ജനത്തെ മണ്ടന്മാരാക്കുന്ന രാഷ്ട്രീയ കളികൾ

വട്ടു പിടിച്ച നേതാക്കന്മാരും അവരുടെ വോട്ട് പിടുത്തവും

 

അഞ്ചുവർഷത്തിനിടയിലാണ് സാധാരണ ജനങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കാൻ കഴിയുന്ന തെരഞ്ഞെടുപ്പുകൾ എത്തിച്ചേരുക… ഓരോ രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളെ മത്സര രംഗത്തിറക്കി പാട്ടുകളിലൂടെയും ആശയങ്ങളും നയപരിപാടികളും ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച്‌ വോട്ട് ചോദിക്കുകയും, ജയിച്ചു വരുന്നവർ ഭരണത്തിൽ കയറുകയും ചെയ്യുന്ന രീതിയാണ് ജനാധിപത്യ സമ്പ്രദായം… ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കളികൾ യഥാർത്ഥത്തിൽ പൊതുജനത്തെ മണ്ടന്മാർ ആക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു… ഇവിടെ ആര് ആരോടാണ് മത്സരിക്കുന്നത് എന്ന കാര്യത്തിൽ ഒരു വ്യക്തതയും ഇല്ല.

കേരളത്തിൽ തെരഞ്ഞെടുപ്പ് മത്സരവേദിയിൽ ശക്തമായി നിലയുറപ്പിച്ചിട്ടുള്ളത് എൽഡിഎഫും യുഡിഎഫും ആണ്… വലിയ കക്ഷിയായ സിപിഎം നേതൃത്വം കൊടുക്കുന്ന എൽഡിഎഫും അതുപോലെതന്നെ കോൺഗ്രസ് പാർട്ടി നേതൃത്വം കൊടുക്കുന്ന യുഡിഎഫും നേർക്കു നേർ നിന്ന് മത്സരിക്കുകയാണ്… രണ്ടുമൂന്നണികളും തങ്ങളെ വിജയിപ്പിച്ചാൽ നാടുമുഴുവൻ തേനും പാലും ഒഴുക്കും എന്ന് വിളിച്ചു പറയുന്നുണ്ട്… ഇതിന് പുറമേ ആണ് രാജ്യം ഭരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ മുന്നണിയും മത്സര രംഗത്ത് നിൽക്കുന്നത്… കേരളത്തിലെ പൊതു രാഷ്ട്രീയത്തിൽ ബിജെപി മുന്നണിക്ക് കാര്യമായ പ്രസക്തി ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല… അതുകൊണ്ടുതന്നെ കേരളത്തിലെ വോട്ടർമാർക്ക് മുന്നിൽ ചർച്ചാവിഷയമായി നിൽക്കുന്നത് ഇടതുപക്ഷ മുന്നണിയും യുഡിഎഫും തന്നെയാണ്.

രണ്ടു മുന്നണികളും പരസ്പരം പടവേട്ടുന്ന രീതിയിൽ ആണ് മത്സര രംഗത്ത് നിൽക്കുന്നത്… എന്നാൽ ഇവർ കേരളത്തിൻറെ വടക്കേ അതിർത്തി കഴിഞ്ഞാൽ കൈകോർത്ത് ബിജെപിക്കെതിരെ പൊരിടുന്ന കക്ഷികളാണ് എന്ന് ഇവർ തന്നെ പറയുന്നു… കേരളം വിട്ടാൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും എല്ലാം ഒറ്റക്കെട്ടാണ്… പിന്നെ എന്തിനാണ് കേരളത്തിൽ ഇത്രയും വലിയ വീറും വാശിയും കാണിക്കുന്നത് എന്ന ആശങ്കയിലാണ് പൊതുജനങ്ങൾ.

