യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി
പത്തനംതിട്ട: കോയിപ്രത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. മൃതദേഹം ചെളിയിൽ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. പുല്ലാട് ഐരാക്കാവ് പാറയ്ക്കല്‍ പ്രദീപിനെ (38) യാണ് വീടിനു തൊട്ടുമുമ്പിലുള്ള പുന്നയ്ക്കല്‍ പാടശേഖരത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോന്‍സി എന്നയാളെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്നത്. ഇയാളുടെ ഭാര്യയുമായി പ്രദീപിനുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് പോലീസ് എത്തി വിശദമായ പരിശോധന നടത്തിയിരുന്നു. ഒളിവിൽ പോയ മോൻസിക്കായി പോലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.