കാലഹരണപ്പെട്ട അപ്പനും കാലു മാറിയ മകനും

എ കെ ആൻറണിയുടെ തൊലിക്കട്ടി അപാരം...

ആയുസ്സിന്റെ അവസാന കാലം വരെ ആദർശത്തിന്റെ മേലങ്കി അണിഞ്ഞ് നെളിഞ്ഞു നടന്നിരുന്ന ആൻറണി ഇപ്പോൾ നാണക്കേടിന്റെ നടുമുറ്റത്ത് വട്ടം കറങ്ങുകയാണ്.  സ്വന്തം മകൻ കോൺഗ്രസ് വിട്ട് കോൺഗ്രസിന്റെ മുഖ്യ ശത്രുവായ ബിജെപിയിൽ ചേരുകയും, പത്തനംതിട്ടയിൽ വന്ന മത്സര രംഗത്ത് ഇറങ്ങുകയും ചെയ്തത് വലിയ വാർത്ത ആയിരുന്നു.
കേരളത്തിലെ കോൺഗ്രസിന്റെ അവസാനവാക്ക് എന്നൊക്കെ വിശേഷിപ്പിക്കുകയും ദേശീയതലത്തിൽ പാർട്ടിയുടെ ഒന്നാമനും രണ്ടാമനും ഒക്കെയായി വിലസുകയും ചെയ്ത എ കെ ആൻറണി നാണക്കേടിന്റെ പേരിൽ വീട് വിട്ട് പുറത്തിറങ്ങാതെ കഴിയുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.
കോൺഗ്രസ് വിട്ട് മകൻ അനിൽ ആൻറണി ബിജെപിയിൽ ചേരുന്ന ശേഷം നടത്തിയിട്ടുള്ള പ്രസ്താവനകൾ കോൺഗ്രസ് പാർട്ടിയെ എതിർത്തു കൊണ്ടല്ല. മറിച്ച് സ്വന്തം പിതാവായ എ കെ ആൻറണിയെ വിമർശിച്ചുകൊണ്ട് ഉള്ളതായിരുന്നു.
താൻ ബിജെപിയിൽ ചേർന്നതിന് ന്യായങ്ങൾ നിരത്തിയ അനിൽ ആൻറണി കോൺഗ്രസ് സർവ്വനാശത്തിൽ എത്തിയിരിക്കുന്നു എന്നും ഇതിന് കാരണക്കാരൻ തൻറെ അപ്പൻ അടക്കമുള്ള നേതാക്കൾ ആണെന്നും തുറന്നു പറഞ്ഞു. മാത്രവുമല്ല അപ്പനെ പോലെയുള്ള കാലഹരണപ്പെട്ട നേതാക്കളാണ് കോൺഗ്രസ് പാർട്ടിയുടെ ശത്രുക്കൾ എന്നും അനിൽ ആന്റണി പറയുകയുണ്ടായി.
കേരളത്തിൻറെ രാഷ്ട്രീയ ചർച്ചകളിൽ ഇപ്പോൾ മുൻനിരയിൽ നിൽക്കുന്നത് എ കെ ആൻറണിയുടെ പേരും മകൻ അനിൽ ആന്റണിയുടെ പേരും ആണ്. രണ്ടുപേരും പരസ്പരം ചീത്ത വിളിക്കുന്നത് കേട്ട് ആസ്വദിക്കുകയാണ് കമ്മ്യൂണിസ്റ്റുകാർ അടക്കമുള്ള കേരളത്തിലെ കോൺഗ്രസ് വിരുദ്ധ പാർട്ടിക്കാർ.
ഇത്രയും ഒക്കെ നാശകരമായ അനുഭവങ്ങൾ ഉണ്ടായിട്ടും യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതെ പ്രസ്താവനയ്ക്ക് തയ്യാറാക്കുന്ന എ കെ ആന്റണിയെ ആക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നിരവധി കുറിപ്പുകൾ വന്നുകൊണ്ടിരിക്കുകയാണ്.
