അവിഹിത ഗർഭങ്ങൾ പെരുകുന്നു

മാതാപിതാക്കളെ പെൺമക്കളുടെ മേൽ കണ്ണുറപ്പിക്കണം

കഴിഞ്ഞ ഒരു വാരം കടന്നുപോയത് അവിഹിത ഗർഭങ്ങളുടെയും അജ്ഞാത പ്രസവങ്ങളുടെയും വാർത്തകൾ സമ്മാനിച്ചു കൊണ്ടായിരുന്നു.  കഷ്ടിച്ച് വിവാഹപ്രായമെത്തിയ രണ്ട് യുവതികൾ അവിഹിതമായി ഗർഭം ധരിക്കുകയും ആരും അറിയാതെ പ്രസവം നടത്തുകയും ചെയ്ത ഞെട്ടിക്കുന്ന വാർത്തകൾ അരങ്ങേറിയത് കേരളത്തിൻറെ മഹാനഗരമായ കൊച്ചിയിൽ ആയിരുന്നു.  കൊച്ചി പഴയ കൊച്ചിയല്ല എന്ന ഒരു പരസ്യവാചകം വലിയ പ്രചാരം നേടിയതാണ്.  എല്ലാ അർത്ഥത്തിലും ഈ വാചകം ശരിയാണ് എന്ന് തോന്നിക്കുന്ന അനുഭവങ്ങളാണ് ഇപ്പോൾ കൊച്ചിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
വ്യാപകമായ മയക്കുമരുന്നും ലഹരി സാധനങ്ങളുടെയും ഉപയോഗം  സ്ഥിരമായി അരങ്ങേറുന്ന ഗുണ്ടാ അക്രമങ്ങൾ  വിദേശികളും അന്യസംസ്ഥാന തൊഴിലാളികളും കച്ചവടക്കാരായി മാറിയ ലഹരി വിപണന കേന്ദ്രങ്ങൾ  പട്ടാപ്പകൽ പോലും നടുറോഡിൽ കൊല നടത്തുന്ന സംഭവങ്ങൾ  ഭാര്യയെ ഭർത്താവും ഭർത്താവിനെ ഭാര്യയും കൊലചെയ്ത് ആത്മഹത്യയിലെത്തുന്ന സംഭവങ്ങൾ വ്യാപകമായ ആസൂത്രിത മോഷണങ്ങൾ ഇങ്ങനെ പറഞ്ഞാൽ തീരാത്ത കുറ്റകൃത്യങ്ങളുടെ ആസ്ഥാനമായി മാറിയിരിക്കുകയാണ് കൊച്ചി. നഗരം  ഇത് കൊച്ചിയിൽ മാത്രം അവസാനിക്കുന്ന അനുഭവം അല്ല  കേരളത്തിലെ വികസനത്തിലേക്ക് കുതിക്കുന്ന എല്ലാ നഗരങ്ങളിലും ഈ സംഘം വേരുറപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം കോഴിക്കോട്ടും തൃശ്ശൂരും കൊല്ലത്തും എല്ലാം ഇതുപോലെയുള്ള ആശാസ്യമല്ലാത്ത  സംഭവങ്ങളുടെ വാർത്തകൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്.
മഹാത്മാ ന്യൂസ് കുറച്ചുനാൾ മുമ്പ് ഇത്തരത്തിലുള്ള അനുഭവങ്ങൾ സൂചിപ്പിച്ചുകൊണ്ട് ജനങ്ങൾക്ക് മുമ്പിൽ ഒരു വാർത്ത അവതരിപ്പിച്ചതാണ്  കേരളത്തിലെ പുതിയ തലമുറ നല്ലൊരു ശതമാനം വഴിതെറ്റി പോകുന്നു എന്നും ഇതിന് കാരണം യുവാക്കളുടെ പ്രത്യേകിച്ച് പ്രായപൂർത്തിയിൽ എത്തിയ പെൺകുട്ടികളുടെ മാതാപിതാക്കൾ കാണിക്കുന്ന അശ്രദ്ധയും അഴിച്ചു വിടലും ആണ് എന്ന് ആ റിപ്പോർട്ടിൽ ഞങ്ങൾ പറഞ്ഞിരുന്നു. പലതരത്തിൽ ആയി ഉണ്ടായിട്ടുള്ള കോടതിവിധികളും കേരളത്തിൽ പ്രത്യേകിച്ചും സമരം വരെ നടത്തുവാൻ തയ്യാറായ സ്ത്രീ പുരുഷ സമത്വ സംഘടനകളും അതുപോലെതന്നെ സ്ത്രീ ശാക്തീകരണ പ്രവർത്തനക്കാരും നിരന്തരമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി സ്ത്രീകൾക്ക് സമൂഹത്തിൽ വലിയ സ്വാതന്ത്ര്യം ഇപ്പോൾ അനുവദിച്ചു കിട്ടിയിട്ടുണ്ട്.  ഈ സ്വാതന്ത്ര്യം യുവതീ യുവാക്കൾ ദുരുപയോഗം ചെയ്യുന്നു എന്നത് ഒരു യാഥാർത്ഥ്യമായി മാറിയതിന്റെ അനുഭവങ്ങളാണ് കൊച്ചി നഗരത്തിൽ കഴിഞ്ഞ ആഴ്ച കണ്ട അവിഹിതർ ഗർഭങ്ങളുടെ അനുഭവങ്ങൾ.
കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കൊച്ചി നഗരത്തിൽ യുവതി യുവാക്കൾക്ക് വലിയ തോതിലുള്ള  തൊഴിൽ വർധന ഉണ്ടായി. കൊച്ചിയെ സംബന്ധിച്ചാണെങ്കിൽ കാക്കനാട് എന്ന സ്ഥലത്ത് ഉയർന്നു വന്നിട്ടുള്ള ഐടി കമ്പനികളും സ്മാർട്ട് സിറ്റിയും മറ്റ് സ്വകാര്യ പൊതുമേഖല സ്ഥാപനങ്ങളും ആയിരക്കണക്കിന് ഐടി ബിരുദധാരികളായ യുവതി യുവാക്കൾക്ക് തൊഴിൽ നൽകിയിട്ടുണ്ട്. വലിയ ശമ്പളവും പ്രവർത്തനസമയത്തിൽ കൃത്യമായ നിയന്ത്രണവും ഇല്ലാത്തതിനാൽ ഈ പ്രദേശത്തെ ജോലികൾക്ക് ചെറുപ്പക്കാർക്ക് വലിയ താല്പര്യമാണ്  ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയ ശമ്പളം കിട്ടുന്നത് കൊണ്ടുതന്നെ ജീവിതവും പതിവുകൾ വിട്ട്  ആഡംബരത്തിലേക്കും ആഘോഷത്തിലേക്കും മാറ്റുന്നതിന് ഈ ചെറുപ്പക്കാർ തയ്യാറാകുന്നു.
കൊച്ചി നഗരത്തിലെ ഇപ്പോഴത്തെ സ്ഥിതി യഥാർത്ഥത്തിൽ രാവും പകലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ജനം തിങ്ങിനിറഞ്ഞു ഒഴുകുന്ന  നിരത്തുകൾക്ക് സമീപത്തു തന്നെ യാതൊരു ലജ്ജയും ഇല്ലാതെ യുവതി യുവാക്കൾ കെട്ടിപ്പിടിച്ചു നിൽക്കുന്നതും ചുംബനം മത്സരം നടത്തുന്നതും ഇപ്പോൾ സ്ഥിരം കാഴ്ചയാണ്. പാതിരാത്രി കഴിയുമ്പോൾ പോലും ഇരുചക്രവാഹനങ്ങളിൽ ആണും പെണ്ണും കെട്ടിപ്പിടിച്ചിരുന്ന പാഞ്ഞു പോകുന്ന കാഴ്ചകൾ എല്ലായിടത്തും ഉണ്ട്.  ഇതെല്ലാം  തെറ്റാണ് എന്ന് അഭിപ്രായം കൊണ്ടല്ല സ്ത്രീകളെ സംബന്ധിച്ചിടത്തോളം കുറച്ചൊക്കെ നിയന്ത്രണം പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം തകരുന്ന സ്ഥിതി ഉണ്ടാകും അത്തരത്തിലുള്ള അനുഭവങ്ങളാണ് കഴിഞ്ഞ ആഴ്ച കൊച്ചിയിൽ ഉണ്ടായത്.
