വരുന്നൂ ഒരു അവിയൽ കേരള കോൺഗ്രസ്…..

തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പരസ്യനീക്കം....

പുതിയ പാർട്ടികൾ ജനിക്കുകയും ജനിച്ചവ മരിക്കുകയും ചെയ്തു ചരിത്രമെഴുതിയ സംസ്ഥാനമാണ് നമ്മുടെ കേരളം … രാഷ്ട്രീയപ്പാർട്ടികളിൽ നേതാക്കന്മാർ തമ്മിൽ ഭിന്നത ഉണ്ടാകുമ്പോൾ പിളർപ്പിലേക്ക് എത്തുകയും രണ്ടു പാർട്ടികളായി മാറുകയും ചെയ്യുന്ന നിരവധി അനുഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട് …ഇത്തരത്തിലുള്ള പിളർപ്പൻ അഭ്യാസങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയാണ് കേരള കോൺഗ്രസ്… കോൺഗ്രസ് പാർട്ടിയിൽ നിന്നും പണ്ട് അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ രാജിവച്ചു പുതിയതായി രൂപീകരിച്ച പാർട്ടിയായിരുന്നു കേരള കോൺഗ്രസ്…. കെ എം മണി, കെ എം ജോർജ്, ബാലകൃഷ്ണമുള്ള തുടങ്ങിയവരൊക്കെ ആയിരുന്നു ഒറിജിനൽ കേരള കോൺഗ്രസിൻറെ സ്ഥാപകർ …അങ്ങനെയുള്ള കേരള കോൺഗ്രസ് പല അവസരങ്ങളിലായി പിളർന്ന് പിളർന്ന് ഇപ്പോൾ അരഡസനോളം കേരള കോൺഗ്രസുകളായി മാറിയിട്ടുണ്ട്… ഇവയെല്ലാം ചില നേതാക്കൾ പോക്കറ്റിൽ ഇട്ടുകൊണ്ട് നടക്കുന്ന പാർട്ടികളായി നിലനിൽക്കുകയാണ്

ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ഇതിൻറെ ഫലം പുറത്തുവന്നാൽ നിലവിൽ ശക്തമായി പ്രവർത്തിക്കുന്ന മാണി ഗ്രൂപ്പ് കേരള കോൺഗ്രസിലും ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിലും പൊട്ടിത്തെറികൾ ഉണ്ടാകും എന്നാണ് അറിയുന്നത്…. ഏതു മുന്നണി വിജയത്തിലെത്തിയാലും കേരള കോൺഗ്രസുകളെ സംബന്ധിച്ചിടത്തോളം പൊട്ടിത്തെറികൾക്കുള്ള സാധ്യത നിലനിൽക്കുകയാണ്… രണ്ട് കേരള കോൺഗ്രസിലെയും മുതിർന്ന ചില നേതാക്കൾ പാർട്ടി ചെയർമാൻമാരുടെ ഏകാധിപത്യ പ്രവർത്തനങ്ങളിൽ നിരാശരാണ്… തങ്ങൾക്ക് പാർട്ടിയിൽ അർഹമായ പ്രാധാന്യം കിട്ടുന്നില്ല എന്ന പരാതിയാണ് മുഖ്യമായി ഈ നേതാക്കൾക്ക് ഉള്ളത്… മാണി ഗ്രൂപ്പ് കേരള കോൺഗ്രസിനെ നയിക്കുന്നത് കെഎം മാണിയുടെ മകൻ ജോസ് കെ മണി ആണ്… ജോസഫ് ഗ്രൂപ്പിനെ നയിക്കുന്നത് പി.ജെ ജോസഫും ആണ്… ഈ രണ്ടു നേതാക്കളും ഇടത്തും വലത്തും ചില നേതാക്കളെ കൂട്ടിനു നിർത്തി മറ്റു നേതാക്കളെ ഒതുക്കുകയാണ് എന്ന പരാതിയാണ് സീനിയർ നേതാക്കൾ അടക്കമുള്ളവർക്ക് ഉള്ളത്… രണ്ടു പാർട്ടിയിലെയും ഇത്തരത്തിൽ മാനസികമായി അകൽച്ചയുള്ള നേതാക്കൾ കോട്ടയത്ത് രഹസ്യ യോഗം ചേർന്നതായി അറിയുന്നുണ്ട്

