കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിയ്ക്ക് അനുമതി.
നീണ്ട 11 വർഷങ്ങള്‍ക്ക് ശേഷമാണ് അമ്മ പ്രേമകുമാരി മകളെ കാണുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സനയിലെ ജയിലില്‍ എത്താനാണ് ജയില്‍ അധികൃതരുടെ നിർദേശം.
ആക്ഷൻ കൗണ്‍സില്‍ ഭാരവാഹിയും യെമെനിലെ ബിസിനസുകാരനുമായ സാമുവേല്‍ ജെറോമും പ്രേമകുമാരിയും കൊച്ചിയില്‍നിന്ന് യെമെൻ തലസ്ഥാനമായ എയ്ഡനിലേക്ക് ശനിയാഴ്ചയാണ് വിമാനം കയറിയത്. നിമിഷപ്രിയ കഴിയുന്ന ജയില്‍ ഹൂതികള്‍ക്ക് മുൻതൂക്കമുള്ള മേഖലയായ സനയിലാണ്. അവിടേക്കുള്ള അനുമതി കിട്ടിയ ശേഷമാണ് ഇവർ പുറപ്പെട്ടത്.
മൂന്നുമാസത്തെ യെമെൻ വിസയാണ് പ്രേമകുമാരിക്ക് ലഭിച്ചിട്ടുള്ളത്.
എയ്ഡനില്‍നിന്ന് റോഡുമാർഗം 12 മണിക്കൂർ യാത്ര ചെയ്ത് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ഇരുവരും സനയിലെത്തി. കൊല്ലപ്പെട്ട യെമെൻ പൗരന്റെ കുടുംബത്തെയും കാണും.
മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യത്തിന് ആദ്യം കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ഡിസംബറിലാണ് അനുമതി നല്‍കിയത്. ഇതോടെയാണ് ആക്ഷൻ കൗണ്‍സില്‍ മുൻകൈയെടുക്കുകയായിരുന്നു.