കൊച്ചിയിലെ സമ്പന്നർ താമസിക്കുന്ന പ്രദേശത്തെ ഒരു ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം കഴിഞ്ഞ വെറും 23 വയസ്സുള്ള യുവതിയാണ് മാതാപിതാക്കളെ പോലും മറച്ചു സ്വന്തം ഗർഭം ചുമന്നു അവസാനം സൂചിമുറിയിൽ പ്രസവിക്കേണ്ടിവന്ന ഗതികേട് ഉണ്ടായത്. ഇതുകൊണ്ട് തീർന്നില്ല ആരും കാണാതെ കൊണ്ട് നടന്ന ഗർഭം ഒടുവിൽ ഒരു കുഞ്ഞായി പുറത്തുവന്നപ്പോൾ എല്ലാത്തരത്തിലും ബോധം നഷ്ടപ്പെട്ട ആ യുവതി പെട്ടെന്നുണ്ടായ മാനസികാവസ്ഥ മൂലം സ്വന്തം കുഞ്ഞിനെ അഞ്ചാമത്തെ നിലയിൽ നിന്നും തെരുവിലേക്ക് വലിച്ചെറിഞ്ഞ അനുഭവം പുറത്തുവന്നപ്പോൾ ലോകം തന്നെ ഞെട്ടി തെറിച്ചു.  ഈ സംഭവം നടന്ന ശേഷം 24 മണിക്കൂറിനുള്ളിൽ കൊച്ചിയിൽ തന്നെ മറ്റൊരു അവിഹിത ഗർഭത്തിൻറെ വാർത്ത വന്നു  ഏതോ പ്രദേശത്തു നിന്നും കൊച്ചിയിൽ ജോലിക്ക് എത്തിയ ഒരു യുവതി അഞ്ചുപേർ ഒരുമിച്ചു താമസിക്കുന്ന മുറിയിൽ ആരും അറിയാതെ ഒമ്പത് മാസത്തോളം സ്വന്തം ഗർഭം മറച്ചുവെച്ചു. എന്നാൽ പ്രകൃതിയുടെ നിശ്ചയം ആർക്കും തള്ളിക്കളയാൻ ആകില്ല പ്രസവസമയം ആയപ്പോൾ ആ യുവതി കുളിമുറിയിൽ കയറി കുഞ്ഞിനെ പ്രസവിച്ചു പുറത്തറിയാതെ കൊണ്ട് നടന്ന ഗർഭം ആ യുവതിയുടെയും സമനില തെറ്റിച്ചു മുറിയിൽ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ കുളിമുറിയുടെ കതക് പൊളിച്ച് അകത്തു കടന്നപ്പോൾ ആണ് പ്രസവിച്ച കുട്ടിയുമായി യുവതി നിൽക്കുന്ന രംഗം കണ്ടത്.
ഒരു ദിവസം മാത്രം നീണ്ടുനിൽക്കുന്ന വാർത്തകളായി അവശേഷിക്കുകയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ എന്നത് നാം മറക്കരുത്.  കേരളത്തിലെ ഗ്രാമീണ പ്രദേശങ്ങളിൽ തനി നാട്ടിൻപുറത്തുകാര് ആയി ജനിച്ച ജീവിച്ച് പഠനം കഴിഞ്ഞ് നഗരങ്ങളിൽ വലിയ ശമ്പളത്തിൽ ജോലി കിട്ടി എത്തുന്ന യുവതി യുവാക്കളാണ് അതേവരെ കാണാത്ത നഗരജീവിതത്തിന്റെ ആഡംബരങ്ങളിലേക്ക് അറിയാതെ ചെന്നു വീഴുന്നത്. എന്തെല്ലാം അമ്പരപ്പിക്കുന്ന സംഭവങ്ങളുടെ വാർത്തകളാണ് നഗരങ്ങളിൽ പുറത്തുവരുന്നത്  പുതുതലമുറയിൽ 25 ശതമാനത്തിലധികം ആൾക്കാർ സ്ത്രീകളും പുരുഷന്മാരും അടക്കം ഏതെങ്കിലും തരത്തിലുള്ള ലഹരി സാധനങ്ങൾ ഉപയോഗിക്കുന്നവരാണ് എന്ന വാർത്തയും പുറത്തു വന്നിട്ടുണ്ട്. നഗരങ്ങളിൽ പ്രധാന ജംഗ്ഷനുകളിൽ പോലും പകൽ സമയങ്ങളിൽ യാതൊരു മടിയും കൂടാതെ സിഗരറ്റും കത്തിച്ച് ആഞ്ഞുവലിച്ചു നിൽക്കുന്ന യുവതികൾ അവരുടെ ചുണ്ടിൽ തേച്ചുപിടിപ്പിച്ച ലിപ്സ്റ്റിക്കിന്റെ നിറം മായുന്ന കാര്യം അവർ അറിയുന്നില്ല.
