ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ഇന്ന് യോഗം ചേരും

ഇടുക്കി: ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ഇന്ന് യോഗം ചേരും. വൈകിട്ട് നാല് മണിക്ക് കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. യോഗത്തിൽ ജില്ല പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. നേരത്തെ ഇടുക്കി അണക്കെട്ടിൽ സുരക്ഷ വീഴ്ച ഉണ്ടായതിനെ തുടർന്നാണ് യോഗം ചേരുന്നത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ ഇയാളുടെ പ്രവർത്തികൾ മനസിലായത്. കഴിഞ്ഞഴ്ചയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ഡാമിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് നിയാസ് എന്നയാൾ കടന്നുകയറി ഹൈമാസ് ലൈറ്റുകൾക്ക് ചുവട്ടിൽ താഴിട്ടു പൂട്ടിയിത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒറ്റപ്പാലം സ്വദേശിയാണിയാളെന്ന് മനസ്സിലായത്. വാടകക്കെടുത്ത കാറിലാണ് ഇയാൾ ഇടുക്കിയിലെത്തിയത്. വിദേശത്തു നിന്നും എത്തിയ ഇയാൾക്ക് കാർ വാടകക്ക് എടുത്ത് നൽകിയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനിടെ ഇയാൾ വിദേശത്തേക്ക് പോയി. മെറ്റൽ ഡിറ്റക്ടർ വരെ ഉപയോഗിച്ചുള്ള പൊലീസിന്റെ കർശന പരിശോധന മറികടന്ന് ഇയാൾ താഴുകളുമായി അകത്തു കടന്നത് വലിയ സുരക്ഷ വീഴ്ചയായിട്ടാണ് ഉദ്യോഗസ്ഥർ കണക്കാക്കുന്നത്.