പൊളിഞ്ഞു പാളീസായ ലോകകേരള സഭ…..

കോടികൾ ചെലവഴിച്ച പരിപാടി എന്തു നേടി.....

ടതുപക്ഷ സർക്കാർ വലിയ ആവേശത്തോടെ കൊട്ടിഘോഷിച്ചു കൊണ്ട് ആരംഭിച്ച ഒരു പരിപാടിയാണ് ലോക കേരള സഭ…. പ്രവാസികളായ മലയാളികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ലോക കേരളസഭയുടെ നാലാമത് സമ്മേളനമാണ് തിരുവനന്തപുരത്ത് നടന്നത്… ഇതിനു മുൻപ് ലോകകേരള സഭ വിദേശത്തുവെച്ച് നടത്തിയിരുന്നു… ഇപ്പോൾ നടന്ന ലോകകേരള സഭയിൽ പ്രവാസികളായ പ്രമുഖരുടെ പങ്കാളിത്തമില്ലാത്തതു തന്നെ പരിപാടിയുടെ വലിപ്പം കുറയ്ക്കുന്ന സാഹചര്യമുണ്ടായി… മാത്രവുമല്ല ഇതിന് മുമ്പ് നടന്ന ലോക കേരള സഭയുടെ പരിപാടികളും തീരുമാനങ്ങളും എത്ര കണ്ട് നടപ്പിൽ വന്നു എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നതാണ്…. ഈ വർഷത്തെ ലോക കേരള സഭയുടെ പ്രാധാന്യം ഇല്ലാത്തതാക്കി മാറ്റിയത്,, കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടപ്പിൽ വരുത്തിയ നാലാം ലോക കേരളസഭയിൽ ആകെ നടന്നത് കുവൈറ്റിൽ അഗ്നിബാധയിൽ മരണമടഞ്ഞ മലയാളികൾക്ക് അനുശോചനം രേഖപ്പെടുത്തി എന്നത് മാത്രമാണ്…പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വെച്ചാണ് എല്ലാ ലോക കേരള സഭകളും ചേർന്നിട്ടുള്ളത്… ഇത്തവണ നടന്ന പരിപാടിയും അതേ തരത്തിൽ മോഡിയോടെയാണ് നടപ്പിൽ വരുത്തിയത്.. എന്നാൽ ഈ സമ്മേളനത്തിൽ പ്രമുഖരായ പല പ്രവാസികളും പങ്കെടുത്തില്ല എന്നത് പരിപാടിയുടെ പ്രാധാന്യം ഇല്ലാതെയാക്കി…. കേരളത്തിലെ ശതകോടീശ്വരനായ പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലി പോലും സമ്മേളനത്തിൽ പങ്കെടുത്തില്ല… അദ്ദേഹം വെറും വ്യവസായി മാത്രമല്ല പ്രവാസി കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സംസ്ഥാന സർക്കാരിൻറെ സ്ഥാപനമായ നോർക്ക റൂട്ട്സിൻ്റെ വൈസ് ചെയർമാൻ കൂടിയാണ്… യൂസഫലിയുടെ അസാന്നിധ്യം വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു….

മുൻകാലങ്ങളിൽ നടന്ന ലോക കേരള സഭകളിൽ പ്രമുഖരും സാമ്പത്തികമായി കോടീശ്വരന്മാരായി മാറിയവരുമായ പ്രവാസി മലയാളികൾ താല്പര്യത്തോടെ പങ്കെടുത്തിട്ടുള്ളതാണ്… ഈ സമ്മേളനങ്ങളിൽ പ്രവാസി മലയാളികളിൽ നിന്നും കേരളത്തിൽ മുതലിറക്കുന്നതിനും വ്യവസായങ്ങൾ ആരംഭിക്കുന്നതിനുമുള്ള അഭ്യർത്ഥന മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നോട്ടുവയ്ക്കുക പതിവാണ്…. ഇത്തരത്തിലുള്ള സർക്കാരിൻറെ അഭ്യർത്ഥനകളെ വൻകിടക്കാരായ പ്രവാസി മലയാളികൾ താല്പര്യത്തോടെ സ്വീകരിച്ചതുമാണ്… എന്നാൽ ഈ തരത്തിൽ കേരളത്തിൽ വ്യവസായങ്ങൾക്ക് മുതലിറക്കാൻ തയ്യാറായ പ്രവാസികൾക്ക് സർക്കാർ തലത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഉണ്ടായ മോശം അനുഭവങ്ങൾ മൂലം പലരും കേരളത്തിൽ നിന്നും മാറുന്ന സ്ഥിതി ഉണ്ടായി എന്നതാണ് വാസ്തവം… പ്രവാസികളിൽ ചിലർ കേരളത്തിലെത്തി സ്വന്തമായി തുടങ്ങിയ സ്ഥാപനങ്ങൾ പൂട്ടിക്കുന്നതിനും തടസ്സം ഉണ്ടാക്കുന്നതിനും സർക്കാരിനെ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാർട്ടിയായ സിപിഎമ്മിന്റെ പ്രവർത്തകർ വരെ തയ്യാറായപ്പോൾ മനസ്സുമടുത്ത സ്ഥിതി പ്രവാസി വ്യവസായികൾക്ക് ഉണ്ടായി എന്നതാണ് വാസ്തവം…

