ഡൽഹി: ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് റിപ്പോർട്ട് നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചത്. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനയിലും, മറ്റേതെങ്കിലും നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്തണമോയെന്നും സമിതി പരിശോധിക്കും.
രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയിൽ ഏഴംഗ ഉന്നതതല സമിതിയാണ് യോഗം ചേരുക. രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നിരവധി വെല്ലുവിളികളാണ് രാജ്യം അഭിമുഖീകരിക്കേണ്ടി വരിക. തൂക്ക് അസംബ്ലി, അവിശ്വാസ പ്രമേയം, സുരക്ഷാ പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സമിതി വിശദമായി പഠിക്കും. കമ്മിറ്റിയുടെ ആദ്യ ഔദ്യോഗിക യോഗം സെപ്തംബര്‍ 6-ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്നിരുന്നു. യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രി അര്ജുന് റാം മേഘ്വാളും പങ്കെടുത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് ലോക്സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, പതിനഞ്ചാം ധനകാര്യ കമ്മീഷന് മുന്‍ അദ്ധ്യക്ഷന്‍ എന്‍.കെ. സിംഗ്, മുന്‍ ലോക്സഭാ ജനറല്‍ സെക്രട്ടറി സുബാഷ് കശ്യപ് എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി,കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള് എന്നിവര്‍ യോഗങ്ങളില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.