ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യം മുന്നണി വലിയ തിരിച്ചടി നേരിടും എന്ന രാഷ്ട്രീയ അവലോകനങ്ങൾ വെളിപ്പെടുത്തുന്നു. 2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ തുടർഭരണത്തിൽ എത്തിയ പിണറായി സർക്കാർ ജനകീയതയുടെ കാര്യത്തിൽ ഏറെ പിന്നോക്കം പോയതായി പല ഏജൻസികളും നടത്തിയ സർവ്വേകളിലും കണ്ടെത്തിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കേരളത്തിൽ ഒരു സീറ്റിൽ പോലും വിജയം കണ്ടെത്താൻ കഴിയില്ല എന്ന അഭിപ്രായമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപന അവസരത്തിൽ യുഡിഎഫിന് തുല്യമായ ശക്തിയിൽ നിന്നിരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി ഇപ്പോൾ എല്ലാ മണ്ഡലങ്ങളിലും പിന്നോട്ടടി നേരിട്ടത് ആയിട്ടാണ് അഭിപ്രായ സർവ്വേകൾ പോലും പറഞ്ഞുകൊണ്ടിരിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിൻറെ മന്ത്രിമാരിൽ പലരും മികവുകൊണ്ട് ജനങ്ങളുടെ വലിയ താൽപര്യം നേടിയെടുത്ത ആൾക്കാർ ആയിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിൽ പല മന്ത്രിമാരും പ്പിടിപ്പു കെട്ടവരാണ് എന്ന പൊതുവായ അഭിപ്രായം ഏറെക്കാലമായി നിലനിൽക്കുന്നുണ്ട്. സാധാരണ ജനങ്ങൾ വലിയ താല്പര്യത്തോടെ ആയിരുന്നു ഇടതുപക്ഷ മുന്നണി സർക്കാരിനെ കണ്ടുകൊണ്ടിരുന്നത്.
എന്നാൽ സാമൂഹിക ക്ഷേമ പെൻഷൻ സ്ഥിരമായി മുടങ്ങിയതും, റേഷൻ വിതരണത്തിലും സപ്ലൈകോ സ്റ്റോറുകളിലെ തകരാറുകളും, അതുപോലെതന്നെ വൈദ്യുതി ചാർജ് വർദ്ധന, കുടിവെള്ള ചാർജ് വർദ്ധന, കെട്ടിട നികുതി വർദ്ധന തുടങ്ങിയ സർക്കാർ തീരുമാനങ്ങളും സാധാരണ ജനങ്ങളിൽ എതിർപ്പ് ഉണ്ടാക്കിയ സംഭവം ആയിരുന്നു. ഇതിന്റെയെല്ലാം തിരിച്ചടി കൂടി ആകണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന തോൽവിക്ക് കാരണം എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ഒന്നാം പിണറായി സർക്കാരിൻറെ കാലത്താണ് കേരളവും ഏറ്റവും ഗുരുതരവും ഭീകരവും ആയ പ്രതിസന്ധികളെ നേരിട്ടത് മഹാപ്രളയം കോവിഡ് മഹാമാരി പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവയെല്ലാം ഒന്നിന് പുറകെ ഒന്നായി വന്നപ്പോൾ ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ട് അതിശക്തമായ പ്രവർത്തനങ്ങൾ വഴി ഇതിനെയെല്ലാം നേരിട്ട കരുത്തുറ്റ ഭരണം എന്ന പ്രതീതി ഒന്നാം പിണറായി സർക്കാരിന് നേടിയെടുക്കാൻ കഴിഞ്ഞിരുന്നു എന്നാൽ നിലവിലുള്ള ഇടതുമുന്നണി സർക്കാരിന് ഇത്തരം ഒരു ജനപ്രിയതയും നേടിയെടുക്കാൻ കഴിഞ്ഞില്ല എന്നത് വസ്തുതയാണ്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഉണ്ടായ ശബരിമല വിഷയവും മറ്റും ആണ് യുഡിഎഫിലെ പ്രത്യേകിച്ചും കോൺഗ്രസിലെ എല്ലാ സ്ഥാനാർഥികളും വൻ വിജയത്തിൽ എത്തുന്നതിന് വഴിയൊരുക്കിയത് ഇതിന് പുറമേ ആയിരുന്നു രാഹുൽ ഗാന്ധി എന്ന കോൺഗ്രസ് നേതാവ് കേരളത്തിൽ മത്സരിക്കാൻ എത്തിയതും അടുത്ത പ്രധാനമന്ത്രി രാഹുൽഗാന്ധി ആയേക്കും എന്ന പ്രചരണം വ്യാപകമായതും ഈ രണ്ടു ഘടകങ്ങളും ഒത്തുചേർന്നപ്പോൾ ആണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ അടക്കം യുഡിഎഫിലെ സ്ഥാനാർഥികൾക്ക് അപ്രതീക്ഷിത ഭൂരിപക്ഷവും ആയി വൻ വിജയം നേടുവാൻ കഴിഞ്ഞത് എന്നാൽ ഈ പറയുന്ന ഘടകങ്ങൾ ഒന്നും ഇപ്പോൾ ഇല്ല എങ്കിലും ഈ സാധ്യത പോലും മുതലെടുക്കാൻ എൽഡിഎഫിന് കഴിഞ്ഞില്ല എന്നത് മുന്നണി നേതാക്കൾ ചിന്തിക്കേണ്ട വിഷയമാണ്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റിൽ 19 സീറ്റും യുഡിഎഫ് നേടുകയും ആലപ്പുഴ മാത്രം എൽഡിഎഫ് വിജയിക്കുകയും ആണ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചരണ ആദ്യഘട്ടത്തിൽ കേരളത്തിൽ എൽഡിഎഫും യുഡിഎഫും ഏതാണ്ട് ഒപ്പത്തിനൊപ്പം എത്തിനിൽക്കുന്നു എന്നും, പകുതി സ്ഥാനങ്ങളിൽ വീതം ഇരുമുന്നണികളും ജയം കണ്ടെത്തും എന്നും ഉള്ള വിലയിരുത്തലുകൾ ഉണ്ടായിരുന്നു. എന്നാൽ വോട്ടെടുപ്പ് ദിവസം അടുക്കുംതോറും ഇടതുപക്ഷ മുന്നണിയുടെ ഗ്രാഫ് താഴോട്ട് പോകുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്..
