വെപ്പുപല്ലുകളും നൂതന മാര്ഗ്ഗങ്ങളും
അത്യാധുനിക ഇമ്മീഡിയേറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയംകൊണ്ട് ഡെൻറൽ ഇംപ്ലാൻറോളജിസ്റ്റ് നിങ്ങൾക്ക് ഉറപ്പുള്ള പല്ലുകൾ നൽകും.
പ്രായത്തോടൊപ്പം പല്ലുകളും കൊഴിഞ്ഞുപോകുമെന്നുള്ള ഒരു തെറ്റിധാരണ പരക്കെ നിലനിൽക്കുന്നുണ്ട്. വാർധക്യത്തിലെ പല്ലുകൊഴിച്ചിൽ അനിവാര്യമായ ഒരു ജീവിതസത്യമായി കണക്കാക്കപ്പെടുന്നു, യഥാർത്ഥത്തിൽ, പല്ലുകൊഴിച്ചിലിൻറെ ശരിയായ കാരണം പ്രായമേറുന്നതല്ല. മറിച്ച്, പല്ലുകൾക്കു സംഭവിക്കുന്ന ക്ഷയം, മോണവീക്കം തുടങ്ങിയ രോഗകാരണങ്ങളാണതിനു കാരണമാകുന്നത്. കൃത്യസമയത്തു ചികിത്സ നൽകാതിരുന്നാൽ ഈ രോഗങ്ങൾ ദന്തനാശത്തിനു കാരണമാകുകയും വ്യക്തിയുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇക്കാരണത്താൽ, ദന്തപരിപാലനത്തിലെ പ്രധാന ഘടകം ദന്തങ്ങളുടെ ആരോഗ്യവും ശുചിത്വവും നന്നായി സംരക്ഷിക്കുക എന്നതാണ്.
ഏതെങ്കിലും കാരണങ്ങളാൽ പല്ലുകൾ നഷ്ടമാകുന്നപക്ഷം ചവയ്ക്കൽ പ്രക്രിയയുടെ സന്തുലിതാവസ്ഥ നഷ്ടമാകുകയും ബാക്കിയുള്ള പല്ലുകളേയും മോണയേയും താടിയെല്ലുകളേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. കുറെ കഴിയുമ്പോൾ, നഷ്ടപ്പെട്ട പല്ലുകൾ മൂലം താടിയെല്ലിൻറെ രൂപത്തിനു ഹാനി സംഭവിക്കുകയും കവിളും മുഖവും ചുരുങ്ങി വികലമായി പ്രായം തോന്നിക്കുകയും ചെയ്യുന്നു. പല്ലുകളുടെ അഭാവംമൂലം ചവയ്ക്കലും ഭക്ഷണം കഴിക്കലും പ്രയാസമേറിയതായിത്തീരുകയും പോഷകാഹാരക്കുറവുമൂലം വേഗത്തിൽ വാർധക്യത്തിനു കീഴ്പ്പെടുകയും ചെയ്യുന്നു. അതിനാൽ, പലവിധ പ്രശ്നങ്ങൾ ഒഴിവാക്കാൻ കൊഴിഞ്ഞ പല്ലിനു പകരം എത്രയും പെട്ടെന്ന് പുതിയ പല്ല് വച്ചുപിടിപ്പിക്കണം.
കൊഴിഞ്ഞ പല്ലിനു പകരം പുതിയ പല്ല്
നഷ്ടപ്പെട്ട പല്ല് രണ്ടുവിധത്തിൽ മാറ്റിവയ്ക്കാവുന്നതാണ്. ഊരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകൾ വഴിയും, ഉറപ്പിച്ചുവയ്ക്കാവുന്ന ഫിക്സഡ് പ്രോസ്തസിസ് വഴിയും. മാറ്റിവെയ്ക്കേണ്ട പല്ലുകളുടെ എണ്ണമനുസരിച്ച് വെപ്പു പല്ലുകൾ പൂർണമായതോ ഭാഗികമായതോ ആകാം. പല്ലുകൾ നഷ്ടപ്പെട്ട അനേകായിരം പേർക്കു വെപ്പുപല്ലുകൾ അനുഗ്രഹമായിട്ടുണ്ട്. അനേകം ദശാബ്ദങ്ങളായി ഇതു മാത്രമായിരുന്നു അതിനു ഏക പോംവഴി.
