മാനവരാശി വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി അന്താരാഷ്ട്ര തലത്തിൽ നടന്ന പഠന റിപ്പോർട്ട് പറയുന്നു. ലോകത്ത് ജനന നിരക്ക് പരിധികൾ കടന്നു കുറയുന്നതാണ് നേരിടാൻ പോകുന്ന വലിയ പ്രതിസന്ധി. ജനസംഖ്യ ഏറെയുള്ള രാജ്യങ്ങൾ പോലും ജനന നിരക്കിലെ കാര്യമായ ഇടിവ് മൂലം പ്രതിസന്ധിയിയെ നേരിടും എന്ന സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. കുട്ടികളും വയസ്സന്മാരും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കപ്പെടാതെ വന്നാൽ വലിയ പ്രതിസന്ധിയാകും ലോക ജനത നേരിടുക എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ലോകത്ത് ജനസംഖ്യയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് നമ്മുടെ ഇന്ത്യയാണ്. ലോക ജനസംഖ്യയിൽ കഴിഞ്ഞ അര നൂറ്റാണ്ട് കാലം ഒന്നാം സ്ഥാനത്തു നിന്നിരുന്ന ചൈനയെ പിന്തള്ളിയാണ് ഇ ന്ത്യ 2023 ൽ ജനസംഖ്യയിൽ ലോകത്ത് ഒന്നാമത് എത്തിയത്. ജനന നിരക്കിലെ കാര്യമായ കുറവ് ഉണ്ടാക്കുന്ന പ്രതിസന്ധി ഇന്ത്യയിലും കാര്യമായി ബാധിക്കുന്നു എന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മാട്രിക്സ് ആൻഡ് ഇവാലുവേഷൻ ( ഐ. എച് എം വി ) ആഗോളതലത്തിൽ നടത്തിയ പരിശോധനയിലും പഠനത്തിലും ആണ് ഈ കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്.
1950ല്‍ ഇന്ത്യയിലെ ജനന നിരക്ക് 6.18 ആയിരുന്നുവെങ്കിൽ ഈ കണക്ക് 2024 ൽ എത്തിയപ്പോൾ 1. 91 ആയി കുറഞ്ഞു. അടുത്ത വർഷങ്ങളിൽ ഇത് 1. 04 ആയി വീണ്ടും കുറയും എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 25 വർഷം കഴിയുമ്പോൾ ജനന നിരക്ക് വെറും ഒന്ന് ആയി കുറയുന്ന അവസ്ഥയുണ്ടാകും. ഇന്ത്യയിൽ മാത്രമല്ല എല്ലാ രാജ്യങ്ങളിലും ഇതേ അവസ്ഥ തുടർന്നുകൊണ്ടിരിക്കും എന്നും പറയുന്നുണ്ട്. 1950 ൽ ഒരു ദമ്പതിമാർക്ക് ആറ് മക്കൾ വീതം ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് രണ്ടു കുട്ടികൾ എന്ന സ്ഥിതിയിൽ എത്തിയിട്ടുണ്ട്. ഇത് വീണ്ടും കുറഞ്ഞു ഒരു കുട്ടി എന്ന സ്ഥിതിയിലേക്കും അതിനും ശേഷം കുട്ടികൾ വേണ്ട എന്ന രീതിയിലേക്കും മാറും എന്നാണ് പഠനത്തിൽ പറയുന്നത്. കഴിഞ്ഞ 70 വർഷത്തിനിടയിൽ ലോകത്ത് ജനന നിരക്ക് 50 ശതമാനം കുറഞ്ഞതായി കണക്കുകളിൽ പറയുന്നു. 1950 ൽ ആഗോള ജനനനിരക്ക് 4. 8 എന്ന കണക്കിൽ ആയിരുന്നെങ്കിൽ അവിടെ നിന്നാണ് കുത്തനെ ഇടിവ് ഉണ്ടായിരിക്കുന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ചൈനയിൽ പുതിയ തലമുറ ദമ്പതിമാർക്കിടയിൽ അംഗീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള സ്വഭാവങ്ങൾ പ്രകടമായി എന്ന് പറയുന്നുണ്ട്. ചൈനയിൽ വിവാഹിതരാകുന്ന പുതുതലമുറ ദമ്പതികൾ തങ്ങൾക്ക് കുട്ടികൾ വേണ്ട എന്ന തീരുമാനം എടുക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിൻറെ ഭാവി ദോഷം കണ്ടെത്തിയ ചൈനീസ് ഭരണകൂടം നവ ദമ്പതികളിൽ പ്രസവത്തിന് തയ്യാറാകുന്ന വർക്ക് പ്രത്യേക ആനുകൂല്യം നൽകുന്ന പ്രഖ്യാപനവും നടത്തിയിരുന്നു.
ഇതേ രീതിയിലുള്ള കുട്ടികൾ വേണ്ട എന്ന് സമീപനം പാശ്ചാത്യ ലോകത്ത് യുവതലമുറ ദമ്പതിമാർക്കിടയിൽ ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. കുട്ടികൾ ഉണ്ടായാൽ അവരെ ഭാവി ലോകത്തിന് ഒപ്പം വളർത്തിയെടുക്കാൻ കഴിയുന്ന സാഹചര്യം ഇല്ലാതെ വരും എന്ന തികച്ചും ഭാവനയിലുള്ള കാരണങ്ങൾ പറഞ്ഞു കൊണ്ടാണ് പുതുതലമുറ ഭാര്യാഭർത്താക്കന്മാർ കുട്ടികൾ വേണ്ട എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്.