കേരള സർക്കാർ നിലവിൽ ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക ബാധ്യതകളും, സംസ്ഥാനത്തിന്റെ സാമ്പത്തിക തകർച്ചകൾ മൂലം പല പദ്ധതികളും മുടങ്ങുന്നതും, സർക്കാർ ജീവനക്കാരുടെ ശമ്പളം വിതരണം വരെ തകരാറിൽ ആയതും എല്ലാം ജനം വിലയിരുത്തുന്നു എന്നും ഇതുകൂടി പ്രതിഫലിച്ചതുകൊണ്ടാണ്. ഇപ്പോൾ ഇടതുപക്ഷ മുന്നണി സ്വന്തമാക്കിയിട്ടുള്ള ആലപ്പുഴയിൽ പോലും ജയസാധ്യത ഇടതുമുന്നണിക്ക് ഇല്ലാതാവുന്ന സ്ഥിതി വന്നുകൊണ്ടിരിക്കുന്നു എന്ന് വിലയിരുത്തൽ രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്.
ഒരു കാര്യം പൊതുവേ ചർച്ച ചെയ്യപ്പെട്ട വസ്തുതയാണ് ഒന്നാം പിണറായി സർക്കാരിൻറെ പ്രവർത്തനവും, നിലവിലെ സർക്കാരിൻറെ പ്രവർത്തനവും തമ്മിൽ തുലനം ചെയ്താൽ രണ്ടാം പിണറായി സർക്കാർ പ്രവർത്തന കാര്യത്തിൽ ഏറെ പിറകോട്ട് പോയതായും ഒരു മേന്മയും എടുത്തു കാണിക്കാൻ ഇല്ലാത്ത സ്ഥിതിയിലേക്ക് എത്തിയ ഭരണമായിരുന്നു എന്നും വ്യക്തമാകുന്നുണ്ട്.
സംസ്ഥാന നേരിട്ട് കൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി ധനകാര്യ മന്ത്രിയുടെ മാത്രമല്ല മുഴുവൻ മന്ത്രിമാരുടെയും പിടിപ്പുകേടുകളുടെ ഭാഗമാണ് എന്ന് ജനം വിലയിരുത്തുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ അതിന് ന്യായീകരണം നടത്തിയ ധനകാര്യ മന്ത്രി, എല്ലാ വിഷയത്തിലും കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ചു എന്ന് പറഞ്ഞ് ധനകാര്യ മന്ത്രി വിലപിക്കുമ്പോൾ ജനം തിരിച്ചു ചോദിക്കുന്ന ഒരു കാര്യം ഉണ്ടായിരുന്നു കടം എടുക്കാതെ ഭരണം നടത്തുന്നതല്ലേ ഒരു സർക്കാരിൻറെ മികവ് എന്ന ആ ചോദ്യത്തിന് ധനകാര്യ മന്ത്രിയോ സർക്കാരോ ഇതേവരെ മറുപടി പറഞ്ഞിട്ടില്ല.
ജനങ്ങൾക്ക് വേണ്ടി ഭരിക്കുക എന്നത് മാറി മറ്റു ചില പ്രവർത്തന ശൈലികളിലേക്ക് നിലവിലെ സർക്കാർ വഴിതെറ്റിപ്പോയി എന്ന് പറഞ്ഞാൽ അതിൽ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. കൊട്ടിഘോഷിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ കേരള യാത്ര പോലും രാഷ്ട്രീയമായി ഇടതുമുന്നണിക്ക് ഒരു ഗുണവും ഉണ്ടാക്കിയില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വ്യക്തമാകും.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇതേപോലെ മുന്നോട്ടു നീങ്ങിയാൽ ഒരാഴ്ച കഴിഞ്ഞ നടക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഫലം പുറത്തുവരുമ്പോൾ ഇടതുപക്ഷ മുന്നണി കനത്ത ആഘാതം ഏറ്റുവാങ്ങും തന്നെയാണ് പൊതുവേ ഉള്ള നിലവിലെ വിലയിരുത്തൽ.