾക്കുണ്ടാകും. ഓലക്കാലുകൾ കുന്താകാരമാണ്. പത്രവൃന്തത്തിനു 60-150 സെ.മീ. നീളമുണ്ടാവും. ഓലക്കാലുകളെ സൂര്യപ്രകാശം സ്വീകരിക്കാൻ പാകത്തിൽ ഭൂമിക്കു സമാന്തരമായി നിർത്തുന്നത് അവയുടെ നടുക്കുകൂടി കടന്നു പോകുന്ന നീണ്ട ബലമുള്ള ഭാഗമാണ് ഈർക്കിൽ. ഇലകളുടെ കക്ഷങ്ങളിൽ നിന്നാണ് പൂങ്കുല വിരിയുന്നത്. പൂങ്കുലകൾ അനേകം ശാഖകളോടുകൂടിയതാണ്. ശാഖകളുടെ അടിയറ്റത്ത് ഒറ്റയായി പെൺപൂക്കൾ കാണപ്പെടുന്നു. ഇതിനു മുകളിലായി ആൺപൂക്കൾ അടുക്കടുക്കായി ശാഖയുടെ അഗ്രം വരെ കാണപ്പെടുന്നു.ഒരേ പൂങ്കുലയിൽ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുകയാണ് സാധാരണമെങ്കിലും ചില തെങ്ങുകളിൽ ആൺപൂക്കൾ മാത്രമായോ പെൺപൂക്കൾ മാത്രമായോ ഉണ്ടാകാറുണ്ട്. സാധാരണ പൂക്കുലയിൽ കൂടുതലും ആൺപൂക്കളാണുണ്ടാവുക. പൂക്കുലയുടെ അടിയിൽ പെൺപൂക്കൾ കൂടുതലായുണ്ടാവും.