കരിമണൽ കമ്പനിയിലെ കോഴപ്പണം

ഇ ഡി യുടെ കണ്ണിൽ വീണ മാത്രമേ ഉള്ളോ?

 

കൊച്ചിയിൽ പ്രവർത്തിക്കുന്ന സി എം ആർ എൽ എന്ന കരിമണൽ കമ്പനിയിൽ നിന്നും മാസപ്പിടിയായി പണം വാങ്ങിയ വിഷയം വലിയതോതിൽ ചർച്ചചെയ്ത് നിൽക്കുകയാണ്. കരിമണൽ കമ്പനി കോഴപ്പണം നൽകിയ പല ആൾക്കാരും ഇപ്പോഴും കേരളത്തിൽ ഉണ്ട്. രാഷ്ട്രീയ നേതാക്കളും മത നേതാക്കളും എല്ലാം കരിമണൽ കർത്തയുടെ കയ്യിൽ നിന്നും വലിയ തോതിൽ പണം കൈപ്പറ്റിയിട്ടുണ്ട്.

ഇത് സംബന്ധിച്ച പല വാർത്തകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ കേസ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും ആകെ ഉന്നമ്മയ്ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻറെ മകളായ വീണ വിജയനെ ആണ്. ബാംഗ്ലൂർ ആസ്ഥാനമാക്കി വീണ നടത്തിക്കൊണ്ടിരുന്ന എക്‌സാ ലോജിക് എന്ന കമ്പനി നടത്തിയിരുന്ന ഇടപാടുകളുടെ ഭാഗമായി, 1.72 കോടി രൂപ കരിമണൽ കമ്പനിയിൽ നിന്നും കൈപ്പറ്റി എന്നതാണ് വിഷയം. ഈ കേസ് കുത്തിപ്പൊക്കി കൊണ്ടുവന്നത് കോൺഗ്രസിന്റെ എംഎൽഎ ആയ മാത്യു കുഴൽനാടൻ ആയിരുന്നു.

എന്തോ വലിയ മഹാത്ഭുതം കണ്ടുപിടിച്ചു എന്ന നിലയിൽ ദിവസേന പത്രസമ്മേളനം നടത്തി. മാത്യു കുഴൽ നാടൻ ഷൈൻ ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ മാത്യു കുഴൽനാടന്റെ സ്വന്തം പാർട്ടി ആയ കോൺഗ്രസിന്റെ നേതാക്കൾ കരിമണൽ കമ്പനിയിൽ നിന്നും ഇതേപോലെ തന്നെ വലിയ തുക കൈപ്പറ്റിയതായ കണക്കുകളും പുറത്തുവരികയുണ്ടായി ഈ കണക്കുകൾ ഒന്നും കണ്ടതായി മാത്യു കുഴൽനാടൻ പറയുന്നില്ല.

കേന്ദ്രസർക്കാരിൻറെ കീഴിൽ പ്രവർത്തിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള ഏജൻസികൾ കൈക്കൊള്ളുന്ന ചില നടപടികൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായിട്ടാണ് എന്ന ആരോപണം വ്യാപകമായി നിലനിൽക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് അവസരത്തിൽ കരിമണൽ കമ്പനിയുടെ മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രിയുടെ മകൾ നടത്തിയതായി പറയുന്ന മാസപ്പടി പ്രശ്നം വലിയ കാര്യമായി ഉയർത്തിക്കാട്ടി വാർത്ത വേദികളിൽ നിറച്ചു നിർത്താൻ ഡയറക്ടറേറ്റ് പ്രത്യേക താൽപര്യം കാണിക്കുന്നു എന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല.

തെരഞ്ഞെടുപ്പ് അവസരങ്ങളിൽ ആണ് രാഷ്ട്രീയപാർട്ടികളുടെയും അതിൻറെ നേതാക്കളുടെയും എല്ലാ പ്രവർത്തനങ്ങളും അതിൻറെ ശരിയും തെറ്റും പൊതുജനങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇത്തരത്തിൽ വലിയ പ്രാധാന്യമുള്ള ഒരു അവസരത്തിൽ മാസപ്പടി കേസ് ലൈവ് ആയി നിർത്തി ആരെയോ സഹായിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ധൃതി കാണിക്കുന്നു എന്ന് പറഞ്ഞാൽ അതിൽ കുറ്റപ്പെടുത്തേണ്ട കാര്യമില്ല.