ആൻറണി എന്ന നേതാവ് ഒരിക്കൽ പോലും ആദർശം ജീവിതത്തിൽ പകർത്തിയിട്ടില്ല എന്നും സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ആദർശത്തിന്റെ വാചകമടി നടത്തുകയാണ് ചെയ്തിരുന്നത് എന്നും ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്ന പ്രതികരണങ്ങൾ.
ഏതായാലും കേരളത്തിലെ ഏറ്റവും വലിയ ജനകീയത നേടിയെടുത്ത രണ്ട് കോൺഗ്രസ് നേതാക്കളുടെ മക്കൾ കോൺഗ്രസ് പാർട്ടിയോട് വിടപറഞ്ഞുകൊണ്ട് ബിജെപിയിൽ ചേർന്നിരിക്കുകയാണ്. ഇത് മാത്രമല്ല കോൺഗ്രസ് പാർട്ടിയിൽ നിന്നും നിരവധി നേതാക്കൾ രാജിവെച്ചു. മറ്റു പാർട്ടികളിൽ ചേർന്നുകൊണ്ടിരിക്കുന്ന സ്ഥിതിയും തുടരുകയാണ്.
സ്വന്തം മകൻ കോൺഗ്രസ് വിട്ട് ബിജെപിയിലെ സ്ഥാനാർത്ഥിയായി മാറിയപ്പോൾ ഉണ്ടായ നാണക്കേട് പോലും മറച്ചുവച്ചുകൊണ്ട്, ഇപ്പോഴും ബിജെപി വിരുദ്ധ പ്രസ്താവന നടത്താൻ ആൻറണി തയ്യാറാക്കുന്നത് അപാരമായ തൊലിക്കട്ടിയുടെ കഴിവുകൊണ്ടാണ് എന്നും ആക്ഷേപങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.
കോൺഗ്രസിൽ നിന്നും രാജിവച്ചു പോയ മറ്റൊരു നേതാവിൻറെ മകളാണ് ബിജെപിയിൽ ചേർന്ന പത്മജ. കേരളത്തിലെ എല്ലാകാലത്തെയും ലീഡർ ആയിരുന്ന കെ കരുണാകരന്റെ മകളാണ് പത്മജ. പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നു കഴിഞ്ഞഞ്ഞ പത്മജ, കോൺഗ്രസിന്റെ നേതൃനിരയിലുള്ളവരുടെ അപാരമായ സ്വാർത്ഥതയും പരസ്പരമുള്ള പാരവക്കലുകളും തുറന്നു പറഞ്ഞുകഴിഞ്ഞു. തൃശ്ശൂരിൽ സ്വന്തം സഹോദരൻ കെ മുരളീധരൻ തോൽക്കുക മാത്രമല്ല, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും എന്ന് വരെ കരുണാകരന്റെ മകൾ പത്മജ പറഞ്ഞു കഴിഞ്ഞു.
ഓരോ ദിവസവും ചെറുതും വലുതുമായ നേതാക്കൾ കോൺഗ്രസ് വിട്ടുകൊണ്ട് മറ്റു പാർട്ടികളിൽ ചേരുമ്പോഴും അതിനേക്കാൾ പ്രാധാന്യമുള്ള രാഷ്ട്രീയ കാര്യമായി നിറഞ്ഞു നിൽക്കുന്നത് എകെ ആൻറണിയും മകനും തമ്മിലുള്ള തർക്കങ്ങളാണ്.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അനിൽ ആന്റണി മത്സരിക്കുമ്പോൾ, എതിർക്കുന്നത് കോൺഗ്രസ് സ്ഥാനാർത്ഥിയായ ആന്റോ ആന്റണിയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി ആൻറണി പത്തനംതിട്ടയിൽ പ്രചരണത്തിന് എത്തുമോ എന്ന കാര്യത്തിൽ മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ ഒന്നും മിണ്ടാതെ ഒളിച്ചു കളിക്കുകയാണ്  എ കെ ആൻറണി ചെയ്തത്.
