മഴ മുന്നറിയിപ്പ്; ഇന്നും നാളെയും ഏഴു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ഏഴു ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലും ഞായറാഴ്ച ഇടുക്കി, മലപ്പുറം കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതമുന്‍നിര്‍ത്തിയാണ് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് ഇതുസംബന്ധിച്ച വിവരം കേന്ദ്ര കാലാവസ്ഥ വിവരം പുറത്തുവിട്ടത്.
അതേസമയം, വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതല്‍ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റുമുണ്ടാകും. വരും മണിക്കൂറുകളില്‍ തൃശ്ശൂർ ജില്ലയിൽ മിതമായ മഴയ്ക്കും, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.