ഇ പി ജയരാജൻ അടികൊണ്ട മൂർഖൻ പാമ്പ്….

ജയരാജനെ ഒതുക്കിയത് പിണറായി വിജയൻ...

കണ്ണൂരിനെ കമ്മ്യൂണിസ്റ്റ് പടക്കളത്തിൽ കരുത്തോടെ നിർത്തിയ ത്രിമൂർത്തി സംഘത്തിൻറെ പേര് കേരളം മുഴുവൻ അറിയപ്പെടുന്നതാണ്… ഇ പി ജയരാജൻ,, പി ജയരാജൻ ,,, എം വി ജയരാജൻ… ഈ മൂന്ന് ജയരാജൻ മാരാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമല്ല ഇപ്പോൾ സംസ്ഥാന മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻറെ വരെ വളർച്ചയിലും ഉയർച്ചയിലും മുഖ്യ പങ്കുവഹിച്ചത്…. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് ഒരു പ്രത്യേകതയുണ്ട്…. കൊണ്ടും കൊടുത്തും വളരുന്ന രാഷ്ട്രീയ ശൈലിയാണ് കണ്ണൂരിൽ ഏറെക്കാലമായി സിപിഎം നിലനിർത്തി പോരുന്നത്….. കോൺഗ്രസ് പാർട്ടിയാണ് മുഖ്യ ശത്രു എങ്കിലും കണ്ണൂരിൽ പലപ്പോഴും സിപിഎം പ്രവർത്തകർ ഇരയാവുന്നതും പകരം വീട്ടുന്നതും ബിജെപി – ആർ എസ് എസ് സംഘങ്ങളോട് ആയിരുന്നു… ഈ രാഷ്ട്രീയ പോരാട്ടങ്ങളിൽ പ്രവർത്തകർക്ക് മാത്രമല്ല കണ്ണൂരിലെ സിപിഎമ്മിന്റെ നേതാക്കൾക്ക് പോലും കാര്യമായ പരിക്കുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്… കമ്മ്യൂണിസം നിറഞ്ഞുനിൽക്കുന്ന മനസ്സും ആ പാർട്ടിയുടെ ആവേശകരമായ മുദ്രാവാക്യങ്ങൾ നൽകുന്ന കരുത്തും ഒട്ടും ചോരാതെ നിലനിർത്തി പോരാനും ജീവിതകാലം മുഴുവൻ പ്രയത്നിച്ച ഒരു നേതാവാണ് ഇ.പി.ജയരാജൻ…. പിണറായി വിജയൻ എന്ന പാർട്ടി സെക്രട്ടറി,, മുന്നിൽ നിർത്തിക്കൊണ്ട് പാർട്ടിയുടെ അജയ്യ ശക്തിയാണെന്നും പാർട്ടിയുടെ ക്യാപ്റ്റനാണെന്നും പിണറായിയെ വിശേഷിപ്പിച്ചവരിൽ പ്രധാനി ഈ ജയരാജൻ തന്നെയായിരുന്നു….

2016 ൽ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം നേടിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ചോദ്യം ചെയ്യപ്പെടാൻ ആവാത്ത നേതാവായി അംഗീകരിക്കപ്പെട്ടത് പിണറായി വിജയനെ ആയിരുന്നു…. അദ്ദേഹം മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ രണ്ടാം സ്ഥാനക്കാരനായി വ്യവസായ വകുപ്പിന്റെ ചുമതലയുള്ള ഇ പി ജയരാജൻ ചുമതല ഏറ്റു… എന്നാൽ ഇപി ജയരാജനെ സംബന്ധിച്ചിടത്തോളം മന്ത്രിയായി സത്യപ്രതിജ്ഞ കഴിഞ്ഞു മാസങ്ങൾ പോലും തികയുന്നതിനിടയിൽ കഷ്ടകാലം ബാധിക്കുകയായിരുന്നു…. മന്ത്രിസഭയിൽ ബന്ധുവായ ഒരാളെ നിയമിച്ചത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നു…. സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിയുടെ മാനേജിങ് ഡയറക്ടറായി ബന്ധുവിനെ നിയമിച്ച വാർത്ത വിവാദമായപ്പോൾ മുഖ്യമന്ത്രിയും വിഷമത്തിലായി…. ഒപ്പം പാർട്ടിയുടെ മേൽ ആക്ഷേപങ്ങൾ ഉയരുന്ന സ്ഥിതിയും വന്നു…. 2016 ഒക്ടോബർ മാസം പതിനാലാം തീയതി മന്ത്രിയായി വെറും അഞ്ചു മാസം തികയുന്ന അവസരത്തിൽ വ്യവസായ മന്ത്രിസ്ഥാനം ഇ.പി. ജയരാജൻ രാജിവെച്ചു…. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്….