വെപ്പുപല്ലുകളുടെ ന്യൂനതകൾ
നൂതന സാങ്കേതികതയുടെ സഹായത്താൽ സമീപകാലത്ത് വെപ്പുപല്ലുകൾ മുൻകാലങ്ങളെ അപേക്ഷിച്ച് രോഗികൾക്കു കൂടുതൽ സൗകര്യപ്രദമായി തീർന്നിട്ടുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ ഈരിയെടുക്കാവുന്ന തരത്തിലുള്ള വെപ്പുപല്ലുകളിൽ പലരും തൃപ്തരല്ലെന്നതിനു ചില കാരണങ്ങൾ താഴെപ്പറയുന്നു:
* ചവയ്ക്കാൻ ഇതുവഴി ഏറെ പ്രയാസം നേരിടുന്നു. (യഥാർഥ പല്ലുകൾ നൽകുന്ന സൗകര്യത്തിൻറെ പകുതിയിൽ താഴെ മാത്രമേ ചവയ്ക്കലിനു വെപ്പുപല്ലുകൾ സഹായകമാകൂ). രുചിയും ഊഷ്മാവും വ്യത്യസ്തമായി അനുഭവപ്പെടുകയും ഭക്ഷണത്തിൻറെ ആസ്വാദ്യത കുറയുകയും ചെയ്യുന്നു.
* ദുഷിച്ച ശ്വാസം, സംസാരിക്കുന്നതിനുള്ള പ്രയാസം…. പ്രത്യേകിച്ച് ആദ്യമായി ഉപയോഗിക്കുന്നവരിൽ അസുഖകരമായ ശബ്ദങ്ങൾ ഉപയോക്താവിനു അലോരസമുണ്ടാക്കുംവിധമുള്ള ശബ്ദങ്ങൾക്കു വെപ്പു പല്ലുകൾ കാരണമാകും.
* ചവയ്ക്കുന്നതിനുള്ള പ്രയാസംമൂലം ഭക്ഷണം കഴിക്കുന്നതിനെ ബാധിക്കുകയും അതുവഴി പോഷകാഹാരക്കുറവ് സംഭവിക്കുകയും ചെയ്യുന്നു. അതിൻറെ ഫലമായി ആരോഗ്യം കുറയുന്നു. അളവ് തെറ്റിയതും, ന്യൂനതകളുള്ളതുമായ വെപ്പു പല്ലുകൾ ഉപയോക്താവിൻറെ ദൈനംദിന പ്രവർത്തികൾക്ക് തടസം സൃഷ്ടിക്കുന്നു. സമൂഹത്തെ അഭിമുഖീകരിക്കുന്നതിനും, ശാരീരിക- കായിക പ്രവർത്തികളിൽ ഏർപ്പെടുന്നതിനും അവർക്കു തടസം അനുഭവപ്പെടുന്നു. വ്യക്തിബന്ധങ്ങളെപ്പോലും അതു പ്രതികൂലമായി ബാധിക്കുന്നു. പല്ലുകൾ ഉറപ്പിക്കാൻ ഉപയോഗിക്കുന്ന പശകൾ പലപ്പോഴും ഉപകാരത്തേക്കാൾ ദോഷമാണ് ഉളവാക്കുന്നത്.
* താടിയെല്ലുകൾ ചുരുങ്ങി ക്രമേണ വെപ്പുപല്ലുകൾ ചേരാതെ വരുന്നതു തടയാൻ മാർഗമില്ല. തത്ഫലമായി മുഖത്തിനു വൈരൂപ്യം സംഭവിക്കുകയും പ്രായമേറിയ പ്രതീതി ജനിപ്പിക്കുകയും ചെയ്യുന്നു. അപൂർവം ചില സന്ദർഭങ്ങളിൽ, രോഗികളുടെ മുഖം ചുരുങ്ങി വികൃതമാകുകയും തുടർന്നു വെപ്പുപല്ല് ഉപയോഗിക്കാനാവാത്ത വിധമാകുകയും ചെയ്യുന്നു.
* ഫിക്സ് ചെയ്ത കൃത്രിമ ദന്തങ്ങളെ അപേക്ഷിച്ചു വെപ്പുപല്ലുകൾക്കുള്ള ഏക മേന്മ അവയ്ക്കു ചിലവു കുറവാണെന്നുള്ളതാണ്. എന്നാൽ അത്യാധുനിക സാങ്കേതികതയുപയോഗിച്ച് നിർമിച്ച ഏറ്റവും മികച്ച വെപ്പുപല്ലുകൾക്കുപോലും ഫിക്സ് ചെയ്ത ദന്തങ്ങൾ നൽകുന്ന സുഖവും സൗകര്യവും നൽകാനാവില്ല.
ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ചികിത്സ
വെപ്പുപല്ലുകളും നൂതന മാർഗങ്ങളും
ഇമ്മീഡിയറ്റ് ലോഡിംഗ് എന്നാൽ ഇംപ്ലാൻറ് ചെയ്തതിനുശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ പല്ല് ഉറപ്പിക്കുവാൻ സാധിക്കുന്നു എന്നുള്ളതാണ്. ആധുനിക ഇമ്മീഡിയറ്റ് ലോഡിംഗ് ഇംപ്ലാൻറ് ചികിത്സയുടെ മേന്മകൾ അനവധിയാണ്. വളരെ മോശപ്പെട്ട ദന്തരോഗ അവസ്ഥകളിൽപോലും പല്ലുകൾ എടുത്ത ഉടനെ ഇംപ്ലാൻറ് ഘടിപ്പിക്കുവാൻ സാധിക്കുന്നു. പലപ്പോഴും ബോൺ ഗ്രാഫ്റ്റിംഗ് മുതലായ സങ്കീർണ ചികിത്സകൾ ഇല്ലാതെതന്നെ എല്ലുകൾ തീരെ കുറവുള്ള അവസ്ഥകളിൽവരെ ഇംപ്ലാൻറ് ചെയ്യുവാൻ സാധിക്കുന്നു. തുറന്ന ശസ്ത്രക്രിയകൾക്കുപകരം കീഹോൾ ശസ്ത്രക്രിയയിലൂടെ ഇംപ്ലാൻറ് ചെയ്യുന്നതിനാൽ പാർശ്വഫലങ്ങൾ കുറയുന്നു. പെരി ഇംപ്ലാൻറ് ഐറ്റിസ് എന്ന അവസ്ഥ മൂലം ഇംപ്ലാൻറുകൾ പരാജയപ്പെടുന്ന സാഹചര്യം ഈ ആധുനിക ചികിത്സാ സമ്പ്രദായത്തിൽ വളരെ വിരളമാണ്. താടിയെല്ലിൻറെ ബലമേറിയ ഭാഗമായ ബേസൽ ബോണൽ ഇംപ്ലാൻറ് ഘടിപ്പിക്കുന്നതിനാൽ വളരെയധികം മേന്മകൾ ഈ ചികിത്സാ സമ്പ്രദായത്തിനുണ്ട്.
ഫിക്സ് ചെയ്ത പല്ലുകളുടെ മേന്മകൾ
* ഉപയോഗംകൊണ്ടും, സൗന്ദര്യപരമായും, മാനസീകമായും സ്വാഭാവിക ദന്തങ്ങൾ പോലെ തന്നെ അനുഭവപ്പെടുന്നു.
* സ്വാഭാവിക ദന്തങ്ങൾകൊണ്ടന്നതുപോലെ അനായാസമായി ചവയ്ക്കാൻ കഴിയുന്നു. ഭക്ഷണത്തിൻറെ രുചിയും ഊഷ്മാവും കൃത്യമായി അനുഭവപ്പെടുന്നു. രോഗികൾക്കു രുചികൾ നന്നായി ആസ്വദിക്കാൻ കഴിയുന്നു.
കൃത്രിമ ദന്തം ഉറപ്പിച്ചുനിർത്താൻ ഉപയോഗിക്കുന്ന ഡെൻറൽ ഇംപ്ലാൻറുകൾ എല്ലിൻറെ തേയ്മാനം തടയുകയും മുഖത്തിൻറെ രൂപഭംഗി സംരക്ഷിച്ച് ഫേഷ്യൽ കൊളാപ്സും പ്രായമേറുന്ന പ്രതീതിയും ഒഴിവാക്കുന്നു.
മോണകളിലെ രക്തസ്രാവം, ദന്തത്തിലെ പഴുപ്പുകൾ, വായ്ുണ്ണുകൾ, ദുഷിച്ച ശ്വാസം എന്നിവ ഇല്ലാതാക്കുന്നു. ആരോഗ്യമുള്ളവരും പ്രായമേറിയവരുമായ ദമ്പതികളിൽ ലൈംഗികബന്ധം ഉൾപ്പെടെയുള്ള വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു. പ്രായം കുറഞ്ഞതായും സമൂഹത്തിൽ അംഗീകരിക്കപ്പെടുന്നതായും ഉപയോക്താവിന് അനുഭവപ്പെടുന്നു. കായിക പ്രവർത്തനങ്ങളിൽ കാര്യക്ഷമമായി പങ്കെടുക്കാൻ സാധിക്കുകയും ആരോഗ്യം അനുഭവപ്പെടുകയും ചെയ്യുന്നു.
ക്രൗൺ, ബ്രിഡ്ജസ്, ഡെൻറൽ ഇംപ്ലാൻറ് തുടങ്ങിയ ആധുനിക ദന്തചികിത്സകളുടെ വിപ്ലവകരമായ പുതിയ സാധ്യതകൾ വേദനാജനകമായതും കൃത്യതയില്ലാത്തതുമായ വെപ്പുപല്ലുകളുടെ പ്രശ്നം പരിഹരിക്കാൻ സഹായകരമാകുന്നു.
നിങ്ങളുടെ യഥാർത്ഥ പല്ലുകൾ കഴിഞ്ഞാൽ ഏറ്റവും മികച്ച പരിഹാരമാണ് ഡെൻറൽ ഇംപ്ലാൻറ്. അത്യാധുനികമായ ഇമ്മീഡിയേറ്റ് ലോഡിംഗ് ചികിത്സ ഉപയോഗിച്ച് ഏതാനും മണിക്കൂർ സമയംകൊണ്ട് ഡെൻറൽ ഇംപ്ലാൻറോളജിസ്റ്റ് നിങ്ങൾക്കു ഉറപ്പുള്ള പുതിയ പല്ലുകൾ നൽകും