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ രണ്ടുദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ ആണ് കോട്ടയത്ത് കേരള കോൺഗ്രസുകളുടെ ചില നേതാക്കൾ രഹസ്യ യോഗം ചേർന്നത്… തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇടതുപക്ഷ മുന്നണിക്ക് കാര്യമായ ക്ഷീണം ഉണ്ടാകുന്നെങ്കിൽ മുന്നണി ബന്ധം ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെടുന്ന പല സീനിയർ നേതാക്കളും ഉണ്ട്… എന്നാൽ ഇപ്പോഴും ഒരു സാധ്യതയും ഇല്ലെങ്കിലും ഒഴിവരുന്ന രാജ്യസഭാ സീറ്റ് അതല്ലെങ്കിൽ ക്യാബിനറ്റ് റാങ്കുള്ള ഏതെങ്കിലും പദവി ഉറപ്പ് എന്ന് വിശ്വസിച്ചു നടക്കുകയാണ് ജോസ് കെ. മാണി… എന്നാൽ ഫലം പുറത്തുവന്നു കഴിയുമ്പോൾ മാണി കേരള കോൺഗ്രസിനോട് കാര്യമായ താൽപര്യം കാണിക്കണ്ട എന്ന വിലയിരുത്തലാണ് സിപിമ്മിന് ഉള്ളത്… ഇതിന് മുഖ്യമായി പറയുന്ന കാരണം… കോട്ടയം സീറ്റിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച തോമസ് ചാഴിക്കാടന് പരാജയം ഉണ്ടായാൽ കേരള കോൺഗ്രസിൻറെ ശക്തിയില്ലായ്മയാണ് ഇതിന് കാരണം എന്ന് സിപിഎം വിലയിരുത്തും… അടിത്തറ ഇളകിയ ഒരു പാർട്ടിയുടെ നേതാക്കൾക്ക് പുതിയ സ്ഥാനങ്ങൾ നൽകുന്നതിൽ ഇടതുമുന്നണിയിലും ഘടകകക്ഷികൾ യോജിപ്പ് കാണിക്കാൻ സാധ്യതയൂമില്ല

മറുവശത്ത് കോൺഗ്രസ് നയിക്കുന്ന യുഡിഎഫിന് തെരഞ്ഞെടുപ്പ് ഫലം ക്ഷീണം ഉണ്ടാക്കിയാൽ മുന്നണിയിൽ തുടരേണ്ടതില്ല എന്ന അഭിപ്രായക്കാരായി ജോസഫ് കേരള കോൺഗ്രസിലും നിരവധിപേർ ഉണ്ട്… തോൽവിക്ക് ശേഷവും കോൺഗ്രസിനെയും യുഡിഎഫിനെയും ചുമന്ന് നടക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത് എന്നും യുഡിഎഫിൽ ചേർന്നു നിൽക്കുന്നതുകൊണ്ട് ഭാവിയിൽ പാർട്ടിക്കും നേതാക്കൾക്കും എന്തു ഗുണമാണ് ഉണ്ടാവുക എന്നാണ് വിമർശകരായ സീനിയർ നേതാക്കൾ പി.ജെ ജോസഫിനോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നത്

ഇത്തരം ഒരു അരക്ഷിതമായ ഭാവി രാഷ്ട്രീയം കണ്ടുകൊണ്ടാണ് രണ്ട് പാർട്ടികളിലെയും സീനിയർ ആയ നേതാക്കൾ കോട്ടയത്ത് രഹസ്യയോഗം ചേർന്നത്… രണ്ടു പാർട്ടികളെയും നേതാക്കൾ മുന്നണി മാറ്റത്തിന്റെ കാര്യത്തിൽ ആശങ്ക ഉള്ളവരാണ്…. അതുകൊണ്ടുതന്നെ ഈ യോഗത്തിൽ അവസാനഘട്ടത്തിൽ നേതാക്കൾ എത്തിച്ചേർന്നുള്ള തീരുമാനം രണ്ടു പാർട്ടിയിലെയും അതൃപ്തരായ നേതാക്കളുടെ വിപുലമായ യോഗം ഫലപ്രഖ്യാപനത്തിനുശേഷം വിളിച്ചു കൂട്ടണം എന്നാണ്… സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉള്ള രണ്ട് പാർട്ടികളിലും പെട്ട അസംതൃപ്തരായ നേതാക്കളെ ക്ഷണിച്ചുകൊണ്ട് കോട്ടയത്ത് പരസ്യമായിത്തന്നെ യോഗം നടത്തുക എന്ന തീരുമാനമാണ് ഇവർ കൈകൊണ്ടിരിക്കുന്നത്… യോഗത്തിൽ വരുന്ന അഭിപ്രായങ്ങൾ അനുസരിച്ച് ഭാവിയിലേക്കുള്ള നടപടിയെടുക്കുക എന്നാണ് തീരുമാനം… എങ്കിലും മുന്നണികൾ മാറി നിലവിലെ മാണി, ജോസഫ് പാർട്ടികളിൽ നിൽക്കുന്നതിനേക്കാൾ ഭേദം രണ്ടു പാർട്ടികളിലെയും ശക്തരായ നേതാക്കളും പ്രവർത്തകരും യോജിക്കാൻ തയ്യാറാകുന്നു എങ്കിൽ പുതിയ ഒരു കേരള കോൺഗ്രസ് രൂപീകരിക്കുകയും അതിൻറെ പ്രവർത്തനം ശക്തിപ്പെടുത്തുകയും ചെയ്തശേഷം ഭാവി സംബന്ധിച്ച നിലപാട് കൈക്കൊള്ളുക എന്ന ഒരു ധാരണയിലാണ് ഈ യോഗം അവസാനം എത്തിച്ചേർന്നത് എന്നാണ് അറിയുന്നത്…. ഏത് രീതിയിൽ കാര്യങ്ങൾ നീങ്ങിയാലും ഒരു കാര്യം ഉറപ്പാണ്…. കേരളത്തിൻറെ അക്ഷരനഗരമായ കോട്ടയം ആസ്ഥാനമാക്കി പുതിയ ഒരു കേരള കോൺഗ്രസ് പിറവിയെടുക്കുന്നതിനുള്ള ഗർഭം ഉണ്ടായിരിക്കുന്നു എന്നതാണ് വാസ്തവം