തുടർന്നിങ്ങോട്ട് ജയരാജൻ എന്ന രാഷ്ട്രീയ നേതാവ് പരീക്ഷണങ്ങളെ നിരന്തരം നേരിടുകയായിരുന്നു… തൻറെ എല്ലാമെല്ലാം എന്ന് കരുതിയിരുന്ന പിണറായി വിജയൻ തന്നെ തടയുന്നതായി ജയരാജന് തോന്നിത്തുടങ്ങി…. ഈ വസ്തുത ശരിയാണെന്ന് ഉറപ്പിക്കുന്നതായിരുന്നു കാലാവധി കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ ജയരാജന് മത്സരിക്കാൻ സീറ്റ് പോലും ലഭിക്കാതെ വന്ന അവസരം…

മന്ത്രിയായിരിക്കെ ജയരാജൻ നടത്തിയ ബന്ധു നിയമനം വലിയ വിവാദം ആയപ്പോൾ അതിന് തടയിടാനോ ജയരാജനുവേണ്ടി ഒരു വാക്ക് പറയുവാനോ പാർട്ടി നേതൃത്വം വലിയ താല്പര്യം കാണിച്ചില്ല…. പൊതുവേ മിത സ്വഭാവിയായ അന്തരിച്ച കൊടിയേരി ബാലകൃഷ്ണൻ ആയിരുന്നു അന്ന് പാർട്ടി സെക്രട്ടറി…. പലതരത്തിലുള്ള വിവാദങ്ങളിൽ പെട്ട കണ്ണൂരിലെ സിപിഎം നേതാവായ പി ശശിയുടെ കാര്യത്തിൽ പോലും വലിയ ആവേശം കാണിച്ച പാർട്ടി നേതൃത്വം ജയരാജന്റെ കാര്യത്തിൽ മടിച്ചു നിൽക്കുന്ന അവസ്ഥയാണ് ഉണ്ടായത്….

2021 ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ എം എൽ എ പോലും അല്ലാതിരുന്ന ജയരാജൻ വീണ്ടും അവഗണനയെ നേരിടുകയായിരുന്നു ..,. ഏറെക്കാലത്തെ ഒറ്റപ്പെടലിനു ശേഷം ഏതോ വലിയ ഔദാര്യം എന്ന രീതിയിൽ ഇടതുമുന്നണിയുടെ കൺവീനർ സ്ഥാനത്തേക്ക് ജയരാജനെ പ്രതിഷ്ഠിച്ചു…

ഇതിനിടയിലാണ് ജയരാജന്റെ കുടുംബ ഉടമസ്ഥതയിലുള്ള റിസോർട്ട് സംബന്ധിച്ചുള്ള ആക്ഷേപങ്ങളും വാർത്തകളും പുറത്തുവന്നത്…. ഭാര്യയുടെയും മകൻറെയും പേരിൽ ഉള്ള സ്ഥാപനത്തിൻറെ പേരിൽ പലതരത്തിലുള്ള വാർത്തകളും പുറത്തുവന്നു…. കണ്ണൂരിലെ സിപിഎം നേതാക്കളിൽ പലരും സമാനമായ വ്യവസായ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ജയരാജന്റെ പേരിനെ ഉന്നം വെച്ചുകൊണ്ട് വാർത്തകൾ മെനയുന്ന മാധ്യമങ്ങൾ പല കഥകളും പുറത്തുവിട്ടപ്പോൾ ജയരാജനൊപ്പം നിൽക്കാൻ ഒരു നേതാവും തയ്യാറായില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്….

ഇതിനിടയിലാണ് അവഗണനയുടെ നിരന്തരമായ പ്രതിസന്ധികൾ ജയരാജൻ നേരിടാൻ തുടങ്ങിയത്…. പാർട്ടി രണ്ടുതവണയായി അധികാരത്തിൽ വന്നിട്ടും കാര്യമായ ഒരു പരിഗണനയും ജയരാജന് കൊടുക്കുന്നില്ല എന്നത് കേരളത്തിൽ മൊത്തം ചർച്ചയിൽ വന്ന കാര്യമാണ് … ജയരാജന്റെ മന്ത്രി കസേര തെറിപ്പിച്ചത് ഒരു ബന്ധു നിയമന വിഷയം ആയിരുന്നുവെങ്കിൽ അതിനേക്കാൾ എത്രയോ ഗൗരവമുള്ള എത്രയെത്ര കേസുകളാണ് ഇപ്പോൾ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻറെ പേരിൽ നിലനിൽക്കുന്നത്… കേസുകൾ നിരവധിയായി കോടതികളിൽ കയറിയിറങ്ങുമ്പോൾ പിണറായി വിജയനെ ചോദ്യം ചെയ്യാൻ പാർട്ടിയിൽ ആരുമില്ല എന്ന ഗതികേട് തുടരുകയാണ്… സ്വർണ്ണക്കടത്ത് കേസിൽ തുടങ്ങി ഇപ്പോൾ മകൾ വീണ വിജയൻ്റെ പേരിൽ വന്നിട്ടുള്ള മാസപ്പടി കേസിൽ അടക്കം പിണറായി തന്നെയാണ് കുറ്റക്കാരനായി പറയപ്പെടുന്നത്…. ജയരാജന്റെ വിഷയവുമായി തട്ടിച്ചു നോക്കിയാൽ മുഖ്യമന്ത്രിപദം എത്രയോ തവണ പിണറായി രാജിവെക്കേണ്ടതായിരുന്നു….