നമ്മുടെ ഇന്ത്യയിലും പുതിയ തലമുറയ്ക്കിടയിൽ ഇത്തരത്തിലുള്ള ആശ്വാസ്യം അല്ലാത്ത സ്വഭാവം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഉന്നത വിദ്യാഭ്യാസവും അതിന് അനുസരിച്ച് വലിയ വരുമാനമുള്ള ജോലിയും ലഭ്യമാകുന്ന പുതിയ തലമുറ കുടുംബജീവിതം എന്ന പരമ്പരാഗത രീതിയെ അവഗണിച്ചുകൊണ്ട് അടിച്ചുപൊളിച്ചു ജീവിക്കുക എന്ന പുതുതലമുറ രീതിയിലേക്ക് മാറുന്നതാണ് ഇതിന് തെളിവായി പറയുന്നത്. ഭാരതീയ സംസ്കാരവും പാരമ്പര്യവും കുടുംബ സമ്പ്രദായത്തെ നിലനിർത്തി പോകുന്ന രീതി ഉള്ളതാണ് ഭാര്യ ഭർതൃ ബന്ധവും മക്കളും അച്ഛനമ്മമാർ തമ്മിലുള്ള ബന്ധവും ഏറ്റവും ദൃഢമായി നിൽക്കുന്ന സംസ്കാരമാണ് നമ്മുടെ ഭാരതത്തിന്റെതും കേരളത്തിന്റെതും. ഇവ പോലും തകിടംമറിയുന്ന പുതിയ സംസ്കാരത്തിലേക്കാണ് യുവതലമുറ മാറിക്കൊണ്ടിരിക്കുന്നത്.
യുവതലമുറയുടെ ഈ സ്വഭാവമാറ്റം മാത്രമല്ല ആഗോളതാപനം കാലാവസ്ഥ വ്യതിയാനം ജീവിതശൈലി മാറ്റങ്ങൾ ഭക്ഷണരീതികൾ ഇവയെല്ലാം ജനനനിരക്ക് കുറയ്ക്കുന്നതിന് ഇടവരുത്തുന്നുണ്ട് എന്നും ഇത് സംബന്ധിച്ചു നടന്ന പഠന റിപ്പോർട്ട് പറയുന്നുണ്ട്. ഏതായാലും ആഗോളതലത്തിൽ ജനനനിരക്ക് ഭീതി പരത്തുന്ന വിധത്തിൽ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നത് ലോക ജനത നേരിടാൻ പോകുന്ന വലിയ ഭീഷണിയുടെ മുന്നറിയിപ്പ് കൂടിയാണ്.
പഠന റിപ്പോർട്ടുകളിൽ വ്യക്തമായിട്ടുള്ള രീതിയിൽ ലോകത്ത് എല്ലാ രാജ്യങ്ങളിലും ജനന നിരക്ക് കുത്തനെ കുറയുന്ന സാഹചര്യം ഉണ്ടായാൽ എല്ലാ രാജ്യത്തും തലമുറകൾ തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് തകരാർ ഉണ്ടാകും. പുതിയതായി വരുന്ന തലമുറയുടെ എണ്ണത്തിൽ വലിയ കുറവുണ്ടാവുകയും വൃദ്ധന്മാരുടെ എണ്ണം കുറയാതെ നിലനിൽക്കുകയും ചെയ്യുമ്പോൾ തലമുറകൾ തമ്മിലുള്ള അന്തരം ഭയാനകമാകും മാത്രവുമല്ല ഏതു രാജ്യത്തും ഭാവി കെട്ടിപ്പടുക്കാൻ കഴിയുന്ന അധ്വാനശേഷിയുള്ള യുവതലമുറയുടെ എണ്ണം ഗണ്യമായി കുറയുന്നതോടുകൂടി സമൂഹത്തിൻറെ മുന്നോട്ടുള്ള പ്രയാണം പ്രതിസന്ധിയെ നേരിടുന്ന സ്ഥിതി വരും.
ഒരു കുട്ടിയുള്ള കുടുംബത്തിൽ നാല് മുതിർന്നവർ ജീവനോടെ ഇരിക്കുന്ന സ്ഥിതി വരുമ്പോൾ ഭാവി
യിൽ ഒരാൾ വളർച്ചയിൽ എത്തുകയും നാലുപേർ ജീവിതത്തിൻറെ തളർച്ചയിലേക്ക് എത്തുകയും ചെയ്യുന്ന അസന്തുലിതാവസ്ഥ ഉണ്ടാകും. പ്രായാധിക്യത്തിൽ എത്തി സ്വയം എന്തെങ്കിലും ജോലി ചെയ്യാൻ കഴിയാതെ വരുന്നവരും മറ്റുള്ളവരുടെ ആശ്രയത്തോടെ മാത്രം ജീവിക്കുന്നവരും പെരുകുന്നതോടുകൂടി ലോകം തന്നെ തളർച്ച ബാധിച്ച വൃദ്ധജനങ്ങളുടെ സമൂഹമായി മാറുന്ന ദുരവസ്ഥ കൂടി ഉണ്ടാകും എന്ന് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇത്തരം ഒരു മഹാവിപത്ത് ഭാവി തലമുറ അനുഭവിക്കേണ്ടി വരുന്നതിന്റെ ഭീഷണിയാണ് മുന്നറിയിപ്പ് എന്ന രീതിയിൽ ഈ പഠന റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്. 50 വർഷം കഴിയുമ്പോൾ ലോകത്തെ മാനവരാശി വൃദ്ധന്മാരുടെ ഭൂമിയായി മാറും എന്ന അതിഭീകരമായ അതുപോലെതന്നെ അതിദയനീയമായ ഒരു അവസ്ഥയാണ് പഠന റിപ്പോർട്ട് ലോകത്തിനു മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.