മദ്യപാനം എന്ന് കേട്ടാൽ ഏതോ മഹാ അപരാധം എന്ന രീതിയിലാണ് പൊതു കണക്കുകൂട്ടൽ. മദ്യപാനി ആയാൽ സമൂഹത്തിൽ കൊള്ളുകില്ലാത്തവൻ എന്നാ പരിഗണനയും സമൂഹത്തിനിടയിൽ ഉണ്ട്. യഥാർത്ഥത്തിൽ ഈ അവഗണനയും ചീത്ത വിളിക്കലും ഒക്കെ തുടരുന്നുണ്ടെങ്കിലും നാട്ടുകാരിൽ നല്ലൊരു ശതമാനം ഒളിഞ്ഞും പാത്തും രണ്ടെണ്ണം വീശുന്നവരാണ് എന്ന കാര്യത്തിൽ ഒരു തർക്കവും. ഇല്ല രാത്രിയിൽ ഒന്ന് സൂര്യനുദിച്ചാൽ കാണാം പലരുടെയും നാലുകാലിൽ ഉള്ള നടത്തം. എന്ത് ആരോപണം ഉണ്ടായാലും ശരി, മദ്യപാനികൾക്ക് ഒരു സന്തോഷവാർത്ത ഉണ്ടായിരിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നാണ് ഈ വാർത്ത വന്നിരിക്കുന്നത്. അവിടെ ചന്ദ്രാപ്പൂർ എന്ന മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് മത്സരിക്കുന്ന വനിതാ സ്ഥാനാർഥി വലിയ വാഗ്ദാനമാണ് മദ്യപാനികൾക്ക് നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥിയുടെ പേര് വനിതാ റാവുത്ത് എന്നാണ്. വോട്ടർമാർക്ക് യാതൊരു തടസവും ഇല്ലാതെ മിനുങ്ങാൻ അവസരം ഉണ്ടാക്കും എന്നതാണ് ഈ സ്ഥാനാർത്ഥിയുടെ മുഖ്യ വാഗ്ദാനം.
വെറുതെ വാഗ്ദാനം ചെയ്യുകയല്ല. കാര്യകാരണസഹിതം ആ സ്ഥാനാർഥി ഇതെല്ലാം മുന്നോട്ടുവയ്ക്കുന്നുണ്ട്. എല്ലാ ഗ്രാമങ്ങളിലും ബിയർ ബാറുകൾ തുറക്കും. പാവപ്പെട്ട മദ്യപാനികൾക്കായി എംപി ഫണ്ട് ഉപയോഗിച്ച് ഇറക്കുമതി ചെയ്ത വിസ്കിയും, ബ്രാണ്ടിയും, ബിയറും ഒക്കെ സൗജന്യ നിരക്കിൽ നൽകുന്നതിന് സംവിധാനം ഉണ്ടാകും. ഈ വാഗ്ദാനം മുന്നോട്ടുവയ്ക്കാനുള്ള കാരണവും സ്ഥാനാർത്ഥി പറയുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ ദരിദ്രരായ ആളുകൾ കഠിനാധ്വാനം ചെയ്യുന്നതുകൊണ്ടാണ് മറ്റു പൊതുജനങ്ങൾ സുഖമായി ജീവിക്കുന്നത്. അധ്വാനിക്കുന്ന പാവങ്ങൾക്ക് മദ്യം അല്പം കഴിച്ച് ആശ്വാസം കണ്ടെത്തിയാൽ അത് ദൈവകാരുണ്യത്തിന് വഴിയൊരുക്കും എന്നാണ് സ്ഥാനാർഥിയുടെ വെളിപ്പെടുത്തൽ. മാത്രവുമല്ല നാട്ടുമ്പുറങ്ങളിലെ പാവപ്പെട്ട തൊഴിലാളികൾ, വരുമാനക്കുറവുകൊണ്ട് വാങ്ങുന്ന മദ്യം തന്നെ ഒരു ഗുണനിലവാരവും ഇല്ലാത്ത വിലകുറഞ്ഞ നാടൻ മദ്യങ്ങൾ ആണ് എന്നും ഈ ദുർഗതിയിൽ നിന്നും ഇവരെ മോചിപ്പിക്കുകയാണ് എൻറെ ലക്ഷ്യം എന്നും സ്ഥാനാർത്ഥി ജനങ്ങളോട് പറയുന്നു.