കണ്ണൂർ രാഷ്ട്രീയത്തിലെ സിപിഎമ്മിനകത്തുള്ള ചെറിയ ചെറിയ വിഷയങ്ങൾ പോലും സൂക്ഷ്മമായി നിരീക്ഷിച്ചു ആ സംഭവങ്ങൾ പിണറായി വിജയൻറെ ചെവിയിൽ എത്തിക്കുന്ന കൃത്യമായ സംവിധാനങ്ങൾ നിലവിലുണ്ട്…. ഇ പി ജയരാജൻ പിണറായിക്കെതിരെ നടത്തിയ ചെറിയ പരാതികൾ പോലും പെരുപ്പിച്ചു കാണിച്ചു പിണറായിയുടെ ചെവികളിൽ ഈ കൂട്ടർ എത്തിച്ചിരുന്നു… അങ്ങനെ ഓരോ പുതിയ പുതിയ വാർത്തകളും പിണറായി വിജയനെ ജയരാജന്റെ മുഖ്യ ശത്രുവാക്കി…. പാർട്ടിയിലെ എതിർപ്പില്ലാത്ത ശക്തി എന്ന നിലയിൽ പിണറായി ജയരാജനെ ഒതുക്കുന്ന രാഷ്ട്രീയ ശൈലിയിലേക്ക് മാറി….

ഒരു വിധത്തിലും സഹിക്കാൻ കഴിയാത്ത സ്ഥിതി വന്നപ്പോൾ ആണ് ഇ പി ജയരാജൻ എന്ന സിപിഎം നേതാവ് പാർട്ടി വിടുന്നതിനുള്ള ആലോചന തുടങ്ങിയത്…. ജീവിതകാലം മുഴുവൻ സിപിഎമ്മിന്റെ വളർച്ചയ്ക്കായി പൊരുതിയ ജയരാജനെ സംബന്ധിച്ചിടത്തോളം വേദന നിറഞ്ഞ നാളുകൾ ആയിരുന്നു കടന്നു പോയത്….. ഒടുവിൽ ഒതുക്കൽ ഏർപ്പാടുകൾ ശക്തമായി തുടർന്ന അവസരത്തിലാണ് കാര്യമായ പദവിയോ അംഗീകാരമോ ലഭിക്കുമെങ്കിൽ ബിജെപി എന്ന പാർട്ടിയിലേക്ക് കുടിയേറുക എന്ന ആശയത്തിലേക്ക് ജയരാജൻ മാറിയത്…. പാർട്ടി നേതാക്കളിൽ നിന്നും സ്ഥിരമായി ഉണ്ടായിക്കൊണ്ടിരുന്ന അവഗണനയും ദുരനുഭവങ്ങളും ആണ് ജയരാജനെ ഈ ആലോചനയിലേക്ക് എത്തിച്ചത്….

കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ നിന്നും ജയിച്ചു വന്നിരുന്ന ജയരാജൻ വലിയ ഗൗരവം ഇല്ലാത്ത ഒരു വിഷയത്തിന്റെ പേരിൽ മന്ത്രി പദം രാജിവെക്കേണ്ടി വന്ന ശേഷം ആ നേതാവിന് അർഹമായ മറ്റൊരു പദവി കൊടുത്തില്ല എന്ന് മാത്രമല്ല പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം പോലും നിഷേധിച്ചത് അടക്കാനാവാത്ത സങ്കട പെരുമഴ ഉണ്ടാക്കി… ജയരാജന്റെ മനസ്സിലെ ഈ വിഷമതകൾ സ്വാഭാവികമായും പകയായി നിറഞ്ഞു പൊങ്ങി…. അരക്ഷിതാവസ്ഥയിലാണ് ബിജെപി എങ്കിൽ അതും ആകട്ടെ എന്ന് ചിന്തിച്ചുകൊണ്ട് ബിജെപിയിൽ ചേരുന്നതിനുള്ള ചെറിയ ചെറിയ നീക്കങ്ങൾ ജയരാജൻ ആരംഭിച്ചു…. ജയരാജൻ എന്ന നേതാവിന് സിപിഎമ്മിനകത്ത് നടുവിനു അടികൊണ്ട മൂർഖൻ പാമ്പിനെ പോലെ ഉള്ളിൽ പകയുമായി ഇഴഞ്ഞു നടക്കുകയായിരുന്നു….