മാത്രവുമല്ല മുൻകാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് യാതൊരു നീതിബോധവും മാന്യതയും ഇല്ലാത്തതും ജനാധിപത്യത്തെ മറന്നു കൊണ്ടുള്ളതും ആയ പ്രവർത്തന ശൈലിയിലേക്ക് മുഖ്യ രാഷ്ട്രീയപാർട്ടികൾ മാറിയിരിക്കുന്നു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്നകാര്യമാണ്… നാടിൻറെ പുരോഗതിയും ജനങ്ങളുടെ നന്മയും ഉണ്ടാകുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്യേണ്ട തെരഞ്ഞെടുപ്പ് വേദികളിൽ, വെറും തരംതാണതും ലജ്ജാകരവുമായ ചർച്ചകൾ തുടർന്നുകൊണ്ടിരിക്കുന്നു…

എൽഡിഎഫിനെയും യുഡിഎഫിനെയും നയിക്കുന്ന മുതിർന്ന പക്വതയുള്ള നേതാക്കൾ വരെ ഇപ്പോൾ സമനില തെറ്റിയപോലെയാണ്… വടകരയിൽ ഒരു സ്ത്രീ സ്ഥാനർഥിയുടെ പേരിൽ വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ച സംഭവം സംബന്ധിച്ച ചർച്ച ഇപ്പോഴും തുടരുന്നുണ്ട്… തൃശ്ശൂരിലേക്ക് വരുമ്പോൾ ഇപ്പോൾ രാഷ്ട്രീയ ചർച്ചയല്ല, മറിച്ച് കഴിഞ്ഞദിവസം നടന്ന തൃശ്ശൂർ പൂരം അലമ്പ് ആക്കിയ ആളുകളെ സംബന്ധിച്ച തർക്കങ്ങളാണ് മറ്റൊരുകൂട്ടർ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്… കോൺഗ്രസിന്റെ നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ അച്ഛനാര് എന്ന മ്ലേച്ഛകരമായ ചോദ്യവും അതുപോലെതന്നെ പപ്പു മോൻ എന്ന ആക്ഷേപ പ്രയോഗവും ഒക്കെയാണ്…

പത്തനംതിട്ടയിലേക്ക് ചെന്നാൽ അവിടെ മുതിർന്ന കോൺഗ്രസ് നേതാവ് ആന്റണിയും മകൻ അനിൽ ആൻറണിയും തമ്മിലുള്ള കുടുംബ പോരാണ്… ആറ്റിങ്ങലിൽ മുന്നണികളുടെ ജനസേവന കാര്യങ്ങൾ അല്ല ചർച്ച… മറിച്ച് അവിടെ ഏതോ ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി ആരോപണം വിതരണം ചെയ്തു എന്നതാണ്… കണ്ണൂരിൽ ആണെങ്കിൽ കമ്മ്യൂണിസ്റ്റ് സഖാക്കൾ ആയ ചെറുപ്പക്കാർ സ്വന്തമായി ബോംബ് ഉണ്ടാക്കി സ്വയം അപകടത്തിൽപ്പെട്ട കാര്യത്തിലുള്ള തർക്ക -വിതർക്കങ്ങൾ ആണ്.

ഈ പറയുന്ന കാര്യങ്ങൾ എല്ലാം വിശദമായി പരിശോധിക്കുമ്പോൾ ഒരു കാര്യം പൊതുജനത്തിന് മനസ്സിലാകുന്നത്, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുക എന്നതല്ല ഇപ്പോഴത്തെ എല്ലാ രാഷ്ട്രീയക്കാരുടെ ലക്ഷ്യം… ഏത് കുപ്രചരണം നടത്തിയും നാല് വോട്ട് കൂടുതൽ മേടിച്ചു എങ്ങനെയെങ്കിലും അധികാരത്തിൽ കയറിയിരിക്കണം എന്നതിനപ്പുറം പൊതുജനത്തിന്റെ കാര്യമോ നാടിൻറെ കാര്യമോ ഈ പറയുന്ന ഒരു രാഷ്ട്രീയപാർട്ടിയുടെയും നേതാക്കന്മാർക്ക് ഇല്ല എന്നതാണ് ഇപ്പോഴത്തെ കേരളത്തിന്റെ സ്ഥിതി.