സംഭവം മഹാരാഷ്ട്രയിൽ ആണെങ്കിലും ഈ സ്ഥാനാർത്ഥിയുടെ വാഗ്ദാനം രാജ്യം ഒട്ടാകെ ഉള്ള സ്ഥാനാർത്ഥികൾ ഒന്ന് ഏറ്റുപിടിച്ചാൽ ഒരുപക്ഷേ ഭൂരിപക്ഷം കിട്ടാൻ വലിയ അധ്വാനം ഒന്നും നടത്തേണ്ടി വരില്ല. സർക്കാർ ഏജൻസികൾ തന്നെ പുറത്തു വിട്ടിട്ടുള്ള കണക്കുപ്രകാരം ലോക ജനസംഖ്യയിൽ 44 ശതമാനം ആൾക്കാർ മദ്യം കഴിക്കുന്നവരാണ്. ഇതിൽ 34 ശതമാനം ആൾക്കാർ ബിയർ കഴിക്കുന്നവരും ആണ്. ഇന്ത്യയുടെ കാര്യം എടുത്താൽ ഏഴുപേർ കൂടിയാൽ അതിൽ ഒരാൾ മദ്യം കഴിക്കുന്നവർ. മറ്റൊരു കണക്ക് രാജ്യത്തെ 10 വയസ്സിനും 75 വയസ്സിനും ഇടയിലുള്ളവർ മദ്യം ഉപയോഗിക്കുന്നുണ്ട് എന്നതാണ്. ഏജൻസി 2019 ൽ നടത്തിയ സർവ്വേ പ്രകാരം ഇന്ത്യയിൽ അരുണാചൽ പ്രദേശിലാണ് ഏറ്റവും കൂടുതൽ മദ്യപാനികൾ ഉള്ളത്. അവിടെ 53% ആൾക്കാർ മദ്യപാനികളാണ് ഇതിൽ 24 ശതമാനം ആൾക്കാർ സ്ത്രീകളാണ് എന്ന് പറയുന്നു. അങ്ങനെയെങ്കിൽ സ്ത്രീകളും നമ്മൾ പറഞ്ഞ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിക്കേണ്ടതാണ്.
കേരളത്തിൻറെ കാര്യം എടുത്താൽ നിലവിലുള്ള കണക്കുപ്രകാരം പന്ത്രണ്ടര ശതമാനം ആൾക്കാർ മദ്യം നിത്യവും ഉപയോഗിക്കുന്നവരാണ്. രാജ്യത്തിൻറെ ശരാശരി കണക്കിൽ നമ്മുടെ സംസ്ഥാനം എത്തിനിൽക്കുന്നത് ഇരുപത്തിരണ്ടാമത് സ്ഥാനത്താണ്. ഛത്തീസ്ഗഡ് ത്രിപുര പഞ്ചാബ് തുടങ്ങിയ പലസംസ്ഥാനങ്ങളും കേരളത്തേക്കാൾ മുന്നിലാണ്.
സംസ്ഥാനത്ത് മദ്യപാനികൾക്ക് ആകെ ഒരു ആശ്വാസം കൊടുത്തത് കേരള ഹൈക്കോടതിയാണ്. കേരളത്തിൽ മദ്യം വിൽക്കുന്ന ഏക സ്ഥാപനം ബീവറേജസ് കോർപ്പറേഷൻ ആണ്. അവരുടെ ഔട്ട്ലെറ്റുകൾ വഴിയാണ് മദ്യം വിൽക്കുന്നത്. ഈ വില്പനശാലകൾ എല്ലാം
ചാള ചന്തയെക്കാൾ തരംതാണ സ്ഥിതിയിൽ ഉള്ളതാണ്. മാത്രവുമല്ല മദ്യം വാങ്ങാൻ എത്തുന്ന ആൾക്കാർ കിലോമീറ്റർ ദൂരത്തിൽ പെരുവഴിയിൽ വെയിലുംമഴയും കൊണ്ട് സഹികെടുന്ന സ്ഥിതിയും ഉണ്ട്. ഈ സംഭവം നേരിൽ കണ്ട ഒരു ഹൈക്കോടതി ജഡ്ജി ആണ് സ്വമേധയാ കേസ് എടുത്ത് ഇത്തരം വില്പന ശാലകളിൽ മദ്യം വാങ്ങാൻ എത്തുന്നവർക്ക് ആവശ്യമായ സൗകര്യം ഒരുക്കണം എന്ന് ഉത്തരവിട്ടത്. സ്റ്റേജിൽ ഇരിക്കുന്ന മൈക്കിനു മുന്നിൽ നിന്ന് മദ്യവിരുദ്ധ പ്രസംഗം നടത്തുന്ന പല പ്രമാണിമാരും ഇരുട്ടിക്കഴിഞ്ഞാൽ രണ്ടെണ്ണം വീശി വീട്ടിലെത്തുന്നവരാണ് എന്ന കഥകൾ നാട്ടിൽ ഏറെക്കാലമായി പ്രചാരമുള്ളതാണ്. ഏതായാലും മഹാരാഷ്ട്രയിൽ ഒരു സ്ഥാനാർഥി, അതും വനിതയായ സ്ഥാനാർഥി മദ്യപാനികളുടെ ഒപ്പം ചേർന്നുകൊണ്ട് അവരുടെ ദുരിതങ്ങൾ പരിഹരിക്കാൻ ഉള്ള വാഗ്ദാനം ഈ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉറക്കെ പറഞ്ഞത് മറ്റുള്ളവരും ഒന്ന് മാതൃകയാക്കിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.