കേരളത്തിൽ രാഷ്ട്രീയ രംഗത്ത് എൽഡിഎഫ് യുഡിഎഫ് എന്നീ മുന്നണികൾ നൂറ്റാണ്ട് ആയി നിലനിൽക്കുന്നുണ്ട്. ഇവരാണ് മാറിമാറി കേരളത്തിൽ ഭരണത്തിൽ വരിക. ഇതിലെ യുഡിഎഫ് എന്ന കോൺഗ്രസ് നയിക്കുന്ന മുന്നണിരൂപീകരിക്കുന്നതിലും നിലനിർത്തി പോകുന്നതിലും മുഖ്യപങ്ക് വഹിച്ച ആളാണ് കെഎം മാണി. കെഎം മാണി മരണപ്പെട്ട ശേഷം ആണ് മകനായ ജോസ് കെ മാണി പാർട്ടി തലപ്പത്ത് എത്തുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണി നയിക്കുന്ന കേരള കോൺഗ്രസ് യുഡിഎഫ് വിട്ടു ഇടതുമുന്നണിയിലേക്ക് കാലു മാറി. എന്തോ നിസ്സാര കാരണങ്ങളുടെ പേരിൽ കാലുമാറ്റം നടത്തുകയാണ് ചെയ്തത്. ചെന്നുകയറിയ ഇടതുമുന്നണിയിലെ നേതാക്കളും ആ പാർട്ടിയും ആണ് കെ എം മാണി എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും ക്രൂരമായ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്തത് എന്ന കാര്യം സൗകര്യപൂർവ്വം മറന്നുകൊണ്ടാണ് ജോസ് കെ മാണിയും പാർട്ടിയും ഇടതുമുന്നണിയിലേക്ക് പോയത്. ഇടതുമുന്നണിയിൽ ചെന്ന് കഴിഞ്ഞാൽ മധ്യകേരളത്തിൽ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ വലിയ അംഗീകാരം ലഭിക്കുമെന്ന കണക്കുകൂട്ടൽ ആയിരുന്നു ജോസ് കെ മാണിക്കും ഒപ്പം നിന്നവർക്കും ഉണ്ടായിരുന്നത്. ഫലത്തിൽ അതൊന്നും ഉണ്ടായില്ല എന്നതാണ് സത്യം. മാത്രവുമല്ല തെരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ജോസ് കെ മാണി തോൽക്കുകയും ചെയ്തു. അര നൂറ്റാണ്ട് കാലത്തോളം ആ മണ്ഡലത്തെ സ്വന്തം കൈക്കുള്ളിൽ കൊണ്ട് നടന്ന മാണിയുടെ മകൻ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടപ്പോൾ ഇടതുമുന്നണി നേതാക്കൾ ജോസ് കെ മാണി എന്ന നേതാവിന്റെ ജനസ്വാധീനം എത്രയെന്ന് കണ്ടറിഞ്ഞു. അതുകൊണ്ടുതന്നെ കാര്യമായ പരിഗണന ഇടതുമുന്നണി പിന്നെ നൽകിയതും ഇല്ല.
ഇപ്പോൾ യുഡിഎഫ് കാലത്ത് കിട്ടിയ രാജ്യസഭാ അംഗത്വം കൊണ്ടുനടക്കുകയാണ് ജോസ് കെ മാണി . അതിന്റെ കാലാവധി ജൂൺ 25 ഓടെ തീരും. പുതിയ തെരഞ്ഞെടുപ്പിൽ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാൻ ഇടതുമുന്നണി ജോസ് കെ മാണിക്ക് അവസരം കൊടുക്കില്ല. മൂന്ന് രാജ്യസഭാ സീറ്റുകളാണ് കേരളത്തിൽ ഒഴിവ് വരുന്നത്. തെരഞ്ഞെടുപ്പിന്റെ സമ്പ്രദായം അനുസരിച്ച് മൂന്ന് സീറ്റിൽ തിരഞ്ഞെടുപ്പ് വന്നാൽ രണ്ടു സീറ്റ് ഭരണകക്ഷിക്ക് ലഭിക്കും. മൂന്നാമത്തെ സീറ്റ് പ്രതിപക്ഷത്തിന് പോവുകയും ചെയ്യും. ഈ രണ്ടു സീറ്റിൽ ഒരു സീറ്റ് എൽഡിഎഫിലെ ഒന്നാമത്തെ കക്ഷിയായ സി പി എമ്മിന് അവകാശപ്പെട്ടതാണ്. അത് അവർ വിട്ടുകൊടുക്കില്ല. ശേഷിക്കുന്ന ഒരു സീറ്റ് ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐയുടേത് ആണ്. അവരും അത് വിട്ടുകൊടുക്കില്ല. കാരണം നിലവിലെ സിപിഐ രാജ്യസഭാംഗമായ ബിനോയ് വിശ്വത്തിന്റെ ഒഴിവാണ് ഉണ്ടാകുന്നത്. ആ പദവി അവർക്ക് തന്നെ കൊടുക്കുകയല്ലാതെ ഇടതുമുന്നണി മറ്റൊന്നും ചെയ്യില്ല. മാത്രവുമല്ല ഇടതുമുന്നണിയിൽ സിപിഐ 17 നിയമസഭാ അംഗങ്ങൾ ഉള്ള പാർട്ടിയാണ്. ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന് ആകെയുള്ളത് 5 നിയമസഭാ അംഗങ്ങളാണ്.
