ലോകസഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ കളികൾ കാണണമെങ്കിൽ കോട്ടയത്തേക്ക് ചെല്ലണം. വിരലിൽ എണ്ണി തീർക്കാൻ കഴിയാത്ത വിധത്തിൽ കേരള കോൺഗ്രസുകൾ കേരളത്തിൽ നിരവധി ഉണ്ട്. ഇതിൽ ശക്തിയുള്ള രണ്ടു വിഭാഗങ്ങൾ മാണി ഗ്രൂപ്പിന്റെയും ജോസഫ് ഗ്രൂപ്പിന്റെയും ആണ്. ഈ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് രണ്ട് ഗ്രൂപ്പുകളുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ സദാചാരങ്ങളെല്ലാം മാറ്റിവച്ചത് തന്ത്രങ്ങളും കുതന്ത്രങ്ങളും കുതികാൽ വെട്ടും ഒക്കെയാണ് കോട്ടയത്തെ കേരള കോൺഗ്രസ് മാണി ജോസഫ് ഗ്രൂപ്പുകളിൽ തുടർന്നുകൊണ്ടിരിക്കുന്നത്. ഇതേവരെയുള്ള നാടകങ്ങളിൽ കനത്ത നഷ്ടംം ഉണ്ടായിരിക്കുന്നത് പി ജെ ജോസഫ് നയിക്കുന്ന ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിന് ആണ്. ജോസഫിന്റെ തോളിൽ നിന്നും ഇറങ്ങുന്ന നേതാക്കൾ പാലായിലെ തൻറെ കുടുംബ വീട്ടിലേക്ക് വരും എന്ന മോഹവുമായി ജോസ് കെ. മാണി കാത്തിരിക്കുന്നു ഉണ്ടെങ്കിലും ആരും ഇതേവരെ അങ്ങോട്ട് കയറിച്ചെന്നതായി അറിയില്ല.
കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പടല പിണക്കങ്ങൾ ഉണ്ടായത് അടുത്ത ഇടയ്ക്കാണ്. പി.ജെ ജോസഫ് എന്ന നേതാവിൻറെ അടുത്ത ആൾ എന്ന നിലയിൽ പാർട്ടി കയ്യടക്കി ഭരിക്കുന്നത് മോൻസ് ജോസഫ് ആണ്. ഇദ്ദേഹത്തിന് ഒപ്പം കൂടാൻ സാക്ഷാൽ ജോസഫിന്റെ മകൻ അപു ജോസഫും ഉണ്ടായതാണ് ആ പാർട്ടിയിൽ വലിയ പ്രതിസന്ധിയിൽ ഉണ്ടാകാൻ കാരണം. പ്രായാധിക്യം മൂലം പഴയതുപോലെ എല്ലാ കാര്യത്തിലും ഇടപെടാനോ ഓടി നടക്കാനോ പി ജെ ജോസഫിന് കഴിയുന്നില്ല ഇതും നേതൃനിരയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നുണ്ട്.
അടുത്ത ഇടയാണ് പി. ജെ ജോസഫ് സ്വന്തം മകൻ അപു ജോസഫിനെ പാർട്ടിയുടെ തലപ്പത്ത്
പ്രതിഷ്ഠിച്ചത് കാര്യമായ ഒരു രാഷ്ട്രീയ പരിചയവും ഇല്ലാത്ത മകനെ പാർട്ടി തലപ്പത്ത് വാഴിച്ചതിൽ നേതാക്കൾ പലരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ജോസഫിന്റെ വലംകൈ ആയി നിൽക്കുന്ന ചില നേതാക്കൾ ഈ തീരുമാനത്തെ സ്വാഗതം ചെയ്തത് വിമർശനക്കാരെ നിശബ്ദരാക്കാൻ വഴിയൊരുക്കി.
ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ എല്ലാ തീരുമാനങ്ങളും പ്രഖ്യാപിക്കുന്നതും പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ നേതൃത്വം കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നതും മോൻസ് ജോസഫും അപു ജോസഫും സ്ഥിരമായി നടത്താൻ തുടങ്ങിയതാണ് പാർട്ടിയിലെ പുതിയ പ്രതിസന്ധിക്കും തകർച്ചയ്ക്കും വഴിയൊരുക്കിയത്. പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡണ്ടായിരുന്നു സജി മഞ്ഞ കടമ്പൻ. പാർട്ടിയിൽ നിന്നും രാജിവെച്ച് പ്രതിഷേധിച്ചത് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കി. ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തമാകുന്ന അവസരത്തിലാണ് മഞ്ഞക്കടമ്പൻ പാർട്ടിയിൽ നിന്നും പുറത്തു പോയത്. പാർട്ടിയുടെ കോട്ടയം ജില്ല പ്രസിഡണ്ടും യുഡിഎഫ് ജില്ലാ ചെയർമാനും ആയിരുന്നു സജി മഞ്ഞക്കടമ്പൻ. സജി രാജിവച്ചപ്പോൾ ജോസഫ് ഗ്രൂപ്പ് വിട്ട് മാണി ഗ്രൂപ്പിലേക്ക് എത്തും എന്നാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ സ്വന്തം അനുയായികളെ വിളിച്ചുകൂട്ടി യോഗം നടത്തി പുതിയ പാർട്ടി പ്രഖ്യാപിക്കുകയാണ് സജി ചെയ്തത്.
ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിൽ നിന്നും സജി മഞ്ഞക്കടമ്പൻ രാജിവെച്ച് തൊട്ട് അടുത്ത നാളിലാണ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് അറക്കൽ ബാലകൃഷ്ണപിള്ള പാർട്ടിയിൽ നിന്നും രാജിവെച്ചത്. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസിൻറെ പ്രാരംഭ കാലം മുതൽ നേതൃനിരയിൽ പ്രവർത്തിച്ചുവന്നിരുന്ന ആളാണ്. ഈ സംഭവത്തിന് പിന്നാലെയാണ് മറ്റൊരു സംസ്ഥാന വൈസ് പ്രസിഡൻറ് വി സി ചാണ്ടി പാർട്ടിയിൽ നിന്നും രാജിവെച്ചത് കോഴിക്കോട് ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻറെ ശക്തികേന്ദ്രം ആയിരുന്നു വി സി ചാണ്ടി. പിജെ ജോസഫ് എന്ന നേതാവ് ഇപ്പോൾ മറ്റു ചില തന്ത്രശാലികളായ നേതാക്കളുടെ വലയിൽ വീണിരിക്കുകയാണ് എന്നും കേരള കോൺഗ്രസിൻറെ എല്ലാ കാലത്തെയും ശക്തി കർഷകരാണെന്നും ആ കർഷകർക്ക് വേണ്ടി ഒരു ചെറിയ ശബ്ദം പോലും ഉയർത്താൻ ഇപ്പോൾ പാർട്ടിക്ക് കഴിയാതെ വന്നിരിക്കുന്നു എന്നും പാർട്ടി ചില കൽപരകക്ഷികളുടെ കൈകളിൽ കുടുങ്ങിക്കിടക്കുകയാണെന്നും രാജിവച്ച ശേഷം വി സി ചാണ്ടി പത്രക്കാരോട് പറഞ്ഞു.
കോട്ടയം ലോക്സഭാ മണ്ഡലത്തിൽ മാണി ഗ്രൂപ്പ് സ്ഥാനാർഥിയായി തോമസ് ചാഴിക്കാടൻ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജും മത്സരിക്കുകയാണ്. മാണി ഗ്രൂപ്പ് ഇടതുപക്ഷ മണ്ണടിയിലും ജോസഫ് ഗ്രൂപ്പ് കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണിയിലും ആണ് ഇപ്പോൾ ഉള്ളത്. ഈ രണ്ട് കേരള കോൺഗ്രസുകൾക്കും കോട്ടയം സീറ്റ് നിലനിൽപ്പിന്റെ ഘടകമാണ്. മാണി ഗ്രൂപ്പിൻറെ സ്ഥാനാർത്ഥിയായ തോമസ് ചാഴിക്കാടൻ പരാജയപ്പെടുന്ന സ്ഥിതിയുണ്ടായാൽ ഇടതുമുന്നണിയിൽ മാണി ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ ഇപ്പോഴത്തെ സ്ഥാനം ഇടിയുന്ന സ്ഥിതി ഉണ്ടാവും. മാത്രവുമല്ല പാർട്ടി ചെയർമാനായ ജോസ് കെ മാണി ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ള രാജ്യസഭാ എംപി സ്ഥാനം തുടർന്ന് ലഭിക്കാനുള്ള സാധ്യതയും ഇല്ലാതെയാകും.