ഓരോ രാഷ്ട്രീയ പാർട്ടികളും പ്രവർത്തിച്ച മുന്നേറുന്നത്… ആ പാർട്ടിയുടെ അടിത്തറയായി കണക്കാക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെയും നയങ്ങളുടെയും നിലപാടുകളുടെയും ബലത്തിലാണ്… സ്വാതന്ത്ര്യ സമര പ്രസ്ഥാനമായി വളർന്ന്, പിന്നീട് ഏറെക്കാലം ഈ രാജ്യത്തിൻറെ ഭരണത്തിൽ തുടർന്ന കോൺഗ്രസ് പാർട്ടിക്ക്, പഴയ കോൺഗ്രസിന്റെ ഒരു ആശയവും ആദർശവും ഇപ്പോൾ ഇല്ല… വർഗ്ഗ ബഹുജന പ്രസ്ഥാനം എന്നും പുരോഗമന വിപ്ലവ പ്രസ്ഥാനം എന്നും ഒക്കെ വീരവാദം പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കും ഈ ശൈലി ഒന്നും ഇപ്പോൾ ഇല്ല… ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ എന്തിനു വേണ്ടിയാണ് തങ്ങൾ മത്സരിക്കുന്നത് എന്ന് പോലും കൃത്യമായി പറയാൻ കഴിയാതെ ജനങ്ങളെ അവസരവാദപരമായ നിലപാടുകൾ പറഞ്ഞുകൊണ്ട് പാട്ടിലാക്കി വോട്ട് തട്ടിയെടുക്കുന്ന ഏർപ്പാട് മാത്രമായി ഈ ലോകസഭാ തിരഞ്ഞെടുപ്പ് മാറിയിരിക്കുന്നു…

ഏറ്റവും ഒടുവിൽ ദേശീയ രാഷ്ട്രീയത്തിൽ കണ്ട സവിശേഷമായ ഒരു കാര്യം കൂടി പൊതുജനം ചിന്തിക്കേണ്ടതാണ്… ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു… എങ്ങനെയാണ് ആ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിക്ക് എതിരില്ലാതെ വന്നത് എന്ന കാര്യമാണ് ഗൗരവം ഉളവാക്കുന്നത്… അവിടെ കോൺഗ്രസിൻറെ സ്ഥാനാർഥി നോമിനേഷൻ കൊടുത്തിരുന്നു… നോമിനേഷനിൽ പിന്താങ്ങി ഒപ്പിട്ട മൂന്ന് പേർ കാലു മാറി ഒപ്പ് അവരുടെതല്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി… അതോടെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളുന്ന സ്ഥിതിയുണ്ടായി…

ഇതു കൂടാതെ സ്വതന്ത്രനായി മൂന്നുപേർ കൂടി ആ മണ്ഡലത്തിൽ മത്സരിക്കാൻ ഉണ്ടായിരുന്നു… ഈ സ്വതന്ത്ര സ്ഥാനാർത്ഥികളും പിൻവാങ്ങിയതോട് കൂടിയാണ് ബിജെപിയുടെ സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്… ഈ മണ്ഡലത്തിലെ അസാധാരണവും അവിശ്വസനീയവും ആയ ഈ സംഭവവികാസങ്ങൾക്ക് പിന്നിൽ നടന്നിട്ടുള്ള കള്ളക്കളികൾ കണ്ടുപിടിക്കപ്പെടേണ്ടതാണ്… പണം കൈമാറി എതിർ സ്ഥാനാർഥികളെ ഇല്ലാതാക്കി ഏകപക്ഷീയ വിജയത്തിന് ബിജെപി വഴിയൊരുക്കി എന്നത് ആർക്കും മനസ്സിലാക്കാൻ കഴിയുന്നതാണ് കാര്യം തന്നെയാണ്… ലോകത്തിന് തന്നെ മാതൃകയായ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ നിലനിൽക്കുന്ന രാജ്യം എന്ന പേര്,, നമ്മുടെ ഇന്ത്യക്കുണ്ട്… എന്നാൽ രാജ്യത്തിൻറെ ഈ മഹത്തായ ജനാധിപത്യ പാരമ്പര്യം മരണപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന ആശങ്കപ്പെടേണ്ട സ്ഥിതിയിലാണ് രാജ്യം… അതിൻറെ ചെറിയ രൂപത്തിലുള്ള പ്രവർത്തനങ്ങളും സംഭവങ്ങളും തന്നെയാണ് ഈ കൊച്ചു കേരളത്തിലും നടക്കുന്നത് എന്ന് പറയേണ്ടി വരുന്നത് ഖേദകരവുമാണ്.