രാജ്യസഭാ സീറ്റ് നൽകിയില്ലെങ്കിൽ പകരമായി മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ വഹിച്ചിരുന്ന ഭരണപരിഷ്കാര കമ്മീഷന്റെ ചെയർമാൻ പദവി ആണ് ജോസ് കെ മാണി ആഗ്രഹിക്കുന്നത്. ഈ പദവിയിൽ പുതിയതായി ആരെയും വയ്ക്കേണ്ടതില്ല എന്ന തീരുമാനം ഇടതുമുന്നണിയിൽ നേരത്തെ കൈകൊണ്ടിട്ടുള്ളതാണ്. അത് ഇനി ഭേദഗതി ചെയ്തു കേരള കോൺഗ്രസിന് കൊടുക്കാൻ തീരുമാനിച്ചാൽ ഇടതുമുന്നണിയിൽ ഭിന്നതകൾ ഉണ്ടാകും. മാത്രവുമല്ല സാമ്പത്തിക പ്രതിസന്ധിയുള്ള സർക്കാർ അനാവശ്യ ധൂർത്ത് നടത്തുവാൻ ശ്രമിക്കുന്നു എന്ന് പരാതിയും ഉണ്ടാകും. മാത്രവുമല്ല ജോസ് കെ മാണിക്ക് ഈ പദവി നൽകിയാൽ ഇടതുമുന്നണിയിൽ ഇപ്പോൾ തന്നെ രാജ്യസഭാ സീറ്റിന് അവകാശം ചോദിച്ചുകൊണ്ട് നിൽക്കുന്ന ജനതാദൾ, എൻ സി പി പാർട്ടികളും ഇടയുന്ന സ്ഥിതി ഉണ്ടാകും. ഇത്തരം ഒരു പ്രതിസന്ധിയെ വിളിച്ചു വരുത്താൻ മുഖ്യമന്ത്രി ഒട്ടും തയ്യാറാകില്ല എന്ന് തന്നെയാണ് കരുതുന്നത്.
ഇതാണ് സ്ഥിതിയെങ്കിൽ കേരള കോൺഗ്രസ് മാണി വിഭാഗം വല്ലാത്ത പ്രതിസന്ധിയിലേക്ക് കടക്കും. മധ്യകേരളത്തിലെ വലിയ രാഷ്ട്രീയ ശക്തി എന്നൊക്കെ സ്വയം അഭിമാനിക്കുന്ന ഈ കേരള കോൺഗ്രസിൻറെ അടിത്തറ ഇളകുന്ന സ്ഥിതിയായിരിക്കും ഉണ്ടാവുക. പാർട്ടി ചെയർമാൻ സമൂഹത്തിനുമുന്നിൽ ഒരു പദവിയും ഇല്ലാത്ത ബിഗ് സീറോ ആയി മാറുക എന്നത് പാർട്ടിക്ക് താങ്ങാൻ കഴിയാവുന്ന കാര്യമല്ല. ഇതിന് എന്താണ് പരിഹാരം എന്നത് ആലോചിച്ചു കൊണ്ടിരിക്കുകയാണ് ജോസ് കെ മാണി അടക്കമുള്ള മുതിർന്ന നേതാക്കൾ. നാണംകെട്ട് ആയാലും യുഡിഎഫിലേക്ക് തിരികെ പോയി മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും തിരിച്ചടി നൽകണം എന്ന വാദിക്കുന്ന ചില സീനിയർ നേതാക്കൾ ഉണ്ട്. എന്നാൽ ഈ നിലപാട് പരസ്യമാക്കിയാൽ ഇപ്പോഴും ജോസ് കെ മാണിയോട് ഇഷ്ടക്കേടുള്ള കോൺഗ്രസിന്റെ സീനിയർ നേതാക്കൾ പാരയുമായി രംഗത്തുവരും എന്ന ഭയപ്പാടും നേതാക്കൾക്ക് ഉണ്ട്]. അതുകൊണ്ടുതന്നെ രണ്ടും കെട്ട സ്ഥിതിയിലാണ് ഇപ്പോൾ ജോസ് കെ മാണിയും ആ പാർട്ടിയുടെ മുതിർന്ന നേതാക്കളും എത്തിയിരിക്കുന്നത് എന്നതാണ് വാസ്തവം.