കേരളത്തിലെ നഗരങ്ങൾ കേന്ദ്രീകരിച്ചു വലിയ മാഫിയ ലഹരി സംഘങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഗുണ്ടാ സംഘങ്ങളും രംഗത്തുണ്ട്. കൊച്ചിയിലെ തന്നെ കഴിഞ്ഞയാഴ്ച ഉണ്ടായ അനുഭവങ്ങൾ ഇതിനൊക്കെ തെളിവാണ്. ലഹരിക്ക് പുറമെയാണ് അതിവിദഗ്ധമായി മോഷണം നടത്താൻ കഴിയുന്ന സംഘങ്ങളും വിലസുന്നത്  പ്രസിദ്ധ സംവിധായകനായ ജോഷിയുടെ വീട്ടിൽ കയറി ലക്ഷക്കണക്കിന് രൂപയുടെ സ്വർണവും മറ്റും തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസം നടന്നിരുന്നു. അതിനടുത്ത ദിവസം തന്നെ മറ്റൊരു വീട്ടിൽ നിന്നും സമാനമായി ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണം കട്ടെടുത്ത വാർത്തയും പുറത്തുവന്നു നഗര ഹൃദയത്തിലെ തെരുവീഥികളിൽ ഗുണ്ടാ സംഘങ്ങൾ അടക്കം വിലസുകയാണ് കടകൾ തല്ലിപ്പൊളിക്കുന്നു ബാറുകളിൽ അക്രമം നടത്തുന്നു ചില സംഭവങ്ങളെങ്കിലും പരസ്പരമുള്ള ഏറ്റുമുട്ടലിൽ കൊലപാതകങ്ങളിൽ എത്തിപ്പെടുന്നു.
ഇവിടെ ഈ വിഷയം ഒരിക്കൽ കൂടി ഞങ്ങൾ അവതരിപ്പിക്കുന്നത് കേരളത്തിലെ ശുദ്ധഗതിക്കാരായ മാതാപിതാക്കളെ ഉദ്ദേശിച്ചുകൊണ്ടാണ്. പെൺമക്കളെ കൂലിപ്പണി ചെയ്തു പഠിപ്പിച്ചു നല്ല ജോലിയും നല്ല ശമ്പളവും കിട്ടുന്ന സ്ഥിതിയിലേക്ക് എത്തിച്ചു ഭാവി സുരക്ഷിതമാക്കാൻ മോഹിക്കുക ഏത് മാതാപിതാക്കളുടെയും താല്പര്യമാണ്. വീടും നാടും വിട്ട് നഗരങ്ങളിൽ ചേക്കേറുന്ന സ്വന്തം പെൺമക്കൾ അറിഞ്ഞോ അറിയാതെയോ വഴിതെറ്റി പോവുകയും ജീവിതം തന്നെ നശിക്കുകയും ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന കാര്യം മാതാപിതാക്കൾ ഗൗരവത്തോടെ കാണണം. അന്യ സ്ഥലത്ത് നഗരത്തിൽ ആണെങ്കിലും സ്വന്തം പെൺമക്കളെ ഇടയ്ക്കിടെ നേരിട്ട് എത്തി കാണുവാനും കാര്യങ്ങൾ അന്വേഷിക്കുവാനും മാതാപിതാക്കൾ സമയം കണ്ടെത്തണം മാത്രവുമല്ല, പെൺകുട്ടികൾ കുറച്ചെങ്കിലും നിയന്ത്രണങ്ങൾ ഉള്ള ഹോസ്റ്റലുകളിലും അതുപോലുള്ള സ്ഥാപനങ്ങളിലും താമസിക്കുന്നതിന് തീരുമാനം എടുക്കണം. ഇത്രയും എങ്കിലും ശ്രദ്ധിക്കാൻ കഴിഞ്ഞാൽ സ്വന്തം പെൺമക്കൾ അവിഹിത ഗർഭം അടക്കമുള്ള ജീവിതം തകരുന്ന കുരുക്കളിൽ പെടാതെ രക്ഷപ്പെടാൻ സാഹചര്യം ഒരുങ്ങുന്നു എന്നാണ് ഞങ്ങൾ കരുതുന്നത്.