ലോകസഭ തെരഞ്ഞെടുപ്പ് കാര്യങ്ങൾ ആലോചിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുകയും 12 മുതൽ 15 സീറ്റുകളിൽ വരെ വിജയം ഉറപ്പായിരിക്കും എന്ന് അവകാശപ്പെടുകയും ചെയ്യുകയുണ്ടായി. എന്നാൽ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റികൾ ചർച്ച നടത്തി സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ തയ്യാറാക്കിയിട്ടുള്ള പ്രവർത്തന റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ ശരിയല്ല എന്ന രീതിയിൽ ആണ് എന്നാണ് അറിയുന്നത്. ലോകസഭ തെരഞ്ഞെടുപ്പിൽ പരമാവധി 5 സീറ്റുകളിൽ ജയസാധ്യത എന്ന നിലയിലാണ് വിവിധ ജില്ലാ കമ്മിറ്റികൾ തെരഞ്ഞെടുപ്പ് അവലോകനം നടത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് എന്നാണ് അറിയുന്നത്.
സിപിഎമ്മിന്റെ കേരളത്തിലെ 14 ജില്ലാ കമ്മിറ്റികളും ലോകസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനം അവലോകനം ചെയ്ത് വിജയാ പരാജയ ബാധ്യതകൾ സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിക്ക് കൈമാറുന്നതിന് തയ്യാറാക്കി കഴിഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ നടന്നുവന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പാർട്ടിയുടെ കീഴ് ഘടകങ്ങളിൽ നിന്നും ലഭ്യമായ കണക്കുകൾ പരിശോധിച്ചാണ്, ഓരോ ജില്ലയിലെയും ജയ പരാജയ സാധ്യതകൾ കണ്ടെത്തിയത് ഈ റിപ്പോർട്ടുകൾ ജില്ലാ കമ്മിറ്റികൾ സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയതായും അറിയുന്നുണ്ട്.
ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർഥികളെ വളരെ മുൻകൂട്ടി തന്നെ പ്രഖ്യാപിക്കാൻ കഴിഞ്ഞു എങ്കിലും പ്രചാരണത്തിന് കിട്ടിയ ദീർഘകാലത്തെ സമയം ഉചിതമായി വിനിയോഗിക്കാൻ കഴിഞ്ഞില്ല എന്ന വിമർശനം പല ജില്ലകളിലും ഉണ്ടായി. മാത്രവുമല്ല തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ കേരള യാത്രയിലൂടെ ഈ തെരഞ്ഞെടുപ്പിന് അനുകൂലമായ ഒരു സാഹചര്യവും ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന വിമർശനവും ജില്ലാ കമ്മിറ്റികളിൽ ഉണ്ടായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യാത്രയിൽ മാധ്യമങ്ങൾ കുത്തിപ്പൊക്കിയ വിമർശന വാർത്തകളാണ് ജനങ്ങൾ കൂടുതൽ സ്വീകരിച്ചത് എന്ന പരാതിയും ചില ജില്ലാ കമ്മിറ്റികളിൽ ഉണ്ടായി..
സർക്കാർ തുടർച്ചയായി എന്നോണം വിവാദങ്ങളിൽ പെടുന്നതും മന്ത്രിമാരും മുഖ്യമന്ത്രിയും തന്നെ അഴിമതിയുടെ വാർത്തകളിൽ അകപ്പെട്ടതും ജനങ്ങൾക്കിടയിൽ സർക്കാരിൻറെ കാര്യത്തിൽ മോശം അഭിപ്രായം ഉണ്ടാക്കിയതായി പരാമർശം വന്നു മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പേരിൽ ഇപ്പോഴും നിലനിൽക്കുന്ന മാസപ്പടി കേസും മറ്റു വിവാദങ്ങളും ഇതിന് ഇടവരുത്തുകയും ചെയ്തു.
ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആദ്യ സർക്കാരിന് ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞ വലിയ തോതിലുള്ള സ്വീകാര്യത രണ്ടാം സർക്കാരിൽ ഒട്ടും നിലനിർത്തി പോകാൻ കഴിഞ്ഞില്ല എന്നും മാധ്യമങ്ങളുടെ കൂടി പ്രചരണങ്ങൾ വഴി സർക്കാർ വിരുദ്ധ വികാരം ജനങ്ങളിൽ വ്യാപകമാക്കുവാൻ സാധ്യത വന്നു എന്നവിലയിരുത്തലുകളും ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഉണ്ടായതായിട്ടാണ് അറിയുന്നത്.
രണ്ട് വർഷം കഴിയുമ്പോൾ അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരുമെന്നുംഅതിനു മുമ്പ് തന്നെ അടുത്തവർഷം തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ഉണ്ടാകും എന്നും ഇന്നത്തെ ഒരു രാഷ്ട്രീയ അന്തരീക്ഷത്തെ ഇതേപോലെ നിലനിർത്തി പോയാൽ ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ മുന്നണിക്ക് ക്ഷീണം ഉണ്ടാകുന്ന അവസ്ഥ വരുമെന്നും ചില ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ഭാരവാഹികൾ തന്നെ അഭിപ്രായപ്പെട്ടതായും വാർത്തയുണ്ട്.
ഏതായാലും സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗം അവലോകനം ചെയ്ത തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും വിപരീതമായ രീതിയിലുള്ള റിപ്പോർട്ടുകൾ ആണ് പാർട്ടിയുടെ ജില്ലാ കമ്മിറ്റികൾ പുറത്തുവിട്ടിരിക്കുന്നത്. പല മണ്ഡലങ്ങളിലും സിപിഐ അടക്കമുള്ള ഘടകകക്ഷികൾ കാര്യക്ഷമമായി സിപിഎം സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങിയില്ല എന്ന ആക്ഷേപവും ഉണ്ടായി വടകരയിലും ആലപ്പുഴയിലും പത്തനംതിട്ടയിലും ഘടകകക്ഷികൾ കാര്യമായി സഹായിച്ചില്ല എന്ന വിലയിരുത്തലാണ് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ഉണ്ടായത്.
ഏതായാലും ജൂൺ നാലിന് ഫലം പുറത്തു വരുമ്പോൾ എന്തായിരിക്കും കേരളത്തിലെ ഇടതുപക്ഷ മുന്നണിയുടെ സ്ഥിതി എന്ന കാര്യത്തിൽ കൃത്യമായി ഒരു കണക്കു പറയുവാൻ ആർക്കും കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. പതിവുകൾ വിട്ട് ഈ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടർമാർ ഒരു പ്രത്യേക സ്വഭാവത്തിലാണ് വോട്ടവകാശം വിനിയോഗിച്ചത്. മുൻ തെരഞ്ഞെടുപ്പിന് അപേക്ഷിച്ചു വലിയതോതിലുള്ള വോട്ട് കുറവ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത് വലത് – ഇടത് മുന്നണികളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ചിട്ടുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞാൽ സാധാരണ അത് ഇടതുപക്ഷത്തിന് ഗുണം ചെയ്യും എന്ന രീതി ഈ തെരഞ്ഞെടുപ്പിൽ ആവർത്തിക്കപ്പെടില്ല എന്ന വിലയിരുത്തൽ ഉണ്ട്. പോളിംഗ് ശതമാനം കാര്യമായി കുറഞ്ഞതോടുകൂടി കോൺഗ്രസ് നേതാക്കൾ അടക്കം യുഡിഎഫിലെ പാർട്ടിക്കാരെല്ലാം വലിയ ആശങ്കയിൽ ആണ്. ഇങ്ങനെ ഒരുതരത്തിലുള്ള പ്രവചനവും നടത്തുവാൻ കഴിയാത്ത അപൂർവ്വമായ ഒരു തെരഞ്ഞെടുപ്പും വോട്ടെടുപ്പും ആണ് കഴിഞ്ഞത് എന്നതുകൊണ്ട് തന്നെ കേരളത്തിലെ എല്ലാ പാർട്ടി നേതാക്കളും ആശങ്കയോടെ കഴിയുന്നു എന്നതാണ് വാസ്തവം.