ഏതു കേസും ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന വിഷയമല്ല. ആ നിലയ്ക്ക് തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കൂടി കഴിഞ്ഞാൽ ഏത് കേസും ഏത് അന്വേഷണവും എത്ര ശക്തമായി നടത്തിപ്പോകാൻ ഇവർക്ക് അവസരമുണ്ട്. ആ സാവധാനം അനുവദിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടു നിൽക്കുന്ന അവസരത്തിൽ തന്നെ ചോദ്യം ചെയ്യലും നോട്ടീസ് അയക്കലും ഭീഷണിപ്പെടുത്തലും ഒക്കെ നടത്തുന്നത് ഒരു സർക്കാർ സംവിധാനത്തിന് അനുയോജ്യമായ കാര്യമാണോ എന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ തന്നെ ആലോചിക്കേണ്ട കാര്യമാണ്.

സി എം ആർ എൽ എന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കരിമണൽ കമ്പനിയുടെ ഉടമയായ കർത്തയിൽ നിന്നും സംഭാവനയായും മറ്റും വലിയ തുകകൾ സ്വീകരിക്കാത്ത ഒരു പാർട്ടി നേതാവും കേരളത്തിൽ ഇല്ല. കരിമണൽ കമ്പനി ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകിയ രേഖകൾ പ്രകാരം തന്നെ ഏതാണ്ട് 96 കോടി രൂപയോളം നാലുവർഷത്തിനിടയിൽ കമ്പനി വിവിധ ആൾക്കാർക്ക് സംഭാവനയായി നൽകിയതായി പറയുന്നുണ്ട്. ഇത് വാസ്തവം ആണെങ്കിൽ മുഖ്യമന്ത്രിയുടെ മകൾ കൈപ്പറ്റിയ ഒന്നേമുക്കാൽ കോടി രൂപ കഴിഞ്ഞാൽ ബാക്കിയുള്ള 95 കോടിയോളം രൂപ ആരുടെയൊക്കെ പോക്കറ്റിൽ ആണ് എത്തിച്ചേർന്നത് എന്ന കാര്യവും പുറത്തുവരേണ്ടതല്ലേ. കമ്പനി നൽകിയ രേഖയിൽ പറയുന്ന കണക്ക് ആണെങ്കിൽ ആ തുക ആർക്കൊക്കെ നൽകി എന്നത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കണ്ടെത്താൻ കഴിയുന്ന കാര്യങ്ങളാണ്. ഈ കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷം മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളെ കൂടി ചോദ്യം ചെയ്യുകയും, അവരുടെ കൂടെ മൊഴികൾ രേഖപ്പെടുത്തുകയും അവർക്കെതിരെ കൂടി നടപടികൾ സ്വീകരിക്കുകയും ചെയ്യാനുള്ള ബാധ്യത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും ഇല്ലേ ?

തെരഞ്ഞെടുപ്പിന്റെ മൂർധന്യാവസ്ഥയിൽ മുഖ്യമന്ത്രിയെയും കുടുംബത്തെയും പ്രാധാന്യത്തോടെ ലക്ഷ്യം ഇട്ടുകൊണ്ട് അന്വേഷണ ഏജൻസി നീക്കം നടത്തുന്നത് രാഷ്ട്രീയമായ ചില കണക്കുകൂട്ടലുകളുടെ ഭാഗമായിട്ട് കൂടി ആയിരിക്കണം. അല്ലാതെ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യാതൊരു അവസര സമത്വവും പാലിക്കാതെ മറ്റു പല ആൾക്കാരും സമാന രീതിയിൽ പണം കൈപ്പറ്റി മാന്യന്മാരായി നടക്കുമ്പോൾ മുഖ്യമന്ത്രിയുടെ മകളെ മാത്രം പൊതുജനമധ്യത്തിൽ ആക്ഷേപത്തിന് വിധേയമാക്കുന്ന നടപടി യഥാർത്ഥത്തിൽ മനുഷ്യത്വംരഹിതമായ ഒന്നുകൂടിയാണ് എന്ന് പറയേണ്ടി വരുന്നത് ഖേദമുണ്ട്.

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ മാസപ്പടി പ്രശ്നത്തിൽ കേസുമായി ഓടി നടക്കുന്ന കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ എന്തുകൊണ്ടാണ് മാസപ്പടി കൈപ്പറ്റിയ കോൺഗ്രസിന്റെ നേതാക്കളുടെ പേരിലും അന്വേഷണം വേണം എന്ന് പറയാൻ ശ്രമിക്കാത്തത് എന്ന കാര്യവും ഉത്തരം കിട്ടേണ്ടതായി അവശേഷിക്കുകയാണ്.