ഇതുതന്നെയാണ് ജോസഫ് ഗ്രൂപ്പ് പാർട്ടിയുടെയും സ്ഥിതി സ്വന്തം സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് വിജയിക്കുന്നില്ല എങ്കിൽ പാർട്ടി ഇപ്പോൾ ചേർന്നുനിൽക്കുന്ന യുഡിഎഫിൽ വലിയ അവഗണന നേരിടേണ്ട സാഹചര്യംമുണ്ടാകും. മാത്രവുമല്ല ഇപ്പോഴത്തെ ജോസഫ് ഗ്രൂപ്പ് പാർട്ടിയിലെ പ്രതിസന്ധികൾ രൂക്ഷമാവുകയും ജോസഫിനൊപ്പം ഇപ്പോൾ നിൽക്കുന്ന പല സീനിയർ നേതാക്കളും പാർട്ടി വിടുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകും.
കോട്ടയത്ത് ആരെങ്കിലും ഒരാൾ ജയിക്കുക എന്നത് മാത്രമാണ് സ്വാഭാവികമായും ഉണ്ടാവുക. ആര് തോൽക്കുന്നുവോ അദ്ദേഹം നിൽക്കുന്ന കേരള കോൺഗ്രസ് ഗ്രൂപ്പിൻറെ ഭാവിയായിരിക്കും പ്രതിസന്ധിയിൽ വരിക. ജോസഫ് ഗ്രൂപ്പിൽ ഉണ്ടായിട്ടുള്ളത് പോലെ തന്നെ പിളർപ്പ് ഉണ്ടായില്ലെങ്കിലും വലിയ പ്രതിസന്ധി മാണി ഗ്രൂപ്പിലും നിലനിൽക്കുന്നുണ്ട്. തോമസ് ചാഴിക്കാടനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയതിൽ മാണി ഗ്രൂപ്പ് പാർട്ടിയിലെ ചില സീനിയർ നേതാക്കൾ പ്രതിഷേധിച്ചു നിൽക്കുന്നുണ്ട്. ഈ കൂട്ടാർ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കാര്യമായി പങ്കുവഹിക്കുന്നുമില്ല. സ്വന്തം സ്ഥാനാർഥി അവിടെ പരാജയപ്പെടുന്ന സ്ഥിതിയുണ്ടായാൽ ഈ നേതാക്കൾ ഒറ്റക്കെട്ടായി ജോസ് കെ മാണിക്ക് എതിരെ നീക്കം നടത്തും.
ഏതായാലും കോട്ടയത്ത് എൽഡിഎഫ് യുഡിഎഫ് മത്സരം എന്നതിനപ്പുറം ജോസഫ് – മാണി കേരള കോൺഗ്രസുകളുടെ പരസ്പര മത്സരം എന്ന രീതിയിൽ പരിഗണിക്കുന്നതാണ് ശരി. കോൺഗ്രസ് സ്ഥിരമായി മത്സരിച്ചിരുന്ന ഈ സീറ്റ് കേരള കോൺഗ്രസ് കയ്യടക്കിയതിൽ പ്രതിഷേധിച്ച് നിൽക്കുന്ന നല്ലൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും ഈ മണ്ഡലത്തിൽ ഉണ്ട്. കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തല പലതവണ മത്സരിച്ചു വിജയിച്ച മണ്ഡലമാണ് കോട്ടയം. അങ്ങനെയുള്ള കോട്ടയം സീറ്റ് അന്തരിച്ച കെഎം മാണിയുടെ പ്രതാപകാലത്ത് കേരള കോൺഗ്രസിന് കൊടുത്തതാണ് ഇപ്പോൾ പലതായി പിളർന്ന കേരള കോൺഗ്രസിന് ശക്തി ക്ഷയിച്ചിരിക്കുന്ന സാഹചര്യത്തിൽ എന്തിനാ വീണ്ടും യുഡിഎഫ് കോട്ടയം സീറ്റ് മാണി കേരള കോൺഗ്രസിന് കൊടുത്തു എന്ന ചോദിക്കുകയാണ് കോൺഗ്രസിലെ നേതാക്കളും പ്രവർത്തകരും.