മലയാള സിനിമയെ നശിപ്പിക്കുന്നത് ആരാണ്..?

മലയാള സിനിമയെ നശിപ്പിക്കുന്നത് ആരാണ് എന്ന പേരിൽ ഒരു പോസ്റ്റ്‌ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറൽ ആകുകയാണ്. അതിൽ പറയുന്ന കാര്യങ്ങൾ ആണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒന്നാമത്തെ ഉത്തരം :മലയാള സിനിമയെ നശിപ്പിക്കുന്നത് “മണ്ടന്മാരായ കുറേ പ്രൊഡ്യൂസര്‍മാരാണ്” എന്നുള്ളത് ആണ്. ഓരോ വര്‍ഷവും നൂറില്‍ അധികം മലയാള സിനിമകള്‍ തീയേറ്ററില്‍ എത്തുന്നുണ്ട്. തീയേറ്ററില്‍ എത്താത്തവയും ഒരുപാട് ഉണ്ടാകും.

തീയേറ്ററില്‍ എത്തുന്നതില്‍ വിരലില്‍ എണ്ണാവുന്നത്ര, അഥവാ അഞ്ചോ ആറോ സിനിമകള്‍ക്കാണ് മുടക്കുമുതല്‍ തിരിച്ച് കിട്ടുന്നത്. അദ്ധ്വാനിച്ച് ഉണ്ടാക്കിയ കാശ് സിനിമ പിടിച്ച് നശിപ്പിക്കുന്ന പ്രൊഡ്യൂസര്‍മാര്‍ സ്വന്തം കുഴിതോണ്ടുക മാത്രമല്ല ചെയ്യുന്നത്, സിനിമ എന്ന വ്യവസായ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെുത്തുകയും, സിനിമാ ആസ്വാദകരായ മനുഷ്യരെ നിരാശപ്പെടുത്തുകയും ചെയ്യുകയാണ്. ഒരു സിനിമാ പ്രൊഡ്യൂസര്‍ക്ക് ഉണ്ടായിരിക്കേണ്ടതായ മിനിമം ക്വാളിറ്റി എന്നത് കൈ നിറയെ കാശ് ഉണ്ടായിരിക്കുക എന്നതല്ല, കാശ് ആവശ്യത്തിന് മതീ, പക്ഷെ ഒപ്പം വേറേ കുറച്ച് കാര്യങ്ങള്‍ കൂടി വേണം.

ഒന്നാമതായി, ബിസ്സിനസ് പ്ലാന്‍ ചെയ്യണം. നിര്‍മ്മിക്കിന്‍ പോകുന്ന സിനിമയുടെ പ്രേക്ഷകര്‍ ആരൊക്കെ ആണെന്ന് തീരുമാനിക്കണം.

രണ്ടാമത്, നിശ്ചയിച്ച പ്രേക്ഷകരുടെ ആസ്വാദനത്തിന് പ്രധാനമായി വരുന്ന ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കണം.(പ്രധാനമായും മൂന്ന് തരത്തിലുള്ള പ്രേക്ഷകര്‍ ആണുള്ളത്, ഇമോഷന്‍സിന് പ്രാധാന്യം കൊടുക്കുന്നവര്‍, രണ്ടാമത്തേത്, ഇവന്‍റ്സിന് പ്രാധാന്യം കൊടുക്കുന്നവര്‍, മൂന്ന് ഐഡിയകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍)

അടുത്തതായി, സിനിമക്ക് അനുയോജ്യമായ നല്ല കഥ തിരിച്ചറിയാന്‍ കഴിയണം. കാരണം, നല്ല കഥകള്‍ എല്ലാം സിനിമക്ക് അനുയോജ്യമാകണം എന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടുതന്നെ നിര്‍മ്മിക്കാന്‍ ഉദ്ധേശിക്കുന്ന സിനിമക്ക് അനുയോജ്യമായ കഥ തിരഞ്ഞെടുക്കാന്‍ കഴിയണം.

അടുത്തത്, മികച്ച തിരക്കഥ തിരിച്ചറിയാന്‍ കഴിയണം. പ്രേക്ഷകരുടെ സൈക്കോളജി അനുസരിച്ചാണ് തിരക്കഥ രൂപപ്പെടുത്തേണ്ടത്. ഓരോ നിമിഷവും പ്രേക്ഷകരെ സിനിമയില്‍ എന്‍ഗേജ് ചെയ്യിച്ച് രണ്ടര മണിക്കൂര്‍ സ്ക്രീനില്‍ നോക്കിയിരുത്തണമെങ്കില്‍ നിരവധി സൈക്കോളജിക്കല്‍ ഘടകങ്ങള്‍ ഫലപ്രദമായി തിരക്കഥയില്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചിരിക്കണം. അങ്ങനെ അല്ലാത്ത തിരക്കഥ വലിച്ചുകീറി കത്തിച്ചുകളയണം. കാരണം, കോടിക്കണക്കിന് രൂപ ചിലവാക്കിയുള്ള പരിപാടിയാണ്… പടം പൊട്ടിയാല്‍ നഷ്ടം പ്രൊഡ്യൂസര്‍ക്ക് തന്നെയാണ്.!

അടുത്തത്, നല്ല ഡയറക്ടറെ നിയമിക്കുക എന്നതാണ്. സിനിമയുടെ കലാപരവും, സാങ്കേതികവും, മനശ്ശാസ്ത്രപരവും ആയ കാര്യങ്ങളേക്കുറിച്ച് മാത്രമല്ല, ബിസ്സിനസ് പരമായ കാര്യങ്ങളേക്കുറിച്ചും പരമാവധി അറിവുള്ള ആളെ തന്നെയായിരിക്കണം ഡയറക്ഷന്‍ എന്ന പണി ഏല്‍പ്പിക്കേണ്ടത്. ഈ രീതിയില്‍ ഒരോ സാങ്കേതിക പ്രവര്‍ത്തകരെയും കാലാപ്രവര്‍ത്തകരെയും തിരഞ്ഞെടുക്കുമ്പോള്‍ ബിസ്സിനസ് പ്ലാനിനും സിനിമയുടെ ക്വാളിറ്റിക്കും അനുയോജ്യമായവരെ തന്നെ കണ്ടേത്താന്‍ സാധിക്കണം. ചുരുക്കി പറഞ്ഞാല്‍, അറിവും കഴിവും ഉള്ള പ്രൊഡ്യൂസര്‍മാര്‍ ഉണ്ടായാലേ മികച്ച സിനിമകള്‍ ഉണ്ടാകൂ. അല്ലെങ്കില്‍ പ്രൊഡ്യൂസറിന്‍റെ ചിലവില്‍ വര്‍ഷത്തില്‍ നൂറില്‍ അധികം ബോംബുകള്‍ നിര്‍മ്മിക്കുന്ന ഒരു വ്യവസായം മാത്രമാകും മലയാള സിനിമ..!! ഇതാണ് പോസ്റ്റ്‌.. ഈ വിഷയത്തിൽ നിങ്ങൾക്കും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്താം.. നന്ദി