കൂറിയറിനു മാത്രമായി …. ഇനി… സ്പെഷ്യൽ ആനവണ്ടി വരുന്നു
കൊറിയറിനു മാത്രമായി ബസ് സർവീസ് തുടങ്ങാൻ കെ.എസ്.ആർ.ടി.സി. കാസർഗോട്ട് നിന്നും തിരുവനന്തപുരത്തേയ്ക്കും തിരിച്ചും പ്രത്യേകം കൊറിയർ ബസ് ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യാപാരി പ്രതിനിധികളുമായി ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ഇനി മുതൽ കൊറിയർ വാതിൽപ്പടിയിലെത്തിക്കാനാണ്
പരിപാടി. ജൂൺ പകുതിയോടെ ആരംഭിച്ച കെ.എസ്.ആർ.ടി.സി കൊറിയറിന് മികച്ച പ്രതികരണം ലഭിച്ചതാണ് കൊറിയർ ബസിനെക്കുറിച്ച് ആലോചിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു. താരതമ്യേന നിരക്ക് കുറഞ്ഞ കൊറിയറിനോട് വ്യാപാരികളും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 46 ഡിപ്പോകളിലാണ് കൊറിയർ സൗകര്യം ഇപ്പോഴുള്ളത്. സംസ്ഥാനത്തിനു പുറത്ത് കോയമ്പത്തൂർ, നാഗർകോവിൽ എന്നിവിടങ്ങളിലും കൗണ്ടറുകൾ ഉണ്ട്. തെങ്കാശിയിലും വൈകാതെ തുറക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ 24 മണിക്കുറും പ്രവർത്തിക്കുന്ന കൗണ്ടറാണ്. പുതിയ സംരംഭത്തിന് പ്രതിദിനം ശരാശരി 70,000 രൂപ വരുമാനമുണ്ട്. ഓണക്കാലത്ത് സമ്മാനം എത്തിക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. ഇതിന് ഒരു ലക്ഷത്തിനടുത്ത് വരുമാനം കിട്ടി. തെലങ്കാനയിൽ നടക്കുന്ന സർക്കാർ ബസ് കൊറിയർ സർവിസ് വലിയ വിജയമാണ്. കെ.എസ്.ആർ.ടി.സി സംഘം
അവിടെ പോയി പഠനം നടത്തിയിരുന്നു… എന്തായാലും വൈകാതെ നമുക്കും കാണാം… കൊറിയറിനു മാത്രമായി …സ്പെഷ്യൽ ആനവണ്ടി.