ഇ പി ജയരാജൻ എന്ന സിപിഎം നേതാവിന്റെ പേരിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോരോ വാർത്തകൾ ആ നേതാവിന്റെ ആ പാർട്ടിക്കകത്തുള്ള ഭാവിയെ തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്… ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി തന്നെ ജയരാജനെതിരെ സംസാരിക്കുന്ന സ്ഥിതി വന്നു…. ജയരാജൻ എന്ന ശക്തനായ നേതാവിനെ പാർട്ടിയിലെ വെറുക്കപ്പെട്ടവനായി മുദ്രകുത്താനുള്ള മുഖ്യമന്ത്രിയുടെ ഈ നീക്കം ജയരാജനെ സംബന്ധിച്ചിടത്തോളം മറ്റു ചില ആലോചനകൾക്ക് വഴി തുറക്കാൻ അവസരം ഉണ്ടാക്കിയിരിക്കുകയാണ്….. കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ ഭീകരമായ അന്തരീക്ഷം ഉണ്ടാക്കാൻ കഴിയുന്നതാണ് ജയരാജന്റെ നീക്കങ്ങൾ…. സിപിഎമ്മിലെ ചോദ്യം ചെയ്യപ്പെടാനാവാത്ത നേതാവായി നിൽക്കുന്ന പിണറായി വിജയനെ സംബന്ധിച്ചിടത്തോളം അവിടെയുള്ള നേതാക്കളുമായി പ്രതിസന്ധി ഉണ്ടാകും എന്നാണ് പുറത്തുവരുന്ന വാർത്തകൾ… മൂന്ന് ജയരാജന്മാരിൽ പലരും മുഖ്യമന്ത്രിയുടെ ഒതുക്കൽ പരിപാടികളോട് യോജിക്കുന്നവരല്ല…. പിണറായി വിജയനെ പോലെ പാർട്ടിക്കുവേണ്ടി ജീവിതം കളഞ്ഞവരാണ് തങ്ങളും എന്ന പ്രഖ്യാപനം കണ്ണൂരിലെ നേതാക്കൾ പതുക്കെയാണെങ്കിലും പറഞ്ഞു തുടങ്ങിയിട്ടുണ്ട്…. പിണറായി വിജയന് എതിരായ പാർട്ടി നീക്കത്തിന് ഈ പുതിയ നേതൃത്വനിര കരുക്കൾ നീക്കിയാൽ കണ്ണൂരിൽ അതിനോട് യോജിക്കാൻ പ്രവർത്തകരും ഉണ്ടാകും എന്ന സ്ഥിതി ഇപ്പോൾ കണ്ണൂരിൽ നിലനിൽക്കുന്നുണ്ട്….

അടിയേറ്റ വേദനയുമായി പാഞ്ഞു നടക്കുന്ന ജയരാജൻ എന്ന മൂർഖൻ പാമ്പ് ആർക്കുനേരെയാണ് ഫണം ഉയർത്തുക എന്നത് കേരളം കാത്തിരുന്നു കാണേണ്ട കാര്യമാണ്…. ഏതായാലും കണ്ണൂരിലെ രാഷ്ട്രീയ നിരീക്ഷകർ കാണുന്ന ഒരു സ്ഥിതിയുണ്ട്…. കണ്ണൂരിൽ പിണറായി വിജയൻ ഒന്ന് പറഞ്ഞാൽ അത് അതേപടി അനുസരിച്ച് നീങ്ങുന്ന പട്ടാളച്ചിട്ടയുള്ള പാർട്ടിയുടെ പ്രവർത്തകർ മാറി ചിന്തിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു…. പിണറായി വിജയൻറെ ചോദ്യം ചെയ്യപ്പെടാൻ പറ്റാത്ത അവസ്ഥയും മാറിയിട്ടുണ്ട്… ഈ സ്ഥിതി ഇതേ രീതിയിൽ തുടർന്നാൽ കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ പിണറായി വിജയൻ ഒരുപക്ഷേ ദുർബലനായി ക്ഷീണാവസ്ഥയിൽ എത്തുന്ന സാഹചര്യമാണ് ഉണ്ടാകുവാൻ പോകുന്നത്….