റായിബറലിയിലും അമേഠിയിലും രാഹുലും പ്രിയങ്കയും മത്സരിക്കില്ല

തെരഞ്ഞെടുപ്പ് തോൽവി ഭയന്ന് പിന്മാറ്റം

 

ഉത്തർപ്രദേശിലെ റായിബറലിയിലും അമേഠിയിലും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും സ്ഥാനാർത്ഥികളായി മത്സരത്തിന് രംഗത്തിറങ്ങണം എന്ന് കോൺഗ്രസ് നേതൃത്വം നിരവധിതവണ ആവശ്യപ്പെട്ടു എങ്കിലും, ഇരുവരും ആ നിർദ്ദേശം തള്ളിക്കളഞ്ഞത് ആയിട്ടാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കഴിയുമ്പോൾ അധികാരത്തിൽ എത്താൻ കഴിയാതെ വന്നാൽ തോൽവിയുടെ പേരിലുള്ള ആക്ഷേപങ്ങൾ ഇരുവരും കേൾക്കേണ്ടിവരും എന്നതും ആത്യന്തികമായി നിരന്തരമായി ഉള്ള തോൽവി നെഹ്റു കുടുംബത്തെ തന്നെ ദോഷകരമായി ബാധിക്കും എന്ന വിലയിരുത്തലും കൂടി കണക്കിലെടുത്താണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിൽ മത്സരരംഗത്തിൽ നിന്ന് മാറിയിരിക്കുന്നത്. നിലവിൽ കേരളത്തിലെ വയനാട് മണ്ഡലത്തിൽ നിന്നും ഉള്ള എംപി ആയ രാഹുൽ ഗാന്ധി വയനാട്ടിൽ വീണ്ടും മത്സരിക്കുന്നതിന് തയ്യാറാവുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കൂടുതൽ സജീവമാകാൻ വേണ്ടിയാണ് മത്സരം ഒഴിവാക്കുന്നത് എന്ന മറുപടിയാണ് പ്രിയങ്ക ഗാന്ധി കോൺഗ്രസ് നേതൃത്വത്തിന് നൽകിയത്. എന്നാൽ സത്യം ഇതൊന്നും അല്ല എന്നാണ് ഡൽഹി രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്. ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം കുറഞ്ഞാലും നരേന്ദ്രമോദിയും ബിജെപിയും അധികാരത്തിൽ വരും എന്ന കാര്യത്തിൽ ഏകദേശം ഉറപ്പ് ഉള്ളതിൻറെ അടിസ്ഥാനത്തിലാണ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മത്സരം ഒഴിവാക്കിയത്. മാത്രവുമല്ല കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി രാഹുൽഗാന്ധി എത്തുകയും നാലേകാൽ ലക്ഷത്തിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കാര്യമായി കുറഞ്ഞാൽ പോലും വിജയം ഉറപ്പായിരിക്കും എന്ന ഒരു വിശ്വാസം രാഹുൽഗാന്ധിക്ക് ഉണ്ട്. ഉത്തർപ്രദേശിൽ സ്ഥാനാർഥിയായി മത്സര രംഗത്ത് വന്നാൽ തോൽവിയാകും ഉണ്ടാവുക എന്നും അത് വലിയ തിരിച്ചടിയായി മാറും എന്നും രാഹുൽഗാന്ധി വിലയിരുത്തുന്നുണ്ട്. സ്വന്തം സംസ്ഥാനം വിട്ട് പരാജയഭീതി മൂലം കേരളത്തിൽ മത്സരിക്കാൻ പോയ ആളാണ് രാഹുൽ ഗാന്ധി എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരണം ഉണ്ടായിരുന്നു. ഇപ്പോൾ ഇനിയും അത് ആവർത്തിക്കപ്പെട്ടാലും വലിയ പുതുമ ഇല്ലാത്തതിനാൽ രാഹുൽ ഗാന്ധിയെ ഈ വിഷയം കാര്യമായി ബാധിക്കില്ല എന്ന വിലയിരുത്തലും അദ്ദേഹത്തിനുണ്ട്.

രാഹുൽ ഗാന്ധിയും സോണിയാഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടങ്ങുന്ന നെഹ്റു കുടുംബം കോൺഗ്രസ് പാർട്ടിയെ നയിച്ചു കൊണ്ടിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് തന്നെ മുൻകൈ എടുത്ത് ബിജെപി വിരുദ്ധ പാർട്ടികളെ ചേർത്തുകൊണ്ട് ഇന്ത്യ മുന്നണി രൂപീകരിച്ചെങ്കിലും, ഈ മുന്നണി ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്നതിന്റെ പേരിൽ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും നിരാശരാണ്. ഇന്ത്യ മുന്നണിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ മുന്നണിക്കെതിരെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രസ്താവന നടത്തിയത് വലിയ ക്ഷീണം ഉണ്ടാക്കിയിരുന്നു.

ദക്ഷിണേന്ത്യ ലക്ഷ്യം വച്ചുകൊണ്ട് ബിജെപി വിരുദ്ധ കക്ഷികളുടെ പിന്തുണയോടെ പ്രതിപക്ഷ സഖ്യം ബിജെപിക്ക് മുന്നിൽ വരുക എന്ന ലക്ഷ്യമായിരുന്നു ഇന്ത്യ മുന്നണി കണ്ടിരുന്നത്. എന്നാൽ ചെറിയതോതിലുള്ള നേട്ടം തെക്കേ ഇന്ത്യയിലെ മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണിക്ക് ഉണ്ടാകുമെങ്കിലും ബിജെപി മുന്നണിയുടെ നേട്ടത്തെ തടഞ്ഞുനിർത്താൻ കഴിയുന്ന സീറ്റുകൾ ഒന്നും ലഭിക്കാൻ സാധ്യതയില്ല എന്നാണ് അവസാനഘട്ടത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ.