ഒപ്പം ന്യായീകരണത്തിന് വേണ്ടി ശാരീരിക അസ്വാസ്ഥ്യത്തിന്റെ കാരണവും പറയുകയുണ്ടായി. അതെ ആൻറണി തന്നെയാണ് തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിന്റെ പ്രചാരണ വേദിയിൽ എത്തി പ്രസംഗം നടത്തിയത്.
ഒരിക്കൽ കൂടി നരേന്ദ്രമോദി പ്രധാനമന്ത്രിയായി കേന്ദ്രത്തിൽ ബിജെപി ഭരണം ഉണ്ടായാൽ രാജ്യം വലിയ അപകടത്തിൽ ആകും എന്നാണ് എ കെ ആൻറണി പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുഖ്യ ശത്രു നരേന്ദ്രമോദി ആണ് എന്ന് വരെ ആൻറണി പറഞ്ഞുവെച്ചിരിക്കുകയാണ്. ഇവിടെയാണ് ആൻറണി മറുപടി പറയേണ്ട പല ചോദ്യങ്ങളും ഉയരുന്നത്. ദേശീയതലത്തിൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് നേതൃത്വം കൊടുത്ത ആളാണ് ആൻറണി  എങ്ങനെയാണ് അര നൂറ്റാണ്ടിലധികം അധികാരത്തിൽ ഇരുന്ന കോൺഗ്രസ് പാർട്ടി ഒരു പ്രതിപക്ഷം പോലും ആകാതെ തികഞ്ഞ നാശത്തിലേക്ക് എത്തിയത് എന്നതിന് ആൻറണിയാണ് മറുപടി നൽകേണ്ടത്.
ആർക്ക് എന്ത് സംഭവിച്ചാലും സ്വന്തം സ്ഥാനം ഉറപ്പിക്കാൻ മാത്രം അധ്വാനിക്കുന്ന അതിനുവേണ്ടി എന്ത് തരികിട പണിയും ചെയ്യാൻ തയ്യാറാകുന്ന എ കെ ആൻറണിയെ പോലെയുള്ള മകൻറെ ഭാഷയിൽ പറഞ്ഞാൽ കാലഹരണപ്പെട്ട നേതാക്കൾ വട്ടം കൂടിയിരുന്ന കോൺഗ്രസിനെ നശിപ്പിക്കുകയായിരുന്നു ചെയ്തത് എന്ന് പറഞ്ഞാൽ ആർക്കാണ് അത് നിഷേധിക്കാൻ കഴിയുക.
കോൺഗ്രസിൻറെ ഏറ്റവും ഉയരത്തിലുള്ള പദവികളിൽ ഇരുന്ന് പാർട്ടിയുടെ തണലിൽ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു ആയുസ്സിന്റെ അവസാനത്തിൽ എത്തുമ്പോൾ സ്വന്തം മകൻ തന്നെ മുഖത്തുനോക്കി ചീത്ത വിളിക്കുന്ന അനുഭവം യഥാർത്ഥത്തിൽ ആൻറണി നേരിടേണ്ടത് തന്നെയാണ്.
കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ വളർച്ചയിൽ ഒപ്പം നിന്ന് പണിയെടുത്തിരുന്ന പല നേതാക്കളെയും കിട്ടിയ അവസരങ്ങളിൽ എല്ലാം പുറംകാൽ കൊണ്ട് തൊഴിച്ചു ഒന്നുമല്ലാതാക്കി താൻ മാത്രമാണ് എല്ലാം എന്ന് വരുത്തിത്തീർത്ത ആന്റണിക്ക് കാലം നൽകുന്ന ശിക്ഷയാണ് സ്വന്തം മകനിൽ നിന്നും കിട്ടുന്ന ചീത്ത വിളികൾ എന്ന കാര്യം ആൻറണി ഇനിയെങ്കിലും തിരിച്ചറിയണം. ശിഷ്ടകാലം വീട്ടിൽ മൗനിയായി  എല്ലാം കണ്ടുകൊണ്ട് മിണ്ടാതിരിക്കുക ആണ് ഇനി ആന്റണിക്ക് ചെയ്യാൻ കഴിയുന്ന കാര്യം…