പതിവുപോലെ കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്നും ചിലവാക്കിക്കൊണ്ട് തിരുവനന്തപുരത്ത് നടത്തിയ നാലാമത് ലോക കേരള സഭയുടെ അവസാനം,, എന്ത് ഫലം ഇതുകൊണ്ടുണ്ടായി എന്നത് അവശേഷിക്കുന്ന ചോദ്യമായി മാറുകയാണ്… ലോക കേരള സഭയുടെ ഉദ്ഘാടന നാളിന് തലേന്നാളാണ് കുവൈറ്റിൽ വൻ അഗ്നിബാധയിൽ നിരവധി മലയാളികൾ മരണപ്പെട്ട സാഹചര്യമുണ്ടായത്…. ലോക കേരള സഭയിൽ ആകെ നടന്നത് ഇത്തരത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തലും അവരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കുമുള്ള ചില സഹായ വാഗ്ദാനങ്ങളും മാത്രമാണ് എന്നതാണ് വാസ്തവം…. ലോക കേരള സഭ നടന്നുകൊണ്ടിരുന്നതിനാൽ ഇതിൽ പങ്കെടുക്കാൻ എത്തിയ അമേരിക്കയിലെ ഫൊക്കാന എന്ന മലയാളി സംഘടന മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയുണ്ടായി… മറ്റൊരു വിദേശി വ്യവസായിയായ കെ ജെ മേനോൻ,, രണ്ടു ലക്ഷം രൂപാ വീതം ഈ സമ്മേളനത്തിൽ വച്ച് സഹായം പ്രഖ്യാപിച്ചു… ഇതുകൂടാതെ പ്രമുഖ പ്രവാസി മലയാളികളായ യൂസഫലി, രവി പിള്ള തുടങ്ങിയവർ സഹായം നൽകും എന്നത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകുകയും, ലോകകേരള സഭയിൽ വായിക്കുകയും ചെയ്തു… മറ്റു ചില വിദേശ മലയാളി സംഘടനകളും മരണപ്പെട്ട ആൾക്കാരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് വാഗ്ദാനവുമായി രംഗത്ത് വന്നിട്ടുണ്ട്…നടന്ന കാര്യങ്ങളെല്ലാം പരിശോധിച്ചു നോക്കിയാൽ ലോകകേരള സഭ കൊണ്ട് ആകെ ഉണ്ടായ നേട്ടം കുവൈറ്റ് ദുരന്തത്തിലെ സഹായ പദ്ധതികളുടെ വ്യക്തിപരമായ പ്രഖ്യാപനങ്ങളും മറ്റും മാത്രമായിരുന്നു… സർക്കാർ ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ട് ഇത്തരത്തിൽ ഒരു ആഡംബര സമ്മേളനം ഇനിയും നടത്തേണ്ടതുണ്ടോ എന്ന കാര്യം സർക്കാർ തന്നെ ആലോചിക്കേണ്ടതാണ്…. ഈ വർഷം നടന്നത് നാലാമത് ലോക കേരള സഭയാണ്… ഈ സഭ കൂടി പിരിഞ്ഞു കഴിയുമ്പോൾ ഈ നാല് ലോക കേരള സഭകളിലും ഉണ്ടായ തീരുമാനങ്ങളും അവയിൽ എത്ര തീരുമാനങ്ങൾ നടപ്പിൽ വരുത്താൻ കഴിഞ്ഞു എന്നതും പരിശോധിക്കണം… ഈ പരിശോധനയിൽ തൃപ്തികരമായ അവസ്ഥയും സാഹചര്യവും ഉണ്ടായിട്ടില്ല എങ്കിൽ പൊതുജനങ്ങളുടെ പണം ചെലവഴിച്ച് ഇനിയും ലോക കേരള സഭ എന്ന മാമാങ്കം നടത്തേണ്ടതുണ്ടോ എന്ന കാര്യം കൂടി സർക്കാർ ആലോചിക്കണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്…