രാഹുൽ ഗാന്ധി എന്ന നേതാവിനെ കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ പ്രത്യേകിച്ച് പദവികൾ ഒന്നും ഇല്ല. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായപ്പോൾ പാർട്ടി പ്രസിഡൻറ് പദം രാഹുൽ ഗാന്ധി രാജിവെക്കുകയാണ് ചെയ്തത്. പ്രസിഡൻറ് പദം വീണ്ടും ഏറ്റെടുക്കണം എന്ന് നേതൃനിര ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. എങ്കിലും രാഹുൽ ഗാന്ധി അതിന് തയ്യാറാകാതെ പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡണ്ടിനെ കണ്ടെത്തണം എന്ന നിർദ്ദേശം മുന്നോട്ടുവയ്ക്കുകയാണ് ചെയ്തത്

ഇത്തരത്തിലുള്ള തീരുമാനങ്ങളിലേക്ക് രാഹുൽഗാന്ധി എത്തിച്ചേർന്നത് പാർട്ടിയുടെ നേതൃനിരയിൽ കടിച്ചു തൂങ്ങി കിടക്കുന്ന  നേതാക്കന്മാരുടെ സ്വാർത്ഥ താൽപര്യങ്ങളും സ്ഥാനമോഹങ്ങളും ഒക്കെ ആയിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തിലും മറ്റും അനാവശ്യ ഇടപെടൽ മുതിർന്ന നേതാക്കൾ നടത്തിയപ്പോഴാണ് പാർട്ടിക്ക് ക്ഷീണം ഉണ്ടായത് എന്ന് രാഹുൽ ഗാന്ധി വിലയിരുത്തുന്നുണ്ട് തിന്നുകയും ഇല്ല തീറ്റിക്കുകയുമില്ല എന്ന പഴഞ്ചൻ നേതാക്കന്മാരുടെ പ്രവർത്തന ശൈലിയാണ് കോൺഗ്രസ് പാർട്ടിയെ ഓരോ തെരഞ്ഞെടുപ്പുകളിലും കൂടുതൽ കൂടുതൽ നാശത്തിലേക്ക് എത്തിച്ചു കൊണ്ടിരുന്നത്.

നടന്നുകൊണ്ടിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും കൂടി വന്നാൽ 60 ഓ 70 ഓ സീറ്റുകളിൽ കോൺഗ്രസ് പാർട്ടി ഒതുങ്ങും എന്നാണ് വിലയിരുത്തപ്പെടുന്നത് ഇന്ത്യ സഖ്യത്തിൽപ്പെട്ട എല്ലാ പാർട്ടിക്കാർക്കും കൂടി കൂടി വന്നാൽ 150 ൽ താഴെ സീറ്റുകൾ മാത്രമായിരിക്കും ലഭിക്കുക എന്നും വിവിധ തെരഞ്ഞെടുപ്പ് സർവ്വേ റിപ്പോർട്ടുകൾ പറയുന്നുണ്ട്.

രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം വലിയ നിരാശനാണ് എന്ന ഒരു റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. രണ്ട് ഘട്ടങ്ങളിലായി മാസങ്ങളോളം വേണ്ട ഇന്ത്യ യാത്ര നടത്തിയിട്ടും ആ പരിപാടിയെ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് അവസരത്തിൽ ഗുണകരം ആക്കി മാറ്റാൻ യാത്ര കടന്നുപോയ ഒരു സംസ്ഥാനത്തെ പാർട്ടി നേതാക്കളും തയ്യാറായില്ല എന്ന പരിഭവവും രാഹുൽഗാന്ധിക്ക് ഉണ്ട്. കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ മുന്നണിയിലെ ചില ഘടകകക്ഷി നേതാക്കൾ വരെ പരസ്യമായി രാഹുലിന്റെ യാത്ര കൊണ്ട് പാർട്ടിക്ക് എന്ത് നേട്ടമുണ്ടായി എന്ന് ചോദിക്കുന്ന സ്ഥിതിയും വന്നിരുന്നു.

ഈ തെരഞ്ഞെടുപ്പിൽ കൂടി പരാജയം ഏറ്റുവാങ്ങേണ്ടി വന്നാൽ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സോണിയാഗാന്ധിക്കും ഇരുളടഞ്ഞ ഭാവി ആയിരിക്കും അത് സമ്മാനിക്കുക. മൂന്നു തെരഞ്ഞെടുപ്പുകളിൽ പങ്കാളിത്തം ഉണ്ടായിട്ടും പാർട്ടിയെ ശക്തിപ്പെടുത്താനോ അധികാരത്തിൽ തിരികെ എത്തിക്കാനോ കഴിയാത്ത നേതൃത്വം പാർട്ടിക്ക് എന്തിന് എന്ന ചോദ്യം എല്ലാ മേഖലയിൽ നിന്നും ഉയർന്നു വരാൻ ഉള്ള സാധ്യത രാഹുൽഗാന്ധി മുൻകൂട്ടി കാണുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പാർട്ടിയുടെ പ്രമുഖ സ്ഥാനങ്ങൾ എല്ലാം ഒഴിവാക്കിക്കൊണ്ട് വെറും എംപി എന്ന നിലയിൽ മാത്രം മുന്നോട്ടു നീങ്ങാൻ രാഹുൽ ഗാന്ധി തീരുമാനിച്ചത്. ഏതായാലും ഈ തെരഞ്ഞെടുപ്പ് ഫലം കഴിയുമ്പോൾ കോൺഗ്രസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടി ഏറ്റവും വലിയ നാശത്തിലേക്ക് പതിക്കുന്ന കാഴ്ചയാവും ഉണ്ടാവുക.