മസ്തിഷ്‌ക അനൂറിസത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

സാധാരണയായി പൊട്ടിപ്പോകാത്ത ബ്രയിന്‍ അനൂറിസം പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കില്ല. അപൂര്‍വ്വമായി, സമീപഘടനകളിലുള്ള

ഞെരുക്കം മൂലം തലവേദനയോ കാഴ്ചക്കുറവോ ഉണ്ടാകാം. മറ്റു കാരണങ്ങളാല്‍ മസ്തിഷ്‌കത്തിന്റെ സ്‌കാനിംഗ് വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ രക്തക്കുഴലുകള്‍ പൊട്ടിപ്പോകുന്നതിനു മുമ്പായി അനൂറിസം കണ്ടെത്താന്‍ സാധിക്കുന്നു.

ഒരു അനൂറിസം പൊട്ടുമ്പോള്‍, പെട്ടെന്നുള്ള കടുത്ത തലവേദന, ഛര്‍ദ്ദി, കാഴ്ചവൈകല്യം, അപസ്മാരം, കൈകാലുകളുടെ ബലഹീനത അല്ലെങ്കില്‍ ബോധം നഷ്ടമാവുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. പെട്ടെന്ന് തന്നെ അനുയോജ്യമായ ചികിത്സ ചെയ്തില്ലെങ്കില്‍ ഇത് ജീവനു തന്നെ ഭീഷണിയാണ്.

അനൂറിസം പൊട്ടിയാല്‍ എന്തൊക്കെ സംഭവിക്കാം?

അനൂറിസം പൊട്ടുമ്പോള്‍, രക്തക്കുഴലുകളില്‍ നിന്ന് തലച്ചോറിലേക്കോ തലച്ചോറിനു ചുറ്റുമുള്ള ദ്രാവകത്തിലേക്കോ രക്തം ഒഴുകുന്നു. പൊട്ടല്‍ ചെറുതാണെങ്കില്‍, രക്തസ്രാവം താല്‍ക്കാലികമായി നില്‍ക്കുകയും ജീവനു വെല്ലുവിളിയാകുന്ന രീതിയിലുള്ള രക്തസ്രാവം ഉണ്ടാകുന്നത് തടയാനുള്ള ചികിത്സ നല്‍കുവാനുള്ള സമയം ലഭിക്കുകയും ചെയ്യുന്നു. വലിയ രീതിയിലുള്ള പൊട്ടല്‍ ഉണ്ടായാല്‍ ചികിത്സ നല്‍കുവാനുള്ള സമയം ലഭിക്കുന്നതിനു മുമ്പ് തന്നെ ഇതുമൂലമുണ്ടാകുന്ന സമ്മര്‍ദ്ദം തലച്ചോറിനെ തകരാറിലാക്കുകയും കോമ അല്ലെങ്കില്‍ മരണത്തിലേക്ക്
നയിക്കുകയും ചെയ്യുന്നു.

അനൂറിസം പൊട്ടിയ അവസ്ഥയില്‍ ഉള്ളവരില്‍ ഏകദേശം 50% രോഗികളും 3 മാസത്തിനുള്ളില്‍ മരണപ്പെടുന്നു, അതില്‍ നാലിലൊന്നു പേര്‍ 24
മണിക്കൂറിനുള്ളലും. ഈ അവസ്ഥ അതിജീവിക്കുന്നവരില്‍ തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചേക്കാം. കൃത്യ സമയത്തുള്ള ചികിത്സ മരണ സാദ്ധ്യതയും മസ്തിഷ്‌ക ക്ഷതവും കുറയ്ക്കുന്നു.

അനൂറിസം പൊട്ടിപ്പോകാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?

രക്തക്കുഴലിന്റെ ഭിത്തിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അനൂറിസം പൊട്ടാന്‍ കാരണമാകുന്നു. രക്തസമ്മര്‍ദ്ദം കൂടുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍, രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന എല്ലാ സാഹചര്യങ്ങളും (മാനസിക സമ്മര്‍ദ്ദം കൂടുക, ഭാരിച്ച ജോലികള്‍ അല്ലെങ്കില്‍ ബിപി മരുന്നുകള്‍ പതിവായികഴിക്കാത്തത് എന്നിവ) അനൂറിസം പൊട്ടാന്‍ കാരണമാകുന്നു. ഇതുകൂടാതെ,അനൂറിസവുമായി ബന്ധപ്പെട്ട ചില ഘടകങ്ങള്‍ – വലിപ്പം, ആകൃതി, സ്ഥാനം എന്നിവ